.jpg?%24p=00385f5&f=16x10&w=852&q=0.8)
ഖാലിദ് റഹ്‌മാനും ജിംഷി ഖാലിദും | Photo: instagram/ jimshi khalid
സംവിധായകന്‍ ഖാലിദ് റഹ്‌മാന് പിന്തുണയുമായി സഹോദരനും ഛായാഗ്രാഹകനുമായ ജിംഷി ഖാലിദ്. ഹൈബ്രിഡ് കഞ്ചാവ് കൈവശം വെച്ചതിന് അറസ്റ്റിലാകുകയും ജാമ്യം ലഭിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഖാലിദ് റഹ്‌മാനൊപ്പമുള്ള ചിത്രം ജിംഷി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദിയെന്നും ഇനി ഈ തീപ്പൊരി മുമ്പെങ്ങുമില്ലാത്തവിധം കത്തുമെന്നും ജിംഷി ചിത്രത്തിനൊപ്പം കുറിച്ചു.
ജിംഷിയുടെ പോസ്റ്റിന് പിന്തുണയുമായി സിനിമാരംഗത്തുള്ള ഒട്ടേറെ പേര്‍ രംഗത്തെത്തി. നടന്‍മാരായ നസ്‌ലന്‍, ലുക്മാന്‍ അവറാന്‍, ശ്രീനാഥ് ഭാസി, നടി അനഘ രവി, ഗായകന്‍ ഡബ്‌സി തുടങ്ങിയവര്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ഇതിന് താഴെ ഒട്ടേറെ പേര്‍ വിമര്‍ശനവുമായെത്തി.
നസ്‌ലെന്റെ ലവ് ഇമോജി കമന്റിന് താഴെ 'ഇനിയും ഇയാളെ പിന്തുണച്ച് കഞ്ചാവ് നോര്‍മലൈസ് ചെയ്ത് നാട്ടിലെ മൊത്തം പിള്ളേരും അടിച്ചുനടക്കട്ടെ' എന്നായിരുന്നു ഒരു വിമര്‍ശനം. സ്വാതന്ത്ര്യ സമര സേനാനികളാണോ ഇവര്‍ എന്നും അവാര്‍ഡ് കിട്ടിയിട്ടുള്ള സ്വീകരണം പോലെയുണ്ടല്ലോ എന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. 'എന്റെ പടം കൂടി ഇടൂ' എ്ന്നായിരുന്നു ശ്രീനാഥ് ഭാസിയുടെ കമന്റ്.
ഛായാഗ്രാഹകന്‍ സമീര്‍ താഹിറിന്റെ കൊച്ചിയിലെ ഫ്‌ളാറ്റില്‍വെച്ച് ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കുന്നതിനിടെയാണ് സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ എന്നിവരെ എക്‌സൈസ് സംഘം പിടികൂടിയത്. ഇവരില്‍നിന്ന് ഒന്നര ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തു. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
നസ്‌ലനെ നായകനായെത്തിയ ആലപ്പുഴ ജിംഖാനയാണ് ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ അവസാന ചിത്രം. ജിംഷി ഖാലിദ് ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.


Content Highlights: jimshi khalids instagram station astir khalid rahman
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·