
യശസ്വി ജയ്‌സാളും ആകാശ്ദീപും | PTI
കെന്നിങ്ടൺ: ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് 374 റൺസ് വിജയലക്ഷ്യം. രണ്ടാമിന്നിങ്സിൽ ഇന്ത്യ 396 റൺസിന് പുറത്തായി. സെഞ്ചുറിയുമായി യശസ്വി ജയ്‌സാളും അർധസെഞ്ചുറിയുമായി ആകാശ്ദീപും രവീന്ദ്ര ജഡേജയും വാഷിങ്ടൺ സുന്ദറും തിളങ്ങി. ഇംഗ്ലണ്ടിനായി ജോഷ് ടങ്ക് അഞ്ചുവിക്കറ്റെടുത്തു. മറുപടി ബാറ്റേന്തിയ ഇംഗ്ലണ്ട് മൂന്നാംദിനം സ്റ്റമ്പെടുക്കുമ്പോൾ ഒരുവിക്കറ്റ് നഷ്ടത്തിൽ 50 റൺസെന്ന നിലയിലാണ്. ഓപ്പണർ സാക്ക് ക്രോളി (14) ആണ് പുറത്തായത്. 34 റൺസുമായി ബെൻ ഡക്കറ്റ് ക്രീസിലുണ്ട്. രണ്ടുദിവസവും ഒൻപത് വിക്കറ്റും കൈയിലിരിക്കേ ഇനി 324 റൺസെടുത്താൽ ഇംഗ്ലണ്ടിന് ജയിക്കാം.
രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സെന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം കളി ആരംഭിച്ചത്. ജയ്‌സ്വാളിനൊപ്പം നൈറ്റ് വാച്ച്മാനായി ഇറങ്ങിയ ആകാശ്ദീപും ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് പിടികൊടുക്കാതെ സ്‌കോറുയര്‍ത്തി. ടീം സ്കോർ നൂറുകടത്തിയ ഇരുവരും പതിയെ ലീഡുയര്‍ത്തി. അതോടെ ഇംഗ്ലണ്ട് പരുങ്ങലിലായി. ഇംഗ്ലീഷ് ബൗളർമാർ മാറിമാറിയെറിഞ്ഞെങ്കിലും ആകാശ്ദീപിനെ കുടുക്കാനായില്ല. പിന്നാലെ താരം അർധസെഞ്ചുറിയും തികച്ചു. ഇന്ത്യക്കായി ഒരു നൈറ്റ് വാച്ച്മാന്റെ മികച്ച പ്രകടനങ്ങളിലൊന്നാണ് ആകാശ്ദീപിന്റേത്.
94 പന്തില്‍ നിന്ന് 12 ഫോറുകളുടെ അകമ്പടിയോടെ 66 റണ്‍സെടുത്ത ആകാശ്ദീപിനെ ജാമി ഓവർട്ടനാണ് പുറത്താക്കിയത്. താരം പുറത്താവുമ്പോള്‍ 177-3 എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നാലെ ക്രീസിലെത്തിയ നായകൻ ശുഭ്മാൻ ഗില്ലിനും അധികനേരം പിടിച്ചുനിൽക്കാനായില്ല. 11 റൺസെടുത്ത ഗില്ലിനെ ആറ്റ്കിൻസൺ എൽ.ബി.ഡബ്ല്യുവിൽ കുരുക്കി. കരുൺ നായരെ ഒരുവശത്തുനിർത്തി ജയ്സ്വാൾ ഇന്ത്യയെ ഇരുന്നൂറ് കടത്തി. പിന്നാലെ സെഞ്ചുറിയും തികച്ചു.
സ്കോർ 229-ൽ നിൽക്കേ കരുൺ നായർ (17) പുറത്തായി. പിന്നാലെ ജയ്സ്വാളും കൂടാരം കയറി. 118 റൺസാണ് താരത്തിന്റെ സമ്പാദ്യം. അതോടെ ഇന്ത്യ 273-6 എന്ന നിലയിലായി. പിന്നീട് രവീന്ദ്ര ജഡേജയും ധ്രുവ് ജുറലുമാണ് ഇന്ത്യയെ മുന്നൂറ് കടത്തിയത്. ജഡേജ 53 റൺസും ജുറൽ 34 റൺസുമെടുത്ത് പുറത്തായി. മുഹമ്മദ് സിറാജ് ഡക്കായി മടങ്ങി. പിന്നീട് വാഷിങ്ടൺ സുന്ദർ വെടിക്കെട്ട് നടത്തിയതോടെ സ്കോർ കുതിച്ചു. താരം 53 റൺസെടുത്തതോടെ ഇന്ത്യ 396 റൺസിലെത്തി.
ആദ്യ ഇന്നിങ്സിൽ ഇന്ത്യ ഇംഗ്ലണ്ടിനെ 247 റൺസിന് പുറത്താക്കിയിരുന്നു. 23 റൺസിന്റെ ലീഡാണ് ആതിഥേയർക്കുണ്ടായിരുന്നത്. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് അതിവേഗം നൂറുകടന്നെങ്കിലും ഇന്ത്യൻ ബൗളർമാർ മികവുകാട്ടി. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും നാലുവീതംവിക്കറ്റെടുത്തു.
ആദ്യ ഇന്നിങ്സിൽ ഇന്ത്യ 224 റൺസിനാണ് പുറത്തായത്. കരുൺ നായർ ഒഴികെ ഇന്ത്യൻ ബാറ്റർമാർക്കാർക്കും ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തായനായില്ല. കരുൺ 57 റൺസെടുത്ത് പുറത്തായി. ഇംഗ്ലണ്ടിനായി ഗസ് ആറ്റ്കിൻസൺ അഞ്ച് വിക്കറ്റെടുത്തു. പരമ്പരയിൽ 2-1 ന് ഇംഗ്ലണ്ട് മുന്നിലായതിനാൽ ഗില്ലിനും സംഘത്തിനും അതിനിർണായകമാണ് ഓവൽ ടെസ്റ്റ്.
Content Highlights: india england trial series








English (US) ·