Published: December 18, 2025 04:58 PM IST Updated: December 18, 2025 06:00 PM IST
1 minute Read
അഡ്‌ലെയ്ഡ്∙ ആഷസ് പരമ്പരയിൽ മൂന്നാം ടെസ്റ്റിലും പിടിമുറുക്കി ഓസ്ട്രേലിയ. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ, ഒന്നാം ഇന്നിങ്സിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 213 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട്. രണ്ടു വിക്കറ്റ് മാത്രം കയ്യിലിരിക്കെ ഓസീസിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാൾ 158 റൺസിനു പിന്നിലാണവർ. നേരത്തെ 8ന് 326 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഓസ്ട്രേലിയ, 371 റൺസിന് ഓൾഔട്ടാകുകയായിരുന്നു.
രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് (45*), ജോഫ്ര ആർച്ചർ (30*) എന്നിവരാണ് ക്രീസിൽ. മൂന്നു വിക്കറ്റ് വീഴ്ത്തിയ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, രണ്ടു വിക്കറ്റ് വീതം വീഴ്ത്തി നേഥൻ ലയൺ, സ്കോട്ട് ബോളൻഡ് എന്നിവരാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയെ തകർത്തത്. ഓപ്പണർ ബെൻ ഡക്കറ്റ്(29), ഹാരി ബ്രൂക്ക് (45) എന്നിവർ മാത്രമാണ് അൽപമെങ്കിലും പിടിച്ചുനിന്നത്. അഞ്ചാം വിക്കറ്റിൽ ബ്രൂക്ക്– സ്റ്റോക്സ് സഖ്യം 56 റൺസ് നേടി. ഒൻപതാം വിക്കറ്റിൽ സ്റ്റോക്സ്– ആർച്ചർ സഖ്യം ഇതുവരെ 45 റൺസെടുത്തിട്ടുണ്ട്. മൂന്നാം ദിനത്തിൽ ഇരുവരുടെയും ബാറ്റിങ്ങിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ.
രണ്ടാം ദിനത്തിൽ അർധസെഞ്ചറി നേടിയ മിച്ചൽ സ്റ്റാർക്ക് (54), നേഥൻ ലയൺ (9) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിനു നഷ്ടമായത്. ഇംഗ്ലണ്ടിനു വേണ്ടി ജോഫ്ര ആർച്ചർ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ ബ്രൈഡൺ കാർസെ, വിൽ ജാക്സ് എന്നിവർ രണ്ടു വിക്കറ്റു വീതം വീഴ്ത്തി. ബെൻ സ്റ്റോക്സിനാണ് ഒരു വിക്കറ്റ്.
∙ കരുത്തോടെ ഖവാജ– ക്യാരി
ഒന്നാം ദിനം സെഞ്ചറി നേടിയ അലക്സ് ക്യാരിയുടെയും അർധസെഞ്ചറി നേടിയ ഉസ്മാൻ ഖവാജയുടെയും (82) കരുത്തിലാണ് ഓസീസ് മികച്ച നിലയിലെത്തിയത്. ട്രാവിസ് ഹെഡ് (10), ജേക്ക് വെതറാൾഡ് (18), മാർനസ് ലബുഷെയ്ൻ (19), കാമറൂൺ ഗ്രീൻ (0) എന്നിവരെ തുടക്കത്തിലേ നഷ്ടമായ ഓസ്ട്രേലിയയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത് ഖവാജയും ക്യാരിയും ചേർന്നുള്ള കൂട്ടുകെട്ടായിരുന്നു. മത്സരം തുടങ്ങാൻ മണിക്കൂറുകൾ ശേഷിക്കെയാണ് സീനിയർ താരം സ്റ്റീവ് സ്മിത്ത് അസുഖം മൂലം പിൻമാറുന്നത്. ഇതോടെയാണ് ഖവാജയ്ക്ക് ആദ്യ ഇലവനിൽ അവസരം ലഭിച്ചത്.
4ന് 94 എന്ന നിലയിലായിരുന്ന ഓസ്ട്രേലിയയ്ക്കായി അഞ്ചാം വിക്കറ്റിൽ 91 റൺസാണ് ഖവാജ– ക്യാരി സഖ്യം കൂട്ടിച്ചേർത്തത്. സെഞ്ചറിയിലേക്ക് അനായാസം കുതിച്ച ഖവാജയെ വീഴ്ത്തിയ വിൽ ജാക്സാണ് ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകിയത്. 126 പന്തിൽ 10 ഫോർ അടക്കമാണ് ഖവാജ 82 റൺസ് നേടിയത്. ഖവാജ പുറത്തയാതെങ്കിലും വാലറ്റത്തെ കൂട്ടുപിടിച്ച് ക്യാരി ഓസീസ് ഇന്നിങ്സ് മുന്നോട്ടു നയിച്ചു. 143 പന്തിൽ ഒരു സിക്സും 8 ഫോറും അടക്കം ആഷസിലെ തന്റെ കന്നി സെഞ്ചറിയുമായി ക്യാരി മടങ്ങുമ്പോൾ ഓസീസ് സ്കോർ 321ൽ എത്തിയിരുന്നു. ടെസ്റ്റ് കരിയറിൽ ക്യാരിയുടെ മൂന്നാം സെഞ്ചറിയാണിത്.
English Summary:








English (US) ·