‘ഇന്ത്യ 2 തവണ കളി ബഹിഷ്കരിച്ചത് രാജ്യത്തിന് അഭിമാനക്ഷതം’; ലെജൻഡ്സ് ലീഗിൽ ഉൾപ്പെടെ പാക്കിസ്ഥാന്റെ പേര് ഉപയോഗിക്കുന്നതിന് വിലക്ക്

5 months ago 6

ഓൺലൈൻ ഡെ‌സ്‌ക്

Published: August 02 , 2025 11:04 AM IST

2 minute Read

പാക്കിസ്ഥാൻ താരങ്ങളായ ശുഐബ് മാലിക്, ഷാഹിദ് അഫ്രീദി തുടങ്ങിയവർ (X/@SarojPajiyar)
പാക്കിസ്ഥാൻ താരങ്ങളായ ശുഐബ് മാലിക്, ഷാഹിദ് അഫ്രീദി തുടങ്ങിയവർ (X/@SarojPajiyar)

ഇസ്‌ലാമാബാദ്∙ വിരമിച്ച താരങ്ങൾ മത്സരിക്കുന്ന ലെജൻഡ് ലോക ചാംപ്യൻഷിപ്പിൽ തുടർച്ചയായ രണ്ടാം തവണയും പാക്കിസ്ഥാനെതിരെ ഇന്ത്യ മത്സരിക്കാൻ വിസമ്മതിച്ചത് ക്ഷീണം ചെയ്തതോടെ, ഇത്തരം സ്വകാര്യ ക്രിക്കറ്റ് ലീഗുകളിൽ പാക്കിസ്ഥാന്റെ പേര് ഉപയോഗിക്കുന്നത് തടയാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). എല്ലാ ടീമുകളും രാജ്യത്തിന്റെ പേരിനൊപ്പം ചാംപ്യൻസ് എന്നു ചേർത്താണ് ടൂർണമെന്റിൽ മത്സരിക്കുന്നത്. ആദ്യം ഗ്രൂപ്പ് ഘട്ടത്തിലും പിന്നീട് സെമിഫൈനലിലും ഇന്ത്യ ചാംപ്യൻസ് പാക്കിസ്ഥാൻ ചാംപ്യൻസിനെതിരെ മത്സരിക്കാൻ വിസമ്മതിച്ചത് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. പഹൽഗാം ഭീകരാക്രമണം ഉൾപ്പെടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യൻ ടീമിന്റെ പിൻമാറ്റം.

വ്യാഴാഴ്ച നടന്ന ഡയറക്ടേഴ്സ് ബോർഡ് യോഗത്തിലാണ്, ‘പാക്കിസ്ഥാൻ’ എന്ന പേര് സ്വകാര്യ ലീഗുകളിൽ പങ്കെടുക്കുന്ന ടീമുകൾ ഉപയോഗിക്കുന്നത് വിലക്കാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചതെന്ന് ‘ടെലകോം ഏഷ്യ സ്പോർട്’ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ സംഘം ഒരു ടൂർണമെന്റിൽത്തന്നെ രണ്ടു തവണ പാക്കിസ്ഥാനെതിരെ മത്സരിക്കാൻ വിസമ്മതിച്ചത്, രാജ്യത്തിന്റെ പേരിന് കളങ്കമുണ്ടാക്കിയതായി യോഗത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. ഇതിനു പുറമേ പാക്കിസ്ഥാൻ ഭരണകൂടത്തിന്റെ ഇടപെടലും ഇത്തരമൊരു തീരുമാനത്തെ സ്വാധീനിച്ചെന്നാണ് റിപ്പോർട്ട്.

ഇന്നു നടക്കുന്ന ഫൈനലിൽ കളിക്കുന്ന ടീമിന് പാക്കിസ്ഥാൻ എന്ന പേര് ഉപയോഗിക്കാമെങ്കിലും, ഭാവിയിൽ ഇത്തരം സ്വകാര്യ ലീഗുകളിൽ കളിക്കുന്ന ടീമുകൾക്ക് പാക്കിസ്ഥാന്റെ പേര് ഉപയോഗിക്കണമെങ്കിൽ പിസിബിയിൽനിന്ന് പ്രത്യേകം അനുമതി വാങ്ങേണ്ടി വരും. ഇതിനെതിരെ പ്രവർത്തിക്കുന്ന എല്ലാവരും നിയമ നടപടി നേരിടേണ്ടി വരുമെന്നും പിസിബി വ്യക്തമാക്കി. സിംബാബ്‌വെ, കെനിയ, യുഎസ്എ തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന വിവിധ ലീഗുകളിൽ പാക്കിസ്ഥാന്റെ പേരിൽ ടീമുകൾ മത്സരിച്ചിരുന്നു.

ടൂർണമെന്റിൽ മുൻ താരം യുവരാജ് സിങ്ങാണ് ഇന്ത്യൻ സംഘത്തെ നയിക്കുന്നത്. മുൻ താരം ശുഐബ് മാലിക്കാണ് പാക്കിസ്ഥാൻ ടീമിന്റെ നായകൻ. ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാനെതിരായ മത്സരം ബഹിഷ്കരിച്ച് നിലപാട് വ്യക്തമാക്കിയ ഇന്ത്യൻ ടീമിന്, സെമി ലൈനപ്പ് പൂർത്തിയായപ്പോഴും എതിരാളികളായി വന്നത് പാക്കിസ്ഥാനായിരുന്നു. യുവരാജ് സിങ്ങും സംഘവും എന്തു തീരുമാനമെടുക്കുമെന്ന ആകാംക്ഷകൾക്കിടെയാണ്, രണ്ടു മത്സരം മാത്രം അകലെയുള്ള കിരീടത്തിനായി ശ്രമിക്കാതെ ഒരിക്കൽക്കൂടി പാക്ക് ടീമിനെതിരായ മത്സരം ബഹിഷ്കരിക്കാൻ ഇന്ത്യ തീരുമാനിച്ചത്. ഇതോടെ പാക്കിസ്ഥാൻ നേരിട്ട് ഫൈനലിനു യോഗ്യത നേടിയിരുന്നു. ഓസ്ട്രേലിയയെ തോൽപ്പിച്ചെത്തുന്ന ദക്ഷിണാഫ്രിക്കയുമായി ഇന്ന് വൈകിട്ടാണ് ഫൈനൽ.

യുവ്‍രാജ് സിങ് ക്യാപ്റ്റനായ ഇന്ത്യൻ ടീമിൽ ശിഖർ ധവാൻ, ഇർഫാൻ പഠാൻ, യൂസുഫ് പഠാൻ, ഹർഭജൻ സിങ്, സുരേഷ് റെയ്ന, റോബിൻ ഉത്തപ്പ തുടങ്ങിയ മുൻകാല സൂപ്പർ താരങ്ങളും മത്സരിക്കുന്നുണ്ട്. ഗ്രൂപ്പ് ഘട്ടത്തിൽ അഞ്ചിൽ നാലു മത്സരങ്ങളും ജയിച്ച് പാക്കിസ്ഥാൻ ഒന്നാം സ്ഥാനക്കാരായും, ഒരേയൊരു മത്സരം മാത്രം ജയിച്ച് ഇന്ത്യൻ ടീം നാലാം സ്ഥാനക്കാരായും സെമിയിലെത്തിയതോടെയാണ് ഇരു ടീമുകളും നേർക്കുനേർ വരുന്ന സാഹചര്യമുണ്ടായത്. ടൂർണമെന്റിൽ ഏറിയ പങ്കും അവസാന സ്ഥാനക്കാരായിരുന്ന ഇന്ത്യ, അവസാന ഗ്രൂപ്പ് മത്സരത്തിൽ വെസ്റ്റിൻഡീസിനെ 13.2 ഓവറിൽ തോൽപ്പിച്ചാണ് സെമിയിൽ ഇടംപിടിച്ചത്.

ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽനിന്ന് ഇന്ത്യൻ ടീം പിൻമാറിയോടെ ഇരു ടീമുകളിലെയും താരങ്ങൾ തമ്മിൽ കടുത്ത വാക്പോരും ഉടലെടുത്തിരുന്നു. പാക്കിസ്ഥാൻ താരം ഷാഹിദ് അഫ്രീദി, ഇന്ത്യയുടെ പിൻമാറ്റത്തിന് നേതൃത്വം നൽകിയ ശിഖർ ധവാനെ ‘ചീമുട്ട’ എന്നു വിശേഷിപ്പിക്കുകയും ചെയ്തു. ഗ്രൂപ്പ് ഘട്ടത്തിൽ പിൻമാറിയാലും സെമിയിലോ ഫൈനലിലോ പാക്കിസ്ഥാനോട് കളിക്കേണ്ടി വന്നാൽ എന്തു ചെയ്യുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, എന്തു സംഭവിച്ചാലും താൻ കളിക്കാനിറങ്ങില്ല എന്ന് ധവാൻ മറുപടി നൽകിയിരുന്നു.

English Summary:

PCB Bans 'Pakistan' In Private Cricket Leagues After WCL Controversy, says Report

Read Entire Article