Published: August 07, 2025 05:46 PM IST
1 minute Read
ലഹോർ∙ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലെ ഗംഭീര പ്രകടനത്തിനു പിന്നാലെ ഇന്ത്യൻ ടീം പന്തിൽ കൃത്രിമം കാട്ടിയതായി ആരോപണമുയർത്തി പാക്കിസ്ഥാൻ മുൻ പേസർ ഷബിർ അഹമ്മദ് ഖാൻ. ഓവലിൽ നടന്ന മത്സരത്തിനിടെ ഇന്ത്യൻ പേസര്‍മാരായ മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ചേർന്ന് പന്തിൽ കൃത്രിമം കാട്ടിയതായാണ് പാക്ക് താരത്തിന്റെ കണ്ടെത്തൽ. ഇന്ത്യ വിജയിച്ച മത്സരത്തിന്റെ നാല്, അഞ്ച് ദിവസത്തെ കളികളിൽ ഉപയോഗിച്ച പന്ത് ലാബിൽ പരിശോധനയ്ക്ക് അയക്കണമെന്നും പാക്ക് താരം ആവശ്യപ്പെട്ടു.
അഞ്ചാം ടെസ്റ്റിൽ ആറു റൺസ് വിജയമാണ് ഇന്ത്യ നേടിയത്. വിജയത്തോടെ പരമ്പര 2–2 എന്ന നിലയിൽ സമനിലയിലാക്കാനും ഇന്ത്യയ്ക്കു സാധിച്ചിരുന്നു. ‘‘ഇന്ത്യ പന്തിൽ വാസ്‍ലിൻ ഉപയോഗിച്ചിട്ടുണ്ടെന്നാണ് എനിക്കു തോന്നുന്നത്. 80 ഓവറുകൾ ഒക്കെ കഴിഞ്ഞിട്ടും പന്ത് പുതിയതുപോലെ തിളങ്ങുകയാണ്. ഇന്ത്യ ജയിച്ച മത്സരത്തിലെ പന്ത് അംപയർമാർ ഇടപെട്ട് ലാബിലേക്ക് അയച്ചു പരിശോധിക്കണം.’’– ഷബിർ അഹമ്മദ് ഖാൻ ആവശ്യപ്പെട്ടു.
അഞ്ചാം ടെസ്റ്റിന്റെ അവസാന ദിവസം ഗംഭീര പ്രകടനത്തിലൂടെയാണ് ഇന്ത്യ മത്സരം പിടിച്ചെടുത്തത്. 374 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 367ന് ഓൾഔട്ടായി. ആദ്യ ഇന്നിങ്സില്‍ നാലും രണ്ടാം ഇന്നിങ്സിൽ അഞ്ചും വിക്കറ്റുകൾ വീഴ്ത്തിയ പേസർ മുഹമ്മദ് സിറാജാണു കളിയിലെ താരം.
പ്രസിദ്ധ് കൃഷ്ണ രണ്ട് ഇന്നിങ്സുകളിലുമായി എട്ടു വിക്കറ്റുകൾ സ്വന്തമാക്കി. ഇന്ത്യൻ പേസർമാർ തകർത്തെറിഞ്ഞതോടെയാണ് പന്തിൽ കൃത്രിമമെന്ന ആരോപണവുമായി പാക്ക് മുൻ താരം രംഗത്തെത്തിയത്. പാക്കിസ്ഥാനു വേണ്ടി 10 ടെസ്റ്റുകളും 32 ഏകദിനങ്ങളും കളിച്ചിട്ടുള്ള താരമാണ് ഷബിർ അഹമ്മദ് ഖാൻ.
English Summary:








English (US) ·