കൊച്ചി ∙ കപ്പിൽ കണ്ണു നടാൻ ഇനി നാലേ നാലു ടീമുകൾ മാത്രം! സൂപ്പർ ലീഗ് കേരള (എസ്എൽകെ) ഫുട്ബോൾ സെമിഫൈനൽ ഘട്ടമെത്തിയതോടെ ഫുട്ബോൾ ആരാധകരുടെ ആവേശത്തിനു തീപിടിച്ചു തുടങ്ങി. തിളയ്ക്കുന്ന ഫോമിൽ കളിക്കുന്ന നിലവിലെ ജേതാക്കളായ കാലിക്കറ്റ് എഫ്സി എസ്എൽകെ രണ്ടാം പതിപ്പിലും മുത്തമിടുമോ! പതുങ്ങിയ ശൈലിയുമായി മുന്നേറുന്ന തൃശൂർ മാജിക് എഫ്സിയാകുമോ രണ്ടാം പതിപ്പിന്റെ അവകാശി? ഗോളടിക്കലും തിരിച്ചു വാങ്ങലുമായി ജഗപൊക പ്രകടനം കാഴ്ചവയ്ക്കുന്ന മലപ്പുറം എഫ്സിക്കും മോഹത്തിനു കുറവില്ല. ഒരുപാടു നെഞ്ചിടിച്ചെങ്കിലും അവസാനം അടിച്ചു കയറിയ കണ്ണൂർ ആകുമോ, യഥാർഥ വോറിയേഴ്സ്?
കാലിക്കറ്റ് കരുത്ത്ലീഗിലെ ഏറ്റവും ശക്തമായ സ്ക്വാഡ്. പ്രഹരശേഷിയിൽ തനി ബ്രഹ്മോസ് മിസൈൽ! കോഴിക്കോട്ടുകാരായ മുഹമ്മദ് റോഷൽ, കെ.പ്രശാന്ത്, മുഹമ്മദ് അജ്‌സൽ ത്രിമൂർത്തികളുടെ അറ്റാക്കിങ് മികവാണു മൂർച്ച. എതിരാളികളുടെ വലയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നിറച്ചതും അവർ തന്നെ; 21 ഗോളുകൾ. തിരിച്ചു വാങ്ങിയതു 11 ഗോളുകൾ മാത്രം. ലീഗിലെ 10 മത്സരങ്ങളിൽ ഏഴിലും ജയിച്ച ഏക ടീം.
തൃശൂർ മാജിക്ലീഗിലെ ഏറ്റവും കരുത്തുറ്റ മധ്യനിര. ടീമിന്റെ ദൗർബല്യങ്ങൾ മറയ്ക്കുന്നതും മധ്യനിര തന്നെ. ഇന്ത്യൻ താരം ലെന്നി റോഡ്രിഗ്സ് നയിക്കുന്ന മിഡ്ഫീൽഡ് പ്രതിരോധ നിരയ്ക്കും തുണ നിൽക്കും. ഇന്ത്യൻ അണ്ടർ 23 താരം കൂടിയായ ഗോൾ കീപ്പർ എ.കെ.കമാലുദ്ദീന്റെ അക്രോബാറ്റിക് സേവിങ് മികവിനും ടീം നന്ദി പറയണം. ലീഗിൽ ഏറ്റവും കുറച്ചു ഗോളുകൾ വഴങ്ങിയതു തൃശൂരാണ്; ഏഴെണ്ണം മാത്രം.
മലപ്പുറം മിക്സ്കണ്ണടച്ചു തുറക്കും മുൻപു കളിയുടെ ഗതി മാറ്റാൻ കഴിയുന്ന ബ്രസീലിയൻ താരം ജോൺ കെന്നഡി. 9 കളിയിൽ 8 ഗോളടിച്ച കെന്നഡിയുടെ ഗോളുകൾ തൃശൂർ ടീമിന്റെ ആകെ ഗോൾ നേട്ടത്തിനൊപ്പമാണ്! റോയ് കൃഷ്ണയും ഇഷാൻ പണ്ഡിതയും അധികബലം. മധ്യനിരയിൽ എയ്തോർ, അബ്ദലേ ഫോർസി, ബദർ ബോളാറൂദ് എന്നിവരെല്ലാം ചേരുമ്പോൾ മലപ്പുറം മാരക മിക്സ്.
കണ്ണൂർ പീരങ്കിവ്യക്തിഗത മികവാണു തുണ. നിർണായക വേളകളിൽ ആക്രമണത്തിനു മൂർച്ച പകരുന്ന മുഹമ്മദ് സിനാൻ, ടി.ഷിജിൻ എന്നിവർക്കൊപ്പം സ്പാനിഷ് മിഡ്ഫീൽഡർ അസിയർ ഗോമസ് കൂടി ചേരുമ്പോൾ ഒരു വെടിക്കുള്ള മരുന്ന് കണ്ണൂരിന്റെ പീരങ്കിയിൽ ഉണ്ടാകും. നിർണായക മത്സരത്തിൽ തൃശൂരിനോടു ഗോൾ വഴങ്ങാതെ കാത്ത രണ്ടാം നമ്പർ ഗോൾകീപ്പർ അൽകേഷ് രാജിന്റെ എൻട്രിയും ആശ്വാസം.
സെമിഫൈനൽനാളെ രാത്രി 7.30:
തൃശൂർ – മലപ്പുറം
(വേദി: തൃശൂർ)
ഡിസംബർ 10 രാത്രി 7.30:
കാലിക്കറ്റ് – കണ്ണൂർ
(വേദി: കോഴിക്കോട്)
English Summary:








English (US) ·