Published: December 21, 2025 02:38 PM IST Updated: December 21, 2025 06:12 PM IST
2 minute Read
ദുബായ്∙ അണ്ടർ 19 ഏഷ്യാകപ്പ് കിരീടം സ്വന്തമാക്കി പാക്കിസ്ഥാൻ. ഫൈനൽ പോരാട്ടത്തിൽ 191 റൺസ് വിജയമാണ് പാക്കിസ്ഥാൻ നേടിയത്. 348 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ദുബായിൽ 26.2 ഓവറിൽ 156 റൺസടിച്ചു പുറത്തായി. 2013ൽ ഇന്ത്യയോടൊപ്പം സംയുക്ത വിജയികളായ ശേഷം അണ്ടര്‍ 19 ഏഷ്യാകപ്പിൽ പാക്കിസ്ഥാന്റെ ആദ്യ കിരീടമാണിത്. വാലറ്റത്ത് തകർത്തടിച്ച ദീപേഷ് ദേവേന്ദ്രനാണ് മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ നിരയിലെ ടോപ് സ്കോറര്‍. 16 പന്തുകൾ നേരിട്ട താരം 32 റൺസെടുത്തു പുറത്തായി. വൈഭവ് സൂര്യവംശി (26), മലയാളി താരം ആരോൺ ജോര്‍ജ് (16), അഭിഗ്യാൻ കുണ്ടു (13), ഖിലൻ പട്ടേൽ (19)എന്നിവരും ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്നു.
മറുപടി ബാറ്റിങ്ങിന്റെ ആദ്യ പന്തിൽ അലി റാസയെ ഡീപ് സ്ക്വയറിനു മുകളിലൂടെ സിക്സർ തൂക്കിയാണ് വൈഭവ് സൂര്യവംശി തുടങ്ങിയത്. പക്ഷേ മികച്ച തുടക്കം മുതലാക്കാൻ ഇന്ത്യൻ ടോപ് ഓർഡർ ബാറ്റർമാർക്കു സാധിച്ചില്ല. 32 റൺസെടുത്തുനിൽക്കെ ആദ്യ വിക്കറ്റു വീണ ഇന്ത്യ, 68 ൽ എത്തുമ്പോഴേക്കും അഞ്ച് ബാറ്റർമാര്‍ ഡ്രസിങ് റൂമിൽ തിരിച്ചെത്തിയിരുന്നു.
PAK Under-19 won by 191 runs
![]()
PAK
347-8 50/50
![]()
IND
156-10 26.2/50
ക്യാപ്റ്റൻ ആയുഷ് മാത്രെ (രണ്ട്), വിഹാൻ മൽഹോത്ര (ഏഴ്), വേദാന്ത് ത്രിവേദി (ഒൻപത്) എന്നിവർ പിടിച്ചുനിൽക്കാനാകാതെ നിരാശപ്പെടുത്തി. 26 റൺസടിച്ച വൈഭവ് സൂര്യവംശിയുടെ മികവിലാണ് ഇന്ത്യ ആദ്യ ഓവറുകളിൽ സ്കോർ കണ്ടെത്തിയത്. പക്ഷേ അലി റാസയുടെ പന്തിൽ പാക്ക് വിക്കറ്റ് കീപ്പർ ഹംസ സഹൂർ ക്യാച്ചെടുത്ത് സൂര്യവംശിയെ മടക്കിയത് മത്സരം പാക്കിസ്ഥാന് അനുകൂലമാക്കി.
കൂട്ടത്തകർച്ചയ്ക്കു ശേഷം പ്രതിരോധിച്ചു നിൽക്കാനാണ് ക്രീസിലുള്ള അഭിഗ്യാൻ കുണ്ടുവും, കനിഷ്ക് ചൗഹാനും ശ്രമിച്ചത്. എന്നാൽ 13 റൺസടിച്ച അഭിഗ്യാനെ 13–ാം ഓവറിലെ മൂന്നാം പന്തില്‍ അബ്ദുൽ സുബാൻ വീഴ്ത്തി. വാലറ്റത്ത് ഖിലൻ പട്ടേലും ഹേനില്‍ പട്ടേലും ചേർന്നാണ് ഇന്ത്യയെ 100 കടത്തിയത്.
എന്നാൽ വാലറ്റത്തും ഇന്ത്യയുടെ പ്രതിരോധം നീണ്ടത് 26.2 ഓവറുകൾ മാത്രം. ഇതോടെ ഇന്ത്യ 156 റൺസിന് ഓൾഔട്ട്. ദുബായിൽ പാക്കിസ്ഥാന്റെ വിജയാഘോഷം. പാക്കിസ്ഥാനു വേണ്ടി പേസർ അലി റാസ നാലു വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് സയ്യാം, അബ്ദുൽ സുബാൻ, ഹുസെയ്ഫ അഹ്സാൻ എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.
സമീർ മിൻഹാസിന്റെ റെക്കോർഡ് സെഞ്ചറി, പാക്കിസ്ഥാന് വമ്പൻ സ്കോർ
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 348 റൺസെടുത്തു. സെഞ്ചറി നേടിയ ഓപ്പണിങ് ബാറ്റർ സമീർ മിൻഹാസിന്റെ പ്രകടനമാണ് പാക്കിസ്ഥാനെ സുരക്ഷിതമായ സ്കോറിലേക്കെത്തിച്ചത്. 113 പന്തുകൾ നേരിട്ട മിൻഹാസ് 172 റൺസടിച്ചു പുറത്തായി. ഒൻപതു സിക്സുകളും 17 ഫോറുകളുമാണു താരം ബൗണ്ടറി കടത്തിയത്. 71 പന്തുകളിൽനിന്നാണ് സമീർ സെഞ്ചറിയിലെത്തിയത്. അണ്ടർ 19 ഫോർമാറ്റിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചറിയാണിത്. യൂത്ത് ഏകദിനത്തിൽ ഒരു പാക്ക് താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം കൂടിയാണിത്.
പാക്കിസ്ഥാനു വേണ്ടി അഹമ്മദ് ഹുസെയ്ൻ (72 പന്തിൽ 56) അര്‍ധ സെഞ്ചറി നേടി. ഉസ്മാൻ ഖാൻ (45 പന്തിൽ 35), ഫര്‍ഹാൻ യൂസഫ് (18 പന്തിൽ 19), ഹംസ സഹൂർ (14 പന്തിൽ 18) എന്നിവരാണു പാക്കിസ്ഥാന്റെ മറ്റു പ്രധാന സ്കോറർമാർ. ഇന്ത്യൻ ബോളർമാരിൽ ദീപേഷ് രവീന്ദ്രൻ മൂന്നും ഹേനിൽ പട്ടേല്‍, ഖിലൻ പട്ടേൽ എന്നിവർ രണ്ടു വിക്കറ്റുകൾ വീതവും വീഴ്ത്തി. കനിഷ്ക് ചൗഹാന് ഒരു വിക്കറ്റുണ്ട്.
English Summary:








English (US) ·