03 August 2025, 10:20 AM IST

ഇന്ത്യൻ ആരാധകർ | AFP
ന്യൂഡല്‍ഹി: ഏഷ്യാ കപ്പ് ടൂര്‍ണമെന്റിന്റെ വേദികള്‍ പ്രഖ്യാപിച്ച് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍. ടൂര്‍ണമെന്റ് യുഎഇയില്‍ വെച്ചാണ് നടക്കുന്നത്. അബുദാബി, ദുബായ് എന്നിങ്ങനെ രണ്ടു വേദികളാണുള്ളത്. ഇന്ത്യ-പാകിസ്താന്‍ ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം സെപ്റ്റംബര്‍ 14-ന് ദുബായില്‍ വെച്ചാണ് നടക്കുന്നത്. സെപ്റ്റംബര്‍ 9 മുതല്‍ 28 വരെയാണ് ടൂര്‍ണമെന്റ്.
ആറ് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ആകെ 19 മത്സരങ്ങളാണുണ്ടാവുക. ഇതിൽ 11 മത്സരങ്ങൾ അബുദാബിയിലും 8 മത്സരങ്ങൾ ദുബായിലും നടക്കും. ഇന്ത്യയും പാകിസ്താനും യുഎഇയും ഒമാനും ഒരേ ഗ്രൂപ്പിലാണ്. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, ഹോങ്കോങ് എന്നീ രാജ്യങ്ങള്‍ രണ്ടാമത്തെ ഗ്രൂപ്പിലും. ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ടു ടീമുകള്‍ സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടും. സൂപ്പര്‍ ഫോറില്‍ ഓരോ ടീമും മറ്റ് മൂന്ന് ടീമുകളുമായി ഓരോ തവണ ഏറ്റുമുട്ടും. ഇതില്‍ മികച്ച രണ്ട് ടീമുകള്‍ ഫൈനലില്‍ കളിക്കും.
അങ്ങനെ വന്നാല്‍ ഇന്ത്യയും പാകിസ്താനും മൂന്നു തവണവരെ ഏറ്റുമുട്ടാനുള്ള സാധ്യതയുണ്ട്. സെപ്റ്റംബര്‍ 14-ന് ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ മത്സരം. സൂപ്പര്‍ ഫോറിലേക്ക് ഇരു ടീമുകളും യോഗ്യത നേടുന്ന പക്ഷം അവിടെയും നേര്‍ക്കുനേര്‍ വരും. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇതുവരെ സംഭവിക്കാത്ത ഒരു ഇന്ത്യ-പാക് ഫൈനലിനാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ടീമുകള്‍ സെപ്റ്റംബര്‍ ഏഴോടെ യുഎഇയിലെത്തും. സന്നാഹ മത്സരങ്ങളുണ്ടോ എന്നതില്‍ ഇതുവരെ വ്യക്തതയില്ല. 2023 ഏഷ്യാ കപ്പില്‍ നിലവിലെ ചാമ്പ്യന്മാരാണ് ഇന്ത്യ. 50 ഓവര്‍ ഫോര്‍മാറ്റില്‍ നടന്ന മത്സരത്തില്‍ ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്താണ് ഇന്ത്യ കിരീടം നേടിയത്.
Content Highlights: india pak asia cupful cricket dubai








English (US) ·