ഇനി പാക്കിസ്ഥാനിൽ തുടരാൻ സാധിക്കില്ല, രാജ്യം വിടണമെന്ന ആവശ്യമുയർത്തി ഇംഗ്ലണ്ട് താരങ്ങൾ; പിസിബി സമ്മർദത്തിൽ

8 months ago 9

ഓൺലൈൻ ഡെസ്ക്

Published: May 08 , 2025 12:14 PM IST

1 minute Read

 FAROOQ NAEEM/AFP
മുൾട്ടാൻ സുൽത്താൻസ് താരങ്ങളായ ക്രിസ് ജോർദാനും ഡേവിഡ് വില്ലിയും. Photo: FAROOQ NAEEM/AFP

ലഹോർ∙ പാക്കിസ്ഥാനിലെ ഭീകരതാവളങ്ങൾ ഇന്ത്യൻ സൈന്യം തകർത്ത ‘ഓപ്പറേഷൻ സിന്ദൂറിനു’ പിന്നാലെ രാജ്യം വിടണമെന്ന ആവശ്യമുന്നയിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങൾ. മുൾട്ടാൻ സുൽത്താൻസ് ടീമിന്റെ താരങ്ങളായ ഡേവിഡ് വില്ലി, ക്രിസ് ജോർദാന്‍ എന്നീ താരങ്ങളാണ് എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന ആവശ്യം ഫ്രാഞ്ചൈസിയെ അറിയിച്ചത്. പാക്ക് സൂപ്പർ ലീഗിൽനിന്ന് ടീം പുറത്തായി. അതുകൊണ്ട് ഇനി കളിക്കാൻ താല്‍പര്യമില്ലെന്ന് രണ്ടു താരങ്ങളും നിലപാടെടുത്തതായി ഒരു പാക്ക് മാധ്യമം റിപ്പോർട്ട് ചെയ്തു. മുൾട്ടാൻ സുൽത്താൻസിന് ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്.

ഇന്ത്യയുടെ മിന്നലാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനിലുള്ള ഇംഗ്ലണ്ട് താരങ്ങളെയെല്ലാം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ബന്ധപ്പെട്ടിരുന്നു. താരങ്ങളോടു നാട്ടിലേക്കു തിരിച്ചുപോകാൻ ഇംഗ്ലണ്ട് ബോർഡ് ആവശ്യപ്പെട്ടിട്ടില്ല. ഏഴ് ഇംഗ്ലിഷ് താരങ്ങളാണ് പാക്ക് സൂപ്പർ ലീഗ് കളിക്കാനായി പാക്കിസ്ഥാനിലുള്ളത്. സാം ബില്ലിങ്സ്, ജെയിംസ് വിൻസ്, ടോം കറൻ, ഡേവിഡ് വില്ലി, ക്രിസ് ജോർദാൻ, ടോം കോലർ കാഡ്മോർ, ലൂക്ക് വുഡ് എന്നിവരാണ് വിവിധ ഫ്രാഞ്ചൈസികൾക്കൊപ്പമുള്ളത്.

താരങ്ങളെ മടക്കി അയക്കാൻ പാക്ക് ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചാൽ തന്നെ നിലവിൽ അതിനു വഴികളില്ലെന്നതാണു സത്യം. ഇന്ത്യയുടെ മിസൈലാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാന്‍ എയര്‍ സ്പേസ് 48 മണിക്കൂർ നേരത്തേക്ക് അടച്ചിരിക്കുകയാണ്. പാക്കിസ്ഥാനിലെ വിമാന സർവീസുകൾ നിർത്തിവച്ചു. ഇന്ത്യയുടെ സൈനിക നീക്കത്തിൽ പാക്കിസ്ഥാനിലുള്ള വിദേശ ക്രിക്കറ്റ് താരങ്ങൾക്ക് ആശങ്കയുണ്ടെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. 

അതേസമയം പാക്കിസ്ഥാൻ സൂപ്പർ ലീഗ് നിർത്തിവയ്ക്കേണ്ടതില്ലെന്നാണ് പാക്ക് ക്രിക്കറ്റ് ബോർഡിന്റെ നിലപാട്. ഗ്രൂപ്പ് മത്സരങ്ങൾ അവസാന ഘട്ടത്തിലായതിനാൽ പ്ലേ ഓഫും ഫൈനലും തീരുമാനിച്ച തീയതികളിൽ തന്നെ നടക്കുമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. പാക്കിസ്ഥാൻ വിടണമെന്ന് വിദേശ താരങ്ങളാരും ആവശ്യമുന്നയിച്ചിട്ടില്ലെന്നും പാക്ക് ബോർഡ് നിലപാടെടുത്തു.

English Summary:

Two England Stars Express Wish To Leave PSL Amid India-Pakistan Conflict

Read Entire Article