Published: October 24, 2025 03:17 PM IST
1 minute Read
ന്യൂഡൽഹി ∙ മുൻ ഭാര്യ ധനശ്രീ വർമയ്ക്കെതിരെ വീണ്ടും പരോക്ഷ വിമർശനവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചെഹൽ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിലാണ് താരത്തിന്റെ പരിഹാസം. സ്റ്റോറി പിന്നീട് ഡിലീറ്റ് ചെയ്തു. ‘സാമ്പത്തികമായി സ്വതന്ത്രരായ ഭാര്യമാർക്ക് അവരുടെ ഭർത്താക്കന്മാരിൽ നിന്ന് ജീവനാംശം ആവശ്യപ്പെടാൻ കഴിയില്ല’ എന്ന ഡൽഹി ഹൈക്കോടതി വിധി പങ്കുവച്ചുകൊണ്ടാണ് ചെഹലിന്റെ കുറിപ്പ്. ‘‘ഈ തീരുമാനത്തിൽനിന്നു പിന്നോട്ടു പോകില്ലെന്ന് അമ്മയെ തൊട്ടു സത്യം ചെയ്യൂ’’ എന്നു ചിരി ഇമോജി സഹിതം ചെഹൽ കുറിച്ചു.
പോസ്റ്റ് ഇപ്പോൾ അപ്രത്യക്ഷമായെങ്കിലും, ഇൻസ്റ്റാഗ്രാം സ്റ്റോറിയുടെ സ്ക്രീൻഷോട്ടുകൾ എടുക്കാൻ ചെഹൽ ആരാധകർക്ക് മതിയായ സമയം നൽകി. ആരാധകർ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പോസ്റ്റ് പങ്കുവയ്ക്കുകയും മിനിറ്റുകൾക്കുള്ളിൽ വൈറലാകുകയും ചെയ്തു. ധനശ്രീയെ നേരിട്ടു പരാമർശിക്കുന്നില്ലെങ്കിലും അവരെ ഉദ്ദേശിച്ചു തന്നെയാണ് താരത്തിന്റെ പോസ്റ്റെന്നാണ് ആരാധകരുടെ കണ്ടെത്തൽ. വിവാഹമോചനത്തിനു ശേഷം ഇങ്ങനെ പരസ്പരം ചെളിവാരി എറിയൽ തുടരുന്നതിന് ചിലർ വിമർശനം ഉന്നയിച്ചപ്പോൾ മറ്റു ചിലർ പിന്തുണച്ചു.
2020 ഡിസംബറിൽ ഗുരുഗ്രാമിൽ വച്ചാണ് യുസ്വേന്ദ്ര ചെഹലും ധനശ്രീ വർമയും വിവാഹിതരായത്. കോവിഡ് ലോക്ഡൗൺ സമയത്ത്, ധനശ്രീയുടെ ഓൺലൈൻ നൃത്ത ക്ലാസുകളിൽ ചേർന്നതിനു പിന്നാലെയാണ് ഇരുവരും പ്രണയത്തിലായത്. 2022 മുതൽ ഇവർ വേർപിരിഞ്ഞാണ് താമസിക്കുന്നത്. 2025 ഫെബ്രുവരിയിൽ ദമ്പതികൾ കുടുംബ കോടതിയിൽ വിവാഹമോചനത്തിനായി സംയുക്ത ഹർജി ഫയൽ ചെയ്തു. 2025 ഐപിഎൽ സീസണിന് മുൻപ് വിവാഹമോചിതരായി. ഇതിന്റെ ഭാഗമായി ധനശ്രീക്ക് 4.75 കോടി രൂപ ചെഹൽ ജീവനാംശമായി നൽകിയെന്നാണ് റിപ്പോർട്ട്.
English Summary:








English (US) ·