ഇനി ഷൈനിനെ പഠിപ്പിച്ചതാണെന്ന് പറഞ്ഞ് ഞെളിയേണ്ട എന്ന് പറഞ്ഞവരുണ്ട്-ചര്‍ച്ചയായി അധ്യാപികയുടെ കുറിപ്പ്

7 months ago 6

shine tom chahcko

ഷൈൻ ടോം ചാക്കോ/ ബിന്ദു | Photo: Mathrubhumi/ Facebook/ Bindu

ടന്‍ ഷൈന്‍ ടോം ചാക്കോയെ കുറിച്ച് അധ്യാപികയായ ബിന്ദു ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ് ചര്‍ച്ചയാകുന്നു. പൊന്നാനി എംഐ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്ന ഷൈനിനെ കുറിച്ചാണ് ബിന്ദു സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ടീച്ചര്‍മാരുടെ ഗുഡ് ലിസ്റ്റിലോ വികൃതി കാണിച്ച് സഹപാഠികളുടെ ഗുഡ് ലിസ്റ്റിലോ ഉള്‍പ്പെടാന്‍ ശ്രമിക്കാത്തൊരു വിദ്യാര്‍ഥിയായിരുന്നു ഷൈന്‍ എന്നും എന്തെങ്കിലും ചോദിച്ചാല്‍ തലയും മുഖവും തടവി തപ്പിത്തടഞ്ഞ് മറുപടി പറയുന്നവനായിരുന്നുവെന്നും ബിന്ദു ടീച്ചര്‍ കുറിപ്പില്‍ പറയുന്നു. എന്നാല്‍ കലമേളകളില്‍ വേറെ ഒരാളായി മാറുമെന്നും അവന്റെ അനായാസ ഭാവപ്പകര്‍ച്ചകള്‍ കണ്ട് ശരിക്കും ഞെട്ടിപ്പോയിരുന്നുവെന്നും അധ്യാപിക കൂട്ടിച്ചേര്‍ക്കുന്നു.

പത്തിരുപത് കൊല്ലമെങ്കിലുംആയിക്കാണും. പൊന്നാനി എം.ഐ.യിലെ പ്ലസ്സ് വണ്‍ ക്ലാസില്‍ ഇംഗ്ലീഷ് പുസ്തകവുമായി ചെല്ലുമ്പോഴാണ് ചുരുണ്ട മുടിയുള്ള മെലിഞ്ഞൊരു പയ്യന്‍ കണ്ണില്‍പ്പെട്ടത്. ഒരു സെക്കന്റ് കണ്ണിലേക്ക് തന്നെ നോക്കിയാല്‍ അവന്റെ കണ്ണുകള്‍ കീഴ്‌പ്പോട്ടോ പുസ്തകത്തിലേക്കോ മാറുമായിരുന്നു.

ക്ലാസ്സില്‍ ഷൈന്‍ ചെയ്ത് ടീച്ചര്‍മാരുടെ ഗുഡ് ലിസ്റ്റിലോ വികൃതി കാണിച്ച് ക്ലാസ് മേറ്റ്‌സിന്റെ ഗുഡ് ലിസ്റ്റിലോ പെടാന്‍ മെനക്കെടാത്തൊരു കക്ഷി. ഡയലോഗടിയില്‍ തീരെ താല്പര്യം ഇല്ലാത്ത കുട്ടി. എന്തെങ്കിലും ചോദിച്ചാല്‍ തലയും മുഖവും തടവി, തപ്പിത്തടഞ്ഞു മറുപടി പറയുന്നവന്‍. പുറത്തുകണ്ടാല്‍ ഒരു ചെറുചിരിയില്‍ പരിചയം ഒതുക്കുന്നവന്‍, കലാമേളക്കാലമാവുമ്പോഴേക്ക് വേറൊരാളാവുമായിരുന്നു. കലോത്സവ നാടകങ്ങളിലെ അവന്റെ അനായാസ ഭാവപകര്‍ച്ചകള്‍ കണ്ട് ശരിക്കും ഞെട്ടിപ്പോയിരുന്നു. ജില്ലാ, സംസ്ഥാനകലോത്സവങ്ങളില്‍ ബെസ്റ്റ് ആക്ടര്‍ ഒക്കെയായി അവന്‍ സ്‌കൂളിന്റെയും നാടിന്റെയുമൊക്കെ പ്രിയപ്പെട്ടവനായി. ഞങ്ങളുടെ തന്നെ ഗേള്‍സ് സ്‌കൂളിലെ ടീച്ചറുടെ മകനായിട്ടും, കോഴ്‌സ് കഴിഞ്ഞു പോയവനെ ഞാനും മറന്നു.

പിന്നിടെപ്പോഴോ ആണ് കമലിന്റെ ഗദ്ദാമ എടപ്പാള്‍ ഗോവിന്ദയിലിരുന്ന് കാണുമ്പോള്‍ മരുഭൂമിയിലെ ഒരു കൂടാരത്തില്‍ നിന്ന് ബെന്യാമിന്റെ ആടുജീവിതത്തിലെ നജീബിനെ ഓര്‍മിപ്പിക്കുന്നൊരു ചടച്ച രൂപം ഇറങ്ങിയോടുന്നത് കണ്ണില്‍പ്പെട്ടത്. ഈ കണ്ണുകള്‍ മുന്‍പെവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നൊരു കൊള്ളിയാന്‍ മിന്നി. ചെക്കോവിന്റെ വാന്‍കയെ കുട്ടനാട്ടിലെക്ക് കൊണ്ടുവന്ന ജയരാജിന്റെ ഒറ്റാല്‍. അതിന്റെ കുറെ പണികളില്‍ പ്രേമനുണ്ടായിരുന്നതുകൊണ്ട് റിലീസിനും മുന്‍പേ ലാപ്പ് ടോപ്പില്‍ കണ്ടിരുന്നു.

ആ കുട്ടിയെ, പണിക്കെന്ന് പറഞ്ഞ് കൊത്തിക്കൊണ്ടുപോവുന്ന മേസ്ത്രിയുടെ വല്ലാത്തൊരു നീട്ടിത്തുപ്പല്‍. അപ്പോഴാണ് പണ്ട് ക്ലാസിലിരുന്ന ആ ചുരുണ്ടമുടിക്കാരന്‍ പയ്യനാണ് ഈ ഷൈന്‍ ടോം ചാക്കോ എന്നുറപ്പിക്കുന്നത്. പിന്നെ കമ്മട്ടിപ്പാടത്തും, പറവയിലും, കുറുപ്പിലും, ഭീഷ്മപര്‍വത്തിലും ഇഷ്ഖിലുമൊക്കെ അവന്റെ കഥാപാത്രങ്ങള്‍ എന്നിലെ കാഴ്ചക്കാരിയില്‍ വല്ലാത്തൊരു എടങ്ങാറുണ്ടാക്കി. ആ ഇടങ്ങാറുണ്ടാക്കാന്‍ കഴിയുന്നതിലാണല്ലോ നടനെന്ന നിലയില്‍ എന്റെ കുട്ടിയുടെ മിടുക്കെന്ന് സിനിമ കഴിഞ്ഞു തിരിച്ചുവരുന്ന വഴികളിലോര്‍ത്തു.

അതിനിടക്ക്, മനംപിരട്ടലുണ്ടാക്കുന്ന ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ ചോദ്യങ്ങള്‍ക്ക് ഷൈനിലെ വികൃതിപ്പയ്യന്‍ ഉരുളയ്ക്ക് ഉപ്പേരി പോലെ കൊടുക്കുന്ന കിടിലന്‍ തര്‍ക്കുത്തരങ്ങള്‍ ഞാനും നന്നായി ആസ്വദിച്ചു. എന്റെ സ്റ്റുഡന്റാണ് ഷൈന്‍ എന്ന് പലയിടത്തും പറഞ്ഞു. വേണ്ടിടത്തെ തര്‍ക്കുത്തരങ്ങളില്‍ നില്‍ക്കാതെ അവന്റെ കുരുത്തക്കേടുകള്‍ കുഴപ്പങ്ങളിലേക്ക് പോവുന്നത് ഞാനും കണ്ടു. ഇനി ഷൈനിനെ പഠിപ്പിച്ചതാണെന്ന് പറഞ്ഞു ഞെളിയേണ്ട എന്ന് പറഞ്ഞവരും ഉണ്ട്. ഇഷ്ടമില്ലാത്തത് പറഞ്ഞാല്‍ പുച്ഛം ഇമോജി ഇടാന്‍ അന്നും രണ്ടാമതൊന്ന് ചിന്തിക്കാറില്ലായിരുന്നു.

അതില്‍ നിന്നുയര്‍ന്ന ഷൈന്‍ പിന്നെയും സിനിമകളില്‍ എന്നെയും വിസ്മയിപ്പിച്ചു. മലയാളത്തിന് ഇങ്ങനെയൊരു പ്രതിഭ, ഭാഗ്യമാണെന്ന് നമ്മള്‍ പറഞ്ഞു. അന്നൊരു രാത്രി, കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടുന്ന ഈ ചങ്ങാതിയുടെ വിഷ്വല്‍ കണ്ടപ്പോള്‍...തലയില്‍ കൈവെച്ചുപോയ്.
കുരുത്തക്കേടിന് പിടിക്കപ്പെട്ട കുട്ടിയെപ്പോലെ അവന്‍ പിന്നെ വന്നു. അച്ഛന്റെ കണ്ണുനീരിനുമുന്‍പില്‍ എല്ലാമവസാനിപ്പിച്ചു നന്നാവാം എന്ന്
ഷൈന്‍ വാക്കുകൊടുത്തെന്ന് കേട്ടപ്പോള്‍ മനസ്സുകൊണ്ട് ഇനിയുമവനൊപ്പം തന്നെ നില്‍ക്കാന്‍ തോന്നി. ഞങ്ങള്‍ അമ്മമാരും ടീച്ചര്‍മാരും അങ്ങനെയൊക്കെയാ...എത്ര വികൃതികാട്ടിയാലും കുട്ടികളോട് ഞങ്ങള്‍ക്ക് അങ്ങനെയേ തോന്നൂ. ഷൈനിനെപ്പോലൊരു മിടുക്കാനാവുമ്പോള്‍ പ്രത്യേകിച്ചും.

ജീവിതം തിരിച്ചു പിടിക്കാനുള്ള ശ്രമത്തില്‍ ഒപ്പം നില്‍ക്കുന്ന അച്ഛനെ അവന് നഷ്ടമായെന്ന വാര്‍ത്ത കണ്ടപ്പോള്‍ സങ്കടം തോന്നി. ആ നേരം നോക്കി ഷൈനിനെ പരിഹസിക്കാനും കുറ്റപ്പെടുത്താനും നോക്കുന്ന പലരെയും കണ്ടപ്പോഴാണ് അതിനേക്കാള്‍ സങ്കടം തോന്നിയത്.
പ്രിയപ്പെട്ട ഷൈന്‍... അച്ഛന് വേണ്ടി, അച്ഛന് കൊടുത്ത വാക്കിനു വേണ്ടി, അമ്മക്ക് വേണ്ടി നന്നായി വരിക. സിനിമയില്‍ത്തന്നെ നില്‍ക്കണമെന്ന് നിനക്ക് നിര്‍ബന്ധമുണ്ടോ എന്നെനിക്കറിയില്ല. മലയാള സിനിമയില്‍ നീയുണ്ടാവണമെന്ന് എന്നെപ്പോലെ കുറേയാളുകള്‍ക്ക് നല്ല നിര്‍ബന്ധമുണ്ട്.
നിന്റെ ശീലം പോലെ ജീവിതത്തില്‍ അഭിനയിക്കാതിരിക്കുക; സിനിമയില്‍ അഭിനയിച്ചു ജീവിക്കുക. നിന്റെ പഴയ ബിന്ദു ടീച്ചര്‍.

Content Highlights: facebook station of radiance tom chackos teacher bindu

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article