Authored by: അനുഷ ഗംഗാധരൻ|Samayam Malayalam•28 May 2025, 9:12 pm
ഐപിഎൽ 2025 സീസണിൽ ത്രില്ലിങ് മത്സരം കാഴ്ചവെച്ച് പ്ലേ ഓഫിൽ രണ്ടാം സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഇപ്പോഴിതാ ടീമിന് നിർണായക നിർദ്ദേശം നൽകി രംഗത്തെത്തിയിരിക്കുകയാണ് ബാറ്റിങ് പരിശീലകൻ ദിനേശ് കാർത്തിക്.
ഹൈലൈറ്റ്:
- ആർസിബി താരങ്ങൾക്ക് നിർണായക നിർദ്ദേശം നൽകി ദിനേശ് കാർത്തിക്
- ടീമിന്റെ നേട്ടങ്ങളിൽ അഭിമാനിച്ച് ക്രിക്കറ്റ് ഡയറക്റ്റർ
- ക്വാളിഫയർ 1 പോരാട്ടത്തിന് ഒരുങ്ങി ആർസിബി
ആർസിബി (ഫോട്ടോസ്- Samayam Malayalam) ഈ ഘട്ടത്തിൽ ആർസിബി താരങ്ങൾക്ക് നിർണായക നിർദ്ദേശം നൽകിയിരിക്കുകയാണ് ബാറ്റിങ് പരിശീലകൻ ദിനേശ് കാർത്തിക്. ഐപിഎൽ ആരംഭിച്ചത് മുതൽ ഉള്ള ടീം ആണ് ആർസിബി. എന്നാൽ ഇതുവരെ കപ്പ് സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. പലപ്പോഴും ഫൈനലിൽ പ്രവേശിച്ചെങ്കിലും ഐപിഎൽ കിരീടം ഒരു കിട്ടാക്കനിയായി തന്നെ നിന്നു.
'ഇനിയും വലിയ കാര്യങ്ങൾ ബാക്കിയുണ്ട്'; ആർസിബിയ്ക്ക് നിർണായക നിർദ്ദേശം നൽകി ദിനേശ് കാർത്തിക്
അതുകൊണ്ടു തന്നെ ഈ വർഷം കിരീടം നേടുമെന്ന് ഉറപ്പാക്കണമെന്ന് അദ്ദേഹം ടീമിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ലക്‌നൗവിനെ എവേ മത്സരത്തിൽ തോൽപ്പിച്ചതോടെ സീസണിലെ എല്ലാ എവേ മത്സരവും ജയിച്ച ഏക ടീം റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവാണ്. 'ഈ വർഷം നമ്മൾ പ്ലേ ഓഫിലെത്തി. പ്ലേ ഓഫിൽ മാത്രമല്ല, രണ്ടാം സ്ഥാനത്ത് നമ്മൾ ഫിനിഷ് ചെയുകയും ചെയ്‌തു. ഏറ്റവും പ്രധാനമായി, ഒരു വലിയ ലക്ഷ്യമുണ്ടെന്ന് വിശ്വസിക്കുന്നു. അതിനായി നമ്മൾ ശാന്തരായിരിക്കണം. പ്ലേയിംഗ് 12-ലെ നിങ്ങളിൽ ആർക്കും ജിതേഷ് ശർമ ചെയ്തതുപോലെ കൃത്യമായി ചെയ്യാൻ കഴിയും.' എന്ന് താരങ്ങൾക്ക് ദിനേശ് കാർത്തിക് നിർദ്ദേശം നൽകി.
'ഇനി മുമ്പിലുള്ള മത്സരങ്ങൾ കളിക്കാൻ ഇറങ്ങുമ്പോൾ നിങ്ങൾ നിങ്ങളുടെ മുഴുവനും നൽകും എന്ന് ഉറപ്പിക്കണം. ഞങ്ങളുടെ വിശ്വാസവും പിന്തുണയും കൂടെ ഉണ്ടാകുമെന്ന് അറിയുക. വലിയ ലക്ഷ്യമാണ് നമുക്കുള്ളത് എന്ന് ഓർമിക്കുക എന്നാണ് ഈ അവസരത്തിൽ എനിക്ക് പറയാനുള്ളത്'
എന്നും അദ്ദേഹം പറഞ്ഞു. ആർസിബി താരങ്ങളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് ദിനേശ് കാർത്തിക്ക് ഈ കാര്യങ്ങൾ പറഞ്ഞത്. അതേസമയം ആർസിബിയുടെ ക്രിക്കറ്റ് ഡയറക്ടർ മോ ബോബട്ടും ടീമിന് നിർദ്ദേശം നൽകി രംഗത്തെത്തിയിരിക്കുകയാണ്.
'ഏഴ് എവേ മത്സരങ്ങളിൽ ഏഴിലും ജയിച്ചിരിക്കുകയാണ് നമ്മൾ. അത് ശരിക്കും അഭിമാനപൂർവ്വമായ കാര്യമാണ്. മുൻപ് ഒരിക്കലും ഇങ്ങനെ സംഭവിച്ചിട്ടില്ല. നമ്മൾ എക്കാലത്തെയും ഉയർന്ന ചെയ്‌സ് നടത്തി. അതും ഐപിഎല്ലിൽ എക്കാലത്തെയും ഉയർന്ന മൂന്നാമത്തെ ചെയ്സും നമ്മുടേതാണ്. ഇത്തരത്തിൽ ഒരുപാട് പ്രധാന നേട്ടങ്ങൾ നമ്മൾ കൈവരിച്ചു' എന്ന് മോ ബോബട്ട് പറഞ്ഞു.
' ഡികെ പറഞ്ഞത് പോലെ നമ്മൾ നമ്മുടെ ആദ്യ ലക്ഷ്യം മറികടന്നു. പോയിന്റ് ടേബിളിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്ന് ഉറപ്പിച്ചു. ഇനി മുന്നിലുള്ളത് ആ വലിയ ലക്ഷ്യമാണ്. ഇനി മുന്നിലുള്ളത് ഏറ്റവും നിർണായകമായ ഒരാഴ്ചയാണ് മുന്നിലുള്ളത്. അത് മനസിലാക്കി തന്നെ വേണം മുന്നോട്ടു പോകാൻ' എന്നും അദ്ദേഹം പറഞ്ഞു.
മെയ് 29-നാണ് ഫൈനലിലേക്ക് നേരിട്ടെത്തുന്നതിനുള്ള നിർണായക മത്സരം നടക്കുന്നത്. പഞ്ചാബ് കിങ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് ഈ മത്സരത്തിൽ ഏറ്റുമുട്ടുന്നത്. ഇതിൽ ജയിക്കുന്ന ടീമിന് നേരിട്ട് ഫൈനലിൽ പ്രവേശിക്കും. ഇനി ആർസിബി മുന്നോട്ടു വെക്കുന്ന ലക്ഷ്യവും അത് തന്നെയാണ്.
എന്നാൽ ശക്തരായ പഞ്ചാബിനെ തോൽപ്പിക്കാൻ ആർസിബി കൂടുതൽ കരുത്ത് ആർജ്ജിക്കേണ്ടതുണ്ട്. അതേസമയം ഈ മത്സരത്തിൽ പരാജയപ്പെടുന്ന ടീമിന് ഒരു മത്സരം കൂടി ബാക്കി ഉണ്ടാകും. എലിമിനേറ്റർ മത്സരത്തിൽ ജയിക്കുന്ന ടീമുമായി ആയിരിക്കും മത്സരം നടക്കുക. ക്വാളിഫയർ 2 എന്ന് അറിയപ്പെടുന്ന ഈ മത്സരത്തിൽ ജയിക്കുന്ന ടീം ഫൈനലിൽ എത്തും. ജൂൺ മൂന്നിനാണ് ഫൈനൽ.
രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക








English (US) ·