Published: October 27, 2025 08:53 AM IST
1 minute Read
ടീം കോംബിനേഷനിൽ ഉൾപ്പെടെ ഒട്ടേറെ ചോദ്യങ്ങൾ ബാക്കിവച്ചാണ് ഓസ്ട്രേലിയയിലെ ഏകദിന പരമ്പര ഇന്ത്യൻ ക്രിക്കറ്റ് ടീം അവസാനിപ്പിച്ചത്. ഏകദിന ലോകകപ്പ് സ്വന്തമാക്കുകയെന്ന ദൗത്യത്തിലേക്കുള്ള ആദ്യപടിയെന്നായിരുന്നു പരമ്പരയെക്കുറിച്ചു പരിശീലകൻ ഗൗതം ഗംഭീർ വിശേഷിപ്പിച്ചത്. എന്നാൽ, ആദ്യ 2 മത്സരങ്ങളും തോറ്റ ഇന്ത്യ 2–1ന് പരമ്പര അടിയറവു വച്ചു. 2027 ഒക്ടോബറിൽ ദക്ഷിണാഫ്രിക്കയിലും സിംബാബ്‌വെയിലുമായി നടക്കുന്ന ഏകദിന ലോകകപ്പിന് ഒരുങ്ങാൻ സമയമുണ്ടെങ്കിലും ഇക്കാലയളവിൽ ആകെ 21 ഏകദിന മത്സരങ്ങൾ മാത്രമാണ് ടീം ഇന്ത്യ കളിക്കുന്നത്. പരീക്ഷിച്ചു കളയാൻ ഗംഭീറിനും ടീമിനും മുന്നിൽ സമയമില്ലെന്നർഥം.
സീനിയർ സന്തോഷംവിരാട് കോലി, രോഹിത് ശർമ എന്നീ സീനിയർ താരങ്ങളുടെ ടീമിലേക്കുള്ള തിരിച്ചുവരവായിരുന്നു ഓസ്ട്രേലിയൻ പരമ്പരയിലെ ഹൈലൈറ്റ്. എന്നാൽ, ആദ്യ മത്സരത്തിൽ ഇരുവരും നിരാശപ്പെടുത്തി. രണ്ടാം മത്സരത്തിൽ രോഹിത് അർധ സെഞ്ചറി നേടിയപ്പോൾ കോലി തുടർച്ചയായി രണ്ടാം തവണയും പൂജ്യത്തിനു പുറത്തായി.
മൂന്നാം മത്സരത്തിൽ സെഞ്ചറി നേടിയ രോഹിത് പ്ലെയർ ഓഫ് ദ് മാച്ച്, പ്ലെയർ ഓഫ് ദ് സീരീസ് പുരസ്കാരങ്ങൾ നേടിയപ്പോൾ അർധ സെഞ്ചറിയുമായി കോലി ഉറച്ച പിന്തുണ നൽകി. ഇരുവരും അടുത്ത ലോകകപ്പിന് ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തത ഇല്ലെങ്കിലും സീനിയേഴ്സ് ഫോം കണ്ടെത്തിയത് ടീമിന് ശുഭസൂചനയാണ്.
ക്ലിക്കാകാതെ ക്യാപ്റ്റൻക്യാപ്റ്റൻസി ഏറ്റെടുത്ത ശേഷം നടന്ന രണ്ട് ടെസ്റ്റ് പരമ്പരകളിലും ബാറ്റിങ്ങിൽ തിളങ്ങിയ ശുഭ്മൻ ഗില്ലിന് പക്ഷേ, ഏകദിന ക്യാപ്റ്റൻസിയിൽ അടിതെറ്റി. പരമ്പര തോൽവിക്കു പുറമേ ബാറ്റിങ്ങിലും ഓസ്ട്രേലിയയിൽ ഗിൽ നിരാശപ്പെടുത്തി. 3 മത്സരങ്ങളിൽ നിന്ന് 14.33 ശരാശരിയിൽ 43 റൺസാണ് ഇന്ത്യൻ ക്യാപ്റ്റന്റെ നേട്ടം. ക്യാപ്റ്റൻസി സമ്മർദം ഗില്ലിനെ ബാധിച്ചതായി ആരോപണങ്ങളും ഉയർന്നുതുടങ്ങി.
ബോളിങ് ബാധ്യതസീനിയർ പേസർ ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം നൽകിയാണ് ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യ ഇറങ്ങിയത്. ബുമ്രയുടെ അഭാവത്തിൽ ടീമിന്റെ പേസ് നിര എത്രകണ്ട് ദുർബലമാണെന്ന് ഓസ്ട്രേലിയ കാണിച്ചുതന്നു. അവസാന ഏകദിനത്തിൽ തിളങ്ങിയ യുവ പേസർ ഹർഷിത് റാണയെ മാറ്റിനിർത്തിയാൽ പേസ് ബോളേഴ്സിനെ നന്നായി തുണയ്ക്കുന്ന ഓസ്ട്രേലിയൻ പിച്ചുകളിൽ പോലും ഇന്ത്യൻ ബോളിങ് നിരയ്ക്ക് അടിതെറ്റി.
English Summary:








English (US) ·