Published: October 21, 2025 10:52 AM IST
1 minute Read
-
കായികതാരങ്ങളുടെ മാർച്ച് പാസ്റ്റ്; മൂവായിരത്തോളം കുട്ടികളുടെ കലാപ്രകടനം
-
ജേതാക്കൾക്കു മുഖ്യമന്ത്രിയുടെ പേരിലുള്ള സ്വർണക്കപ്പ്; ഇന്നു മത്സരങ്ങളില്ല
തിരുവനന്തപുരം∙ ഒരു പതിറ്റാണ്ടിനപ്പുറമുള്ള ഒളിംപിക്സ് വേദി ഇന്ത്യ ലക്ഷ്യമിടുമ്പോൾ ആ ലോക വേദിയിൽ മത്സരിക്കാൻ പോന്ന കേരളത്തിലെ പുതു താരനിരയെ തേടി ഒളിംപിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളക്ക് ഇന്നു തുടക്കം. മഴ വെല്ലുവിളിയായി തുടരുമ്പോഴും മേള വൻ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പ്.
ഒളിംപിക്സ് മാതൃകയിൽ അത്‌ലറ്റിക്സ്, ഗെയിംസ് മത്സരങ്ങൾ ഒരുമിച്ച് സംഘടിപ്പിക്കുന്ന രണ്ടാമത്തെ സ്കൂൾ മേളയാണിത്. ആതിഥേയരായ തിരുവനന്തപുരമായിരുന്നു കഴിഞ്ഞ തവണത്തെ ഓവറോൾ ചാംപ്യൻമാർ. സ്കൂൾ കലോത്സവ മാതൃകയിൽ ഈ വർഷം മുതൽ കായിക മേളയിലെ ഓവറോൾ ചാംപ്യൻമാരാകുന്ന ജില്ലയ്ക്കും 117.5 പവന്റെ സ്വർണക്കപ്പാണ് സമ്മാനിക്കുക. മുഖ്യമന്ത്രിയുടെ പേരിലുള്ള പുതിയ സ്വർണക്കപ്പും ഇന്നു പ്രകാശനം ചെയ്യും. കാസർകോടുനിന്ന് ആരംഭിച്ച ട്രോഫി പര്യടനവും എറണാകുളത്തുനിന്ന് ആരംഭിച്ച ദീപശിഖ പ്രയാണവും ഇന്നു രാവിലെ പട്ടം ഗവ.എച്ച്എസ്എസ് സ്കൂളിനു മുന്നിൽ സംഗമിച്ച് ഘോഷയാത്രയായി ഉദ്ഘാടന വേദിയായ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെത്തും.
വൈകിട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ തുടക്കം കായിക താരങ്ങളുടെ മാർച്ച് പാസ്റ്റോടെയാണ്. ഫുട്ബോളർ ഐ.എം.വിജയനും മന്ത്രി വി.ശിവൻകുട്ടിയും ചേർന്നു ദീപശിഖ തെളിക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ജില്ലയിലെ സ്കൂളുകളിലെ മൂവായിരത്തോളം കുട്ടികൾ അണിനിരക്കുന്ന കലാപ്രകടനങ്ങളുമുണ്ട്. ഇന്നലെ ഇതിന്റെ റിഹേഴ്സൽ സ്റ്റേഡിയത്തിൽ നടന്നു.
കഴിഞ്ഞ തവണ കൊച്ചിയിൽ നടന്ന മേളയിൽ അത്‌ലറ്റിക്സിലെ ചാംപ്യൻ സ്കൂളിനെ നിർണയിക്കുന്നതിലുള്ള തർക്കവും വിവാദവും പരിഹരിച്ചാണ് ഇത്തവണ മേള. ടീമുകൾ ഇന്നലെ മുതൽ എത്തിത്തുടങ്ങി. ഗൾഫിൽനിന്നുള്ള 35 അംഗ ടീം രാവിലെയെത്തി. രാത്രി ഒൻപതോടെ ട്രെയിനിലെത്തിയ കാസർകോട് ടീമിനെ മന്ത്രിമാരായ വി.ശിവൻകുട്ടിയും ജി.ആർ.അനിലും ചേർന്നു സ്വീകരിച്ചു. ഇന്നു മത്സരങ്ങളില്ല. നാളെ മുതൽ 28 വരെയാണ് മത്സരങ്ങൾ.
English Summary:








English (US) ·