ഇനി മുംബൈയിൽ കളിക്കില്ല, അർജുൻ തെൻഡുൽക്കറുടെ വഴി സ്വീകരിച്ച് പൃഥ്വി ഷാ; ടീം മാറ്റത്തിന് ഒരുക്കം

7 months ago 7

ഓൺലൈൻ ഡെസ്ക്

Published: June 23 , 2025 07:55 PM IST

1 minute Read

പൃഥ്വി ഷാ (ഫയൽ ചിത്രം)
പൃഥ്വി ഷാ (ഫയൽ ചിത്രം)

മുംബൈ∙ ആഭ്യന്തര ക്രിക്കറ്റിൽ ടീം മാറ്റത്തിനൊരുങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷാ. അടുത്ത ആഭ്യന്തര സീസണിൽ മുംബൈ ടീമിൽ കളിക്കാനില്ലെന്ന് പൃഥ്വി ഷാ തീരുമാനിച്ചു. ‘എൻഒസി’ക്കുവേണ്ടി പൃഥ്വി ഷാ മുംബൈ ക്രിക്കറ്റ് അസോസിയേഷനെ സമീപിച്ചതായാണു വിവരം. താരത്തെ ഒഴിവാക്കുന്ന കാര്യത്തിൽ മുംബൈ അന്തിമ തീരുമാനമെടുത്തിട്ടില്ല. മുംബൈ വിട്ട് പൃഥ്വി ഷാ എങ്ങോട്ടാണു പോകുന്നതെന്നു വ്യക്തമല്ല.

മുംബൈയിൽ അവസരങ്ങൾ കുറഞ്ഞതിനെ തുടർന്ന് പേസർ അർജുൻ തെൻഡുൽക്കർ‌ ഗോവയ്ക്കു വേണ്ടിയാണ് ഇപ്പോൾ കളിക്കുന്നത്. അർജുന്റെ അടുത്ത സുഹൃത്തു കൂടിയായ പൃഥ്വി ഷായും അതേ പാത തന്നെ പിന്തുടരുകയാണ്. മൂന്നിലേറെ ടീമുകൾ താരത്തിനായി ശ്രമം നടത്തുന്നുണ്ടെന്നാണു വിവരം. അതേസമയം ഋതുരാജ് ഗെയ്ക്‌വാദ് നയിക്കുന്ന മഹാരാഷ്ട്രയ്ക്കു വേണ്ടി പൃഥ്വി ഷാ കളിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

25 വയസ്സുകാരനായ താരത്തിന് ഫിറ്റ്നസ് പ്രശ്നങ്ങളെ തുടർന്നാണ് മുംബൈയുടെ പ്ലേയിങ് ഇലവനിൽ സ്ഥാനം നഷ്ടമായത്. തുടർച്ചയായി മുന്നറിയിപ്പുകൾ നൽകിയിട്ടും ഫിറ്റ്നസ് നിലനിർത്താൻ പൃഥ്വി ഷായ്ക്കു സാധിച്ചിരുന്നില്ല. ഇതോടെ താരത്തെ പരിഗണിക്കേണ്ടതില്ലെന്ന് സിലക്ഷൻ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. 

കഴിഞ്ഞ വർഷം നടന്ന വിജയ് ഹസാരെ ട്രോഫിയിലും പൃഥ്വി ഷാ കളിച്ചിരുന്നില്ല. ഐപിഎൽ മെഗാലേലത്തിൽ പങ്കെടുത്തെങ്കിലും ഒരു കോടി രൂപ അടിസ്ഥാന വിലയുള്ള പൃഥ്വി ഷായെ ആരും വാങ്ങിയിരുന്നില്ല. ഈ വർഷത്തെ ട്വന്റി20 മുംബൈ ലീഗിൽ പൃഥ്വി ഷാ കളിച്ചെങ്കിലും അഞ്ച് മത്സരങ്ങളിൽനിന്ന് 137 റൺസ് നേടാൻ മാത്രമാണു സാധിച്ചത്.

English Summary:

Prithvi Shaw Set To Leave Mumbai, Requests NOC To Represent Another State

Read Entire Article