രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും വിരമിക്കലിന് പിന്നാലെ പുതിയ ഇന്ത്യന്‍ ടെസ്റ്റ് ടീമിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ക്യാപ്റ്റനായും ഓപ്പണറായുമൊക്കെ ബിസിസിഐക്ക് താരങ്ങളെ കണ്ടെത്തേണ്ടതുണ്ട്. ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യ എ ടീമിന് രണ്ട് മത്സരങ്ങളുണ്ട്. ഐപിഎല്‍ നീട്ടിവെച്ചതിനാല്‍ ഈ മത്സരങ്ങള്‍ക്കും മാറ്റം വന്നേക്കാം. ആഭ്യന്തരക്രിക്കറ്റില്‍ മിന്നും ഫോമില്‍ കളിക്കുന്ന താരങ്ങള്‍ക്ക് ഇന്ത്യ എ ടീമിലും പ്രകടനങ്ങള്‍ ആവര്‍ത്തിക്കാനായാല്‍ ഇംഗ്ലണ്ടിനെതിരേ ആദ്യ ഇലവനില്‍ ഇടംപിടിക്കാം. ജൂണ്‍ 20 മുതലാണ് ഇംഗ്ലണ്ട് പര്യടനം ആരംഭിക്കുന്നത്.
ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ റിപ്പോര്‍ട്ട് പ്രകാരം യശസ്വി ജയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍ തുടങ്ങിയവര്‍ ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ടെസ്റ്റില്‍ ഇന്ത്യ എ ടീമിനായി കളത്തിലിറങ്ങും. ബിസിസിഐ സെലക്ടര്‍മാര്‍ 14-അംഗ സ്‌ക്വാഡിനെ തിരഞ്ഞെടുത്തതായാണ് വിവരം. ഐപിഎല്ലില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ ടീമുകളിലെ താരങ്ങളെയും ഉള്‍പ്പെടുത്തിയാണ് ഇന്ത്യ എ സ്‌ക്വാഡിനെ തിരഞ്ഞെടുത്തിരിക്കുന്നത്.
കരുണ്‍ നായര്‍, നിതീഷ് കുമാര്‍, അഭിമന്യു ഈശ്വരന്‍, ധ്രുവ് ജുറല്‍, ശാര്‍ദുല്‍ താക്കൂര്‍, തനുഷ് കോട്ടിയാന്‍, ആകാശ് ദീപ്, ഖലീല്‍ അഹമ്മദ്, അന്‍ഷുല്‍ കാംബോജ് എന്നിവര്‍ ടീമിലുള്‍പ്പെട്ടേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഐപിഎല്ലില്‍ കളിക്കാത്ത സര്‍ഫറാസ് ഖാന്‍ ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് പോകും. പരിക്കേറ്റ ആര്‍സിബി നായകന്‍ രജത് പാട്ടിദാര്‍ പര്യടനത്തിന്റെ ഭാഗമായേക്കില്ല.
ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഇന്ത്യ എ യുടെ രണ്ടാം മത്സരത്തില്‍ കളിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ എ ടീമിലെ താരങ്ങളുടെ പ്രകടനം സ്‌ക്വാഡ് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും. വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്ക് പകരക്കാരെ കണ്ടെത്തേണ്ടതുണ്ട്. രോഹിത് ശര്‍മയ്ക്ക് പകരം ഒരു ഓപ്പണറേയും കോലിക്ക് പകരം ഒരു നാലാം നമ്പര്‍ താരത്തേയും തിരഞ്ഞെടുക്കേണ്ടത് ബിസിസിഐ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ഇന്ത്യ എ ടീം മത്സരങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാവും ഇത് കണ്ടെത്തുക.
അഭിമന്യു ഈശ്വരന്‍, സായ് സുദര്‍ശന്‍, കരുണ്‍ നായര്‍ എന്നീ താരങ്ങള്‍ക്ക് ടെസ്റ്റ് ടീമില്‍ ഇടംപിടിക്കാനുള്ള അവസരം കൂടിയാണ് വരാനിരിക്കുന്ന മത്സരങ്ങള്‍. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെട്ടിട്ടും പലപ്പോഴും ഇവര്‍ ഇന്ത്യന്‍ ടീമില്‍ പരിഗണിക്കപ്പെട്ടിരുന്നില്ല. അതേസമയം ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യക്കായി കളിക്കുമെന്നുറപ്പാണ്.
Content Highlights: india a squad england bid jaiswal ishan kishan report








English (US) ·