Published: August 14, 2025 01:41 PM IST Updated: August 14, 2025 02:13 PM IST
1 minute Read
ഇസ്‍ലാമാബാദ്∙ വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ വഴങ്ങിയ കൂറ്റൻ തോൽവിക്കു പിന്നാലെ, പാക്കിസ്ഥാൻ ടീമിനെതിരെ രൂക്ഷ വിമർശനമുയർത്തി മുൻ താരങ്ങൾ. ബാറ്റിങ്ങിന് അനുകൂലമായ ഹോംഗ്രൗണ്ടിലെ പിച്ച് പോകുന്നിടത്തെല്ലാം കൊണ്ടുപോകാനാകില്ലെന്ന പരിഹാസവുമായി മുൻ താരം ശുഐബ് അക്തർ രൂക്ഷ വിമർശനം ഉയർത്തി. ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽനിന്ന് ഇന്ത്യ പിൻമാറണമേ എന്നാണ് പ്രാർഥിക്കുന്നതെന്നും, നാണക്കേട് ഒഴിവാക്കാൻ വേറെ വഴിയൊന്നും കാണുന്നില്ലെന്നും മുൻ താരം ബാസിത് അലിയും പരിഹസിച്ചു.
‘‘ലെജൻഡ്സ് ലോക ക്രിക്കറ്റ് ടൂർണമെന്റിൽ സംഭവിച്ചതുപോലെ, ഏഷ്യാ കപ്പിലും ഇന്ത്യ പാക്കിസ്ഥാനെതിരായ മത്സരം ബഹിഷ്കരിക്കണമേ എന്ന് ഞാൻ പ്രാർഥിക്കുന്നു. അല്ലെങ്കിൽ നമുക്ക് ഊഹിക്കാനാകുന്നതിലും വലിയ തോൽവിയായിരിക്കും അവർ നമുക്ക് സമ്മാനിക്കുക’ – ഒരു യുട്യൂബ് ചാനലിലെ പരിപാടിയിൽ ബാസിത് അലി പറഞ്ഞു.
ഇപ്പോഴത്തെ സാഹചര്യത്തിൽ അഫ്ഗാനിസ്ഥാനെതിരെ പോലും ടീം ജയിക്കുമെന്ന് പ്രതീക്ഷിക്കാനാകില്ലെന്ന് അവതാരകൻ ചൂണ്ടിക്കാട്ടിയപ്പോൾ, അതിനെ ശരിവയ്ക്കുന്നതായിരുന്നു ബാസിത് അലിയുടെ മറുപടി. ‘‘നമ്മൾ അഫ്ഗാനിസ്ഥാനോട് തോറ്റാലും ഇവിടെയുള്ളവർ അത് കാര്യമായിട്ടെടുക്കില്ല. പക്ഷേ, ഇന്ത്യയോട് തോറ്റാൽ ആരാധകർക്ക് വട്ടായിപ്പോകും’ – ബാസിത് അലി ചൂണ്ടിക്കാട്ടി.
വെസ്റ്റിൻഡീസിനെതിരായ കൂറ്റൻ തോൽവിയോടെ, ഏകദിന പരമ്പരയും പാക്കിസ്ഥാൻ കൈവിട്ടിരുന്നു. ആദ്യ മത്സരത്തിൽ വിജയത്തോടെ തുടങ്ങിയ പാക്കിസ്ഥാൻ, രണ്ടും മൂന്നും മത്സരങ്ങളിൽ തോൽവി വഴങ്ങിയാണ് പരമ്പര കൈവിട്ടത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത വിൻഡീസ് നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 294 റൺസ്. മറുപടി ബാറ്റിങ്ങിൽ കൂട്ടത്തോടെ തകർന്നടിഞ്ഞ പാക്കിസ്ഥാൻ, ട്വന്റി20 ഫോർമാറ്റിനേപ്പോലും നാണിപ്പിക്കുന്ന പ്രകടനത്തോടെ 29.2 ഓവറിൽ വെറും 92 റൺസിൽ ഒതുങ്ങി. ഇതോടെ വിൻഡീസ് സ്വന്തമാക്കിയത് 202 റൺസിന്റെ കൂറ്റൻ വിജയം.
രണ്ടു പേർ ഗോൾഡൻ ഡക്കും (ആദ്യ പന്തിൽ പുറത്ത്) മൂന്നു പേർ ഡക്കുമായ പാക്കിസ്ഥാൻ ഇന്നിങ്സിൽ, രണ്ടക്കത്തിലെത്തിയത് മൂന്നു പേർ മാത്രം. 49 പന്തിൽ മൂന്നു ഫോറുകൾ സഹിതം 30 റൺസെടുത്ത സൽമാൻ ആഗയാണ് അവരുടെ ടോപ് സ്കോറർ. മുഹമ്മദ് നവാസ് 29 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 23 റൺസുമായി പുറത്താകാതെ നിന്നു. 40 പന്തിൽ 13 റൺസെടുത്ത ഹസൻ നവാസാണ് രണ്ടക്കത്തിലെത്തിയ മൂന്നാമൻ. ക്യാപ്റ്റൻ കൂടിയായ മുഹമ്മദ് റിസ്‌വാൻ, അബ്രാർ അഹമ്മദ് എന്നിവരാണ് പാക്ക് നിരയിൽ ഗോൾഡൻ ഡക്കായത്. ഓപ്പണർമാരായ സയിം അയൂബ്, അബ്ദുല്ല ഷഫീഖ്, ഹസൻ അലി എന്നിവർ ഡക്കായി. സൂപ്പർതാരം ബാബർ അസം 23 പന്തിൽ ഒരു ഫോർ സഹിതം ഒൻപതു റൺസെടുത്ത് പുറത്തായി.
English Summary:








English (US) ·