ലീഡ്സ് ∙ ഹെഡിങ്‍ലി സ്റ്റേഡിയത്തിൽ ശുഭ്മൻ ഗില്ലും സംഘവും ഇന്നിറങ്ങുന്നത് ഇന്ത്യൻ ക്രിക്കറ്റിന്റെ പുതുയുഗത്തിലേക്കുള്ള ദീപശിഖയും തെളിച്ചാണ്. സീനിയർ താരങ്ങളുടെ വിരമിക്കലിനു പിന്നാലെ ക്യാപ്റ്റൻസിയിലും ബാറ്റിങ് ഓർഡറിലും അഴിച്ചുപണി നടത്തിയ ഇന്ത്യയുടെ ന്യൂജെൻ സംഘത്തിന്റെ ജൈത്രയാത്ര ഇന്നു തുടങ്ങുന്നു. ഇംഗ്ലണ്ടിനെതിരായ 5 ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ലീഡ്സിലെ ഹെഡിങ്‌ലിയിലാണ്. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30 മുതലാണ് മത്സരം. സോണി ടെൻ ചാനലുകളിൽ തൽസമയം.
18 വർഷം നീണ്ട കാത്തിരിപ്പിനുശേഷം ഐപിഎൽ ട്രോഫിയിൽ കന്നിമുത്തമിട്ട ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ് ടീമിന്റെ നേട്ടമാണ് ഇംഗ്ലണ്ടിൽ ഇന്ത്യൻ ടീമിനും പ്രചോദനം. 18 വർഷം മുൻപ്, 2007ലായിരുന്നു ഇംഗ്ലണ്ടിലെ ഇന്ത്യയുടെ അവസാന ടെസ്റ്റ് പരമ്പര നേട്ടം. ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും വിഖ്യാത താരങ്ങളുടെ പേരിലുള്ള ആൻഡേഴ്സൻ– തെൻഡുൽക്കർ ട്രോഫിയാണ് പരമ്പര ജേതാക്കൾക്ക് സമ്മാനിക്കുന്നത്. ട്രോഫി തെൻഡുൽക്കറും ആൻഡേഴ്സനും ചേർന്ന് ഇന്നലെ അനാവരണം ചെയ്തു.
പരിചയം പോരാ !
വിരാട് കോലിയും രോഹിത് ശർമയും ആർ.അശ്വിനും ഇല്ലാതെയിറങ്ങുന്ന ഇന്ത്യൻ ടീമിന് മുൻപിലുള്ള ഏറ്റവും വലിയ വെല്ലുവിളി പരിചയസമ്പത്ത് തന്നെയാണ്. ഇവർ 3 പേരും ചേർന്ന് ആകെ 296 മത്സരങ്ങൾ കളിച്ചപ്പോൾ നിലവിലെ ഇന്ത്യയുടെ 18 അംഗ സംഘത്തിന്റെ ആകെ ടെസ്റ്റ് മത്സര പരിചയം 371 മാത്രമാണ്. 153 ടെസ്റ്റ് മത്സരങ്ങളിൽ 13,006 റൺസ് നേടിയിട്ടുള്ള ജോ റൂട്ടാണ് ഇംഗ്ലണ്ട് ബാറ്റിങ്ങിന്റെ നെടുംതൂണെങ്കിൽ 58 ടെസ്റ്റുകളിൽ 3257 റൺസ് നേടിയ കെ.എൽ.രാഹുലാണ് ഇന്ത്യൻ സംഘത്തിലെ ടോപ് സ്കോറർ. രാഹുലിനു പുറമേ 50 ടെസ്റ്റ് മത്സരങ്ങൾ പിന്നിട്ടത് രവീന്ദ്ര ജഡേജ മാത്രം. 18 അംഗ ഇന്ത്യൻ ടീമിലെ 7 പേർ ഇംഗ്ലണ്ടിൽ ഇതുവരെ ടെസ്റ്റ് കളിച്ചിട്ടുമില്ല. അഭിമന്യു ഈശ്വരൻ, സായ് സുദർശൻ, അർഷ്‌ദീപ് സിങ് എന്നിവർ അരങ്ങേറ്റ മത്സരത്തിനായി കാത്തിരിക്കുകയാണ്.
ആശങ്ക, മൂന്നുതരം
2 ദിവസം മുൻപ് ഇംഗ്ലണ്ട് പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചെങ്കിലും സമീപകാലത്തെ ഏറ്റവും വലിയ സിലക്‌ഷൻ തലവേദനയാണ് ഇന്ത്യൻ ടീം മാനേജ്മെന്റിനിപ്പോൾ. യശസ്വി ജയ്സ്വാളിനൊപ്പം കെ.എൽ.രാഹുൽ ബാറ്റിങ് ഓപ്പൺ ചെയ്യും. വിരാട് കോലിയുടെ പൊസിഷനായ നാലാം നമ്പറിൽ ശുഭ്മൻ ഗിൽ എത്തുമെന്നും താൻ അഞ്ചാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങുമെന്നും വൈസ് ക്യാപ്റ്റൻ ഋഷഭ് പന്ത് വ്യക്തമാക്കി. സായ് സുദർശൻ മത്സരരംഗത്തുണ്ടെങ്കിലും വൺഡൗൺ പൊസിഷനിൽ കരുൺ നായർ എത്താനാണ് കൂടുതൽ സാധ്യത. ജസ്പ്രീത് ബുമ്രയ്ക്കും മുഹമ്മദ് സിറാജിനുമൊപ്പം മൂന്നാം പേസറാകാൻ മത്സരിക്കുന്നത് 3 പേരാണ്; ആകാശ് ദീപ്, അർഷ്‍ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ. നിതീഷ് കുമാർ റെഡ്ഡി, ഷാർദൂൽ ഠാക്കൂർ എന്നീ 2 പേസ് ബോളിങ് ഓൾറൗണ്ടർമാർ, രവീന്ദ്ര ജഡേജയ്ക്കൊപ്പം രണ്ടാം സ്പിന്നറായി കുൽദീപ് യാദവ്, ഒരു പേസ് ബോളിങ് ഓൾറൗണ്ടറും ഒരു സ്പെഷലിസ്റ്റ് ബാറ്ററും; ഇതിൽ ഏത് ഓപ്ഷനിൽ ടീം മാനേജ്മെന്റ് മനസ്സുറപ്പിക്കും എന്നതിനെ ആശ്രയിച്ചാകും ഇന്ത്യയുടെ അന്തിമ ഇലവൻ.
ഇംഗ്ലണ്ടിന് റൂട്ട് മാപ്പ്!
ഇന്ത്യയ്ക്കെതിരെ ഉജ്വല റെക്കോർഡുള്ള ജോ റൂട്ടിന്റെ ബാറ്റിൽ പ്രതീക്ഷയർപ്പിച്ചാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. 10 സെഞ്ചറിയടക്കം 58 റൺസ് ശരാശരിയിൽ 2846 റൺസാണ് റൂട്ട് ഇന്ത്യയ്ക്കെതിരെ മാത്രം ടെസ്റ്റിൽ നേടിയത്. ഇന്ത്യയ്ക്കെതിരെ മറ്റൊരു ബാറ്റർക്കും അവകാശപ്പെടാനാകാത്ത നേട്ടം. എന്നാൽ റൂട്ടിന്റെ പേടി സ്വപ്നമായ ഒരാൾ ഇന്ത്യൻ നിരയിലുമുണ്ട്. ടെസ്റ്റിൽ 9 തവണ റൂട്ടിനെ പുറത്താക്കിയിട്ടുള്ള ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര. ഇന്ത്യയ്ക്കെതിരെ മികച്ച റെക്കോർഡുള്ള മുപ്പത്താറുകാരൻ പേസ് ബോളർ ക്രിസ് വോക്സിനെ ടീമിലേക്കു തിരിച്ചുവിളിച്ചതാണ് ഇംഗ്ലണ്ട് ടീമിലെ പ്രധാന മാറ്റം. ഇന്ത്യയ്ക്കെതിരെ സെഞ്ചറിയും നേടിയിട്ടുള്ള താരമാണ് വോക്സ്. ബെൻ സ്റ്റോക്സ് നയിക്കുന്ന ഇംഗ്ലണ്ട് ഇലവനിൽ ശുഐബ് ബഷീറാണ് ഏക സ്പിന്നർ.
ഗംഭീറിനും നിർണായകം
കോലിയുടെയും രോഹിത്തിന്റെയും വിരമിക്കലിലൂടെ ടീമിൽ പൂർണ നിയന്ത്രണം നേടിയെടുത്തെങ്കിലും ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനും ഇംഗ്ലണ്ട് പരമ്പര പരീക്ഷണ വേദിയാണ്. ഗംഭീറിനു കീഴിൽ 10 ടെസ്റ്റുകൾ കളിച്ച ഇന്ത്യൻ ടീം 6 മത്സരങ്ങൾ തോറ്റപ്പോൾ വിജയിച്ചത് 3 ടെസ്റ്റുകളിൽ മാത്രം. ന്യൂസീലൻഡിനെതിരെ നാട്ടിൽ നടന്ന പരമ്പരയിലെ സമ്പൂർണ തോൽവിയും ബോർഡർ– ഗാവസ്കർ പരമ്പരയിലെ തിരിച്ചടിയും ഗംഭീറിന്റെ പരിശീലക കരിയറിലെ ബ്ലാക്ക് മാർക്കുകളായി.
ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് ഇതുവരെ
മത്സരങ്ങൾ: 136
ഇന്ത്യ – ജയം: 35
ഇംഗ്ലണ്ട് – ജയം: 51
സമനില: 50
ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ്: വ്യക്തിഗത റെക്കോർഡുകൾ
∙ കൂടുതൽ റൺസ് : ജോ റൂട്ട് (2846 റൺസ്)
∙ കൂടുതൽ വിക്കറ്റ്: ജയിംസ് ആൻഡേഴ്സൻ
(149 വിക്കറ്റുകൾ)
∙ ഉയർന്ന സ്കോർ : ഗ്രഹാം ഗുച്ച് (333, 1990)
∙ കൂടുതൽ സെഞ്ചറികൾ: ജോ റൂട്ട് (10)
∙ മികച്ച ബോളിങ്: ഇയാൻ ബോതം 13/ 106
(1980, മുംബൈ)
∙ 5 വിക്കറ്റ് നേട്ടം: ബി. എസ്. ചന്ദ്രശേഖർ,
ആർ അശ്വിൻ (8 തവണ)
∙ 10 വിക്കറ്റ് നേട്ടം: അലക് ബെഡ്സർ
(2 തവണ)
English Summary:








English (US) ·