ഇന്ത്യ 471 ന് പുറത്ത്, ആദ്യ ഇന്നിങ്സിൽ മൂന്നുപേർക്ക് സെഞ്ചുറി; ഇം​ഗ്ലണ്ട് തിരിച്ചടിക്കുന്നു

7 months ago 6

gill pant

ഋഷഭ് പന്തും ശുഭ്മാൻ ​ഗില്ലും | AP

ലീഡ്‌സ്: വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ തകർപ്പൻ സെഞ്ചുറിക്കുപിന്നാലെ ബാറ്റർമാരുടെ കൂട്ടത്തകർച്ചകണ്ടതോടെ ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് 471 റൺസിലൊതുങ്ങി. ഒലി പോപ്പിന്റെ അപരാജിതസെഞ്ചുറിയുടെ (100*) പിൻബലത്തിൽ രണ്ടാംദിവസം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് മൂന്നുവിക്കറ്റ് നഷ്ടത്തിൽ 209 റൺസ് നേടി.

ഇന്ത്യയുടെ അവസാന ഏഴുവിക്കറ്റ്‌ 41 റൺസെടുക്കുന്നതിനിടെയാണ് നിലംപൊത്തിയത്. ഇതോടെ 500 റൺസെന്ന സന്ദർശകരുടെ മോഹം നടന്നില്ല. ഋഷഭ് പന്ത് 178 പന്തിൽ 134 റൺസെടുത്തു. കഴിഞ്ഞദിവസം സെഞ്ചുറിപൂർത്തിയാക്കിയിരുന്ന ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ 147 റൺസിന് പുറത്തായി. ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്സും ജോഷ് ടങ്ങും നാലുവീതം വിക്കറ്റുവീഴ്ത്തി.

സൂപ്പർ പന്ത്

മൂന്നുവിക്കറ്റിന് 359 റൺസെന്നനിലയിലാണ് രണ്ടാംദിനം കളി ഇന്ത്യ പുനരാരംഭിച്ചത്. പന്തും ഗില്ലും സ്കോർ വേഗത്തിൽ മുന്നോട്ടുകൊണ്ടുപോയി. ലഞ്ചിനുമുൻപ് പന്ത് സെഞ്ചുറിതികച്ചു. 146 പന്തിൽനിന്നായിരുന്നു ഇന്ത്യൻ താരത്തിന്റെ സെഞ്ചുറി. കരിയറിലെ ഏഴാംശതകമാണ് തികച്ചത്. സ്കോർ 430-ലെത്തിയപ്പോൾ ഗിൽ വീണു. ഷൊയ്ബ് ബഷീറിന്റെ പന്തിൽ ബൗണ്ടറിലൈനിനരികെ ടങ് പിടിച്ചാണ് ഗിൽ പുറത്തായത്. നാലാംവിക്കറ്റിൽ പന്തും ഗില്ലും ചേർന്ന് 209 റൺസാണ് കൂട്ടിച്ചേർത്തത്.

ഗിൽ വീണതോടെ ഇന്ത്യൻ ബാറ്റിങ്ങിന്റെ താളംതെറ്റി. തൊട്ടുപിന്നാലെ കരുൺ നായരും (പൂജ്യം) പുറത്തായി. കവർഡ്രൈവിനുശ്രമിച്ച കരുണിനെ ഒലി പോപ്പ് പറന്നുപിടിക്കുകയായിരുന്നു.

സ്കോർ 453-ലെത്തിയപ്പോൾ പന്ത് പുറത്തായി. ജോഷ് ടങ്ങിന്റെ പന്തിൽ വിക്കറ്റിനുമുന്നിൽ കുരുങ്ങുകയായിരുന്നു. 12 ഫോറും ആറ്‌ സിക്സും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. രവീന്ദ്ര ജഡേജ (11), ശാർദുൽ ഠാക്കൂർ (ഒന്ന്), ജസ്‌പ്രീത് ബുംറ (പൂജ്യം), പ്രസിദ്ധ് കൃഷ്ണ (ഒന്ന്) എന്നിവർ തുടരെ പുറത്തായതോടെ ഇന്ത്യൻ ഇന്നിങ്‌സിന് തിരശ്ശീലവീണു. ജോഷ് ടങ്ങാണ് വാലറ്റത്തെ തുടച്ചുനീക്കിയത്. 86 റൺസിനാണ് നാലുവിക്കറ്റ് വീഴ്ത്തിയത്. സ്റ്റോക്സ് 66 റൺസ് വിട്ടുകൊടുത്ത് നാലുവിക്കറ്റെടുത്തു. ബ്രെണ്ടൻ കാർസിനും ഷൊയ്ബ് ബഷീറിനും ഓരോവിക്കറ്റ് ലഭിച്ചു. ഇന്ത്യൻ ഇന്നിങ്സിനുശേഷം മഴയെത്തിയതോടെ അരമണിക്കൂർ കളി മുടങ്ങി.

ഇംഗ്ലീഷ് മറുപടി

ഒന്നാമിന്നിങ്ങ്‌സ് ആരംഭിച്ച ഇംഗ്ലണ്ട് 49 ഓവറിൽ മൂന്നുവിക്കറ്റ് നഷ്ടത്തിലാണ് 209 റൺസെടുത്തത്. ഒലി പോപ്പ് (100), ഹാരി ബ്രൂക്ക് (0) എന്നിവരാണ് ക്രീസിൽ. ബെൻ ഡെക്കറ്റ് അർധസെഞ്ചുറി (62) നേടി. ജസ്‌പ്രീത് ബുംറയാണ് മൂന്നുവിക്കറ്റും നേടിയത്.

ആദ്യ ഓവറിലെ അവസാനപന്തിൽ ജസ്‌പ്രീത് ബുംറ ഇംഗ്ലീഷ് ഓപ്പണർ സാക് ക്രോളിയെ (നാല്) മടക്കി. സ്ലിപ്പിൽ കരുൺ നായർ പിടികൂടുകയായിരുന്നു. എന്നാൽ, രണ്ടാംവിക്കറ്റിൽ ബെൻ ഡെക്കറ്റ്-ഒലി പോപ്പ് സഖ്യം പൊരുതി. ഇരുവരും 122 റൺസാണ് കൂട്ടിച്ചേർത്തത്. ഒടുവിൽ ഡെക്കറ്റിനെ ബുംറതന്നെ മടക്കി. പോപ്പും ജോ റൂട്ടും (28) മൂന്നാംവിക്കറ്റിൽ 80 റൺസെടുത്തു. പോപ്പ് 131 പന്തിൽ 13 ഫോറിന്റെ അകമ്പടിയോടെയാണ് ശതകം പൂർത്തിയാക്കിയത്.

Content Highlights: amerind cricket squad trial bid vs england

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article