
യുവ്‌രാജ് സിങ് | AFP, ഷാഹിദ് അഫ്രീദി | AP
ന്യൂഡല്‍ഹി: ക്രിക്കറ്റ് മൈതാനത്ത് വീണ്ടും ഇന്ത്യ-പാക് പോരാട്ടം. ഞായറാഴ്ച വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ടൂര്‍ണമെന്റിലാണ് ഇരു രാജ്യങ്ങളും ഏറ്റുമുട്ടുന്നത്. ഇന്ത്യ ചാമ്പ്യന്‍സും പാകിസ്താന്‍ ചാമ്പ്യന്‍സുമാണ് ഏറ്റുമുട്ടുന്നത്. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇതാദ്യമായാണ് ഇന്ത്യയും പാകിസ്താനും ക്രിക്കറ്റിൽ ഏറ്റുമുട്ടുന്നത്. അതിനാൽ തന്നെ പാകിസ്താനുമായി കളിക്കുന്നതിനെതിരേ വന്‍ വിമര്‍ശനങ്ങളാണ് ഇന്ത്യൻ ആരാധകർ ഉയർത്തുന്നത്.
സാമൂഹികമാധ്യമങ്ങളില്‍ കടുത്ത ഭാഷയിലാണ് ആരാധകര്‍ പ്രതികരിക്കുന്നത്. പാകിസ്താനെതിരേ കളിക്കരുതെന്ന ആവശ്യമാണ് പ്രധാനമായും ഉന്നയിക്കപ്പെടുന്നത്. കുറ്റവാളികള്‍ക്കൊപ്പം എന്തിനാണ് കളിക്കുന്നതെന്നടക്കം രൂക്ഷമായ പ്രതികരണങ്ങളും ഉയരുന്നു.
ഇരുരാജ്യങ്ങളിലെയും മുന്‍ താരങ്ങള്‍ ടീമില്‍ അണിനിരക്കുന്നുണ്ട്. യുവ്‌രാജ് സിങ്ങാണ് ഇന്ത്യയെ നയിക്കുന്നത്. സുരേഷ് റെയ്‌ന, മുഹമ്മദ് കൈഫ്, ഇര്‍ഫാന്‍ പഠാന്‍, റോബിന്‍ ഉത്തപ്പ, ഹര്‍ഭജന്‍ സിങ് തുടങ്ങിയ താരങ്ങള്‍ ഇന്ത്യന്‍ സംഘത്തിലുണ്ട്. എന്നാൽ ഇവരിൽ ചിലർ ഞായറാഴ്ച കളിച്ചേക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. സ്പോർട്സ് ടാക്കിന്റെ റിപ്പോർട്ട് പ്രകാരം ടീമിലെ പ്രമുഖരായ മൂന്ന് താരങ്ങള്‍ ഞായറാഴ്ച കളിക്കിച്ചേക്കില്ല.
യൂനിസ് ഖാനാണ് പാക് ടീമിനെ നയിക്കുന്നത്. ഷൊയ്ബ് മാലിക്, മുഹമ്മദ് ആമിര്‍, കമ്രാന്‍ അക്മല്‍ എന്നിവര്‍ പാക് ടീമിലുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ വിവാദപരാമർശം നടത്തിയ ഷാഹിദ് അഫ്രിദിയും പാക് സംഘത്തിലുണ്ട്. അഫ്രീദി പാക് മാധ്യമങ്ങളിലൂടെ ഇന്ത്യന്‍ സുരക്ഷാ സേനയ്‌ക്കെതിരെയാണ് മോശം പരാമര്‍ശങ്ങള്‍ നടത്തിയത്. ഇത് വൻ വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു.
ഈ വർഷം നടക്കുന്ന ഏഷ്യാ കപ്പിലും വനിതാ ലോകകപ്പിലും ഇന്ത്യ-പാക് പോരാട്ടമുണ്ടാകും. സെപ്റ്റംബറില്‍ നടക്കുന്ന ഏഷ്യാ കപ്പ് ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ആതിഥേയര്‍ ഇന്ത്യയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും ആതിഥേയത്വം വഹിക്കുന്ന ഏഷ്യാ കപ്പ് ടൂര്‍ണമെന്റുകള്‍ നിഷ്പക്ഷ വേദികളിലോ അല്ലെങ്കില്‍ ഹൈബ്രിഡ് മോഡലുകളിലോ നടത്താറാണ് പതിവ്. ഇത്തവണയും ഇത് നടപ്പിലാക്കും. എന്നാൽ ഏഷ്യാ കപ്പ് മത്സരക്രമം ഇനിയും പുറത്തുവന്നിട്ടില്ല.
ഐസിസി ടൂര്‍ണമെന്റുകളിലും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് കീഴില്‍ നടക്കുന്ന ഏഷ്യാ കപ്പിലും മാത്രമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കാറുള്ളത്. 2008-ലെ മുംബൈ ഭീകരാക്രമണത്തോടെ തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം വഷളായിരുന്നു. ആക്രമണത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധങ്ങള്‍ വഷളായതിനാല്‍, 2008-ല്‍ ഏഷ്യാ കപ്പില്‍ പങ്കെടുത്തതിനുശേഷം ഇന്ത്യ, പാകിസ്താനില്‍ പര്യടനം നടത്തിയിട്ടില്ല.
അടുത്തിടെ പാകിസ്താനില്‍ നടന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായും ഇന്ത്യ, പാകിസ്താനിലേക്ക് യാത്ര ചെയ്തിരുന്നില്ല. പകരം ടൂര്‍ണമെന്റി ഹൈബ്രിഡ് മോഡലിലാക്കി ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായില്‍ നടത്തുകയായിരുന്നു. 2024-2027 കാലത്തില്‍ ഇന്ത്യയിലോ പാകിസ്താനിലോ നടക്കുന്ന എല്ലാ ഐസിസി ടൂര്‍ണമെന്റുകള്‍ക്കും ഹൈബ്രിഡ് മോഡല്‍ ഏര്‍പ്പെടുത്താന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) തീരുമാനിച്ചിരുന്നു.
Content Highlights: india pakistan World Championship of Legends lucifer criticism








English (US) ·