Published: August 02 , 2025 05:33 PM IST Updated: August 03, 2025 01:00 AM IST
2 minute Read
ലണ്ടൻ∙ ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ടെസ്റ്റിൽ രണ്ടു ദിവസവും 9 വിക്കറ്റും ബാക്കി നിൽക്കെ ഇംഗ്ലണ്ടിന് ജയിക്കാൻ 324 റൺസ്. നേരത്തെ, രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 396 റൺസെടുത്ത് ഓൾഔട്ടായിരുന്നു. ഇംഗ്ലണ്ടിനു മുന്നിൽ 374 റൺസ് വിജയലക്ഷ്യമാണ് ഇന്ത്യ നൽകിയത്. മൂന്നാം ദിനം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തിൽ 50 റൺസ് എന്ന നിലയിലാണ്. 14 റൺസെടുത്ത സാക് ക്രൗളിയാണ് പുറത്തായത്. ബെൻ ഡക്കറ്റ് (34) ക്രീസിലുണ്ട്.
സെഞ്ചറി നേടിയ യശസ്വി ജയ്സ്വാളാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ ടോപ് സ്കോറർ. 164 പന്തുകൾ നേരിട്ട ജയ്സ്വാൾ രണ്ടു സിക്സുകളും 14 ഫോറുകളും ഉൾപ്പടെ 118 റൺസെടുത്തു. വാഷിങ്ടന്‍ സുന്ദർ (46 പന്തിൽ 53), ആകാശ്ദീപ് (94 പന്തിൽ 66), രവീന്ദ്ര ജഡേജ (77 പന്തിൽ 53) എന്നിവർ അര്‍ധ സെഞ്ചറികൾ നേടി. ധ്രുവ് ജുറേൽ (46 പന്തിൽ 34), കരുൺ നായർ (32 പന്തിൽ 11) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാർ. മൂന്നാം ദിനം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തിൽ 50 റൺസ് എന്ന നിലയിലാണ്. 14 റൺസെടുത്ത സാക് ക്രൗളിയാണ് പുറത്തായത്. ബെൻ ഡക്കറ്റ് (34) ക്രീസിലുണ്ട്.
127 പന്തുകളിൽനിന്നാണ് ജയ്സ്വാൾ ടെസ്റ്റ് കരിയറിലെ ആറാം സെഞ്ചറിയിലെത്തിയത്. ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ 11 റൺസ് മാത്രം നേടി മടങ്ങിയത് രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്കു നിരാശയായി. രണ്ടാം ദിനം ‘നൈറ്റ് വാച്ച്മാനായി’ ഇറങ്ങിയ ആകാശ്ദീപ് മൂന്നാം ദിവസം അർധ സെഞ്ചറിയുമായാണു മടങ്ങിയത്. 12 ബൗണ്ടറികളുമായി തിളങ്ങിയ ആകാശ്ദീപിനെ മൂന്നാം ദിവസം ലഞ്ചിനു തൊട്ടുമുൻപ് ജെയ്മി ഓവർടണിന്റെ പന്തിൽ ഗസ് അക്കിൻസൻ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു.
സ്കോർ 229ൽ നിൽക്കെ കരുൺ നായരെ അക്കിൻസൻ വിക്കറ്റ് കീപ്പര്‍ ജെയ്മി സ്മിത്തിന്റെ കൈകളിലെത്തിച്ചു. 300 കടക്കും മുൻപേ ജയ്സ്വാൾ വീണെങ്കിലും രവീന്ദ്ര ജഡേജയും ധ്രുവ് ജുറേലും തകർത്തടിച്ചതോടെ ഇന്ത്യൻ സ്കോർ ഉയർന്നു. ഏകദിന ശൈലിയിലായിരുന്നു ഇരുവരുടേയും ബാറ്റിങ്. ഒൻപതാം വിക്കറ്റും വീണതോടെ സ്കോർ പരമാവധി ഉയര്‍ത്തുക ലക്ഷ്യമിട്ട് ബൗണ്ടറികൾ കളിക്കാനാണ് വാഷിങ്ടൻ സുന്ദർ ശ്രമിച്ചത്.
39 പന്തുകളിൽ വാഷിങ്ടൻ സുന്ദർ അർധ സെഞ്ചറിയിലെത്തി. 88–ാം ഓവറിലെ അവസാന പന്തിൽ വാഷിങ്ടനെ ജോഷ് ടോങ്ക് സാക് ക്രൗലിയുടെ കൈകളിലെത്തിച്ചതോടെ ഇന്ത്യൻ ഇന്നിങ്സ് 396ൽ അവസാനിച്ചു. നാലു വീതം സിക്സുകളും ഫോറുകളുമാണ് വാഷിങ്ടൻ സുന്ദർ ബൗണ്ടറി കടത്തിയത്. ഇംഗ്ലണ്ടിനായി ജോഷ് ടോങ്ക് അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കി. മത്സരത്തിന്റെ രണ്ടാം ദിനം, രണ്ടാം ഇന്നിങ്സിൽ 18 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 75 റൺസെന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് അവസാനിപ്പിച്ചത്. കെ.എല്‍. രാഹുലും (28 പന്തിൽ ഏഴ്), സായ് സുദർശനുമാണ് (29 പന്തിൽ 11) രണ്ടാം ദിനം പുറത്തായ ബാറ്റർമാർ.
മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 23 റൺസിന്റെ ലീഡ് നേടിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ഇന്ത്യ 69.4 ഓവറിൽ 224 റൺസെടുത്തു പുറത്തായി. അർധ സെഞ്ചറി നേടിയ മലയാളി താരം കരുൺ നായരാണ് ആദ്യ ഇന്നിങ്സിൽ ഇന്ത്യയുടെ ടോപ് സ്കോററായത്. 109 പന്തുകൾ നേരിട്ട കരുൺ 57 റൺസടിച്ചു പുറത്തായി. വാഷിങ്ടൻ സുന്ദർ (55 പന്തിൽ 26), ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (35 പന്തില്‍ 21) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാർ.
മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 51.2 ഓവറിൽ 247 റൺസെടുത്തു പുറത്തായി. ഓപ്പണര്‍ സാക് ക്രൗളിയും (57 പന്തിൽ 64), ഹാരി ബ്രൂക്കും (64 പന്തിൽ 53) അർധ സെഞ്ചറി തികച്ചു. നാലു വിക്കറ്റുകൾ വീതം വീഴ്ത്തിയ മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയുമാണ് ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കിയത്.
English Summary:








English (US) ·