22 September 2025, 08:20 PM IST

സൂര്യകുമാർ യാദവും സൽമാൻ ആഗയും | AP
ദുബായ്: പോരാട്ടച്ചൂടിലാണ് ഏഷ്യാ കപ്പ് ക്രിക്കറ്റ്. സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ക്ക് തുടക്കമായതോടെ ആവേശം അതിരു കടക്കുകയാണ്. ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാന്‍ ടീമുകളെല്ലാം കഠിന പ്രയത്‌നത്തിലുമാണ്. സൂപ്പര്‍ ഫോറില്‍ കടന്ന നാല് ടീമുകളില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ ഫൈനലിലെത്തും. നിലവില്‍ എല്ലാ ടീമുകളും ഒരു മത്സരം മാത്രമാണ് കളിച്ചത്. വരാനിരിക്കുന്ന മത്സരങ്ങള്‍ അതിനിര്‍ണായകമാണ്.
ഗ്രൂപ്പ് എ യില്‍ നിന്ന് ജേതാക്കളായി ഇന്ത്യയും രണ്ടാമതെത്തിയ പാകിസ്താനുമാണ് സൂപ്പര്‍ ഫോറിലെത്തിയത്. ഗ്രൂപ്പ് ബിയിലാകട്ടെ ശ്രീലങ്ക ഒന്നാമതായി സൂപ്പര്‍ ഫോറിലെത്തിയപ്പോള്‍ പിന്നാലെ ബംഗ്ലാദേശും കടന്നു. ശ്രീലങ്കയും ഇന്ത്യയും മാത്രമാണ് അപരാജിതരായി ഗ്രൂപ്പ് ഘട്ടം കടന്നത്. എന്നാല്‍ ലങ്കയ്ക്ക് സൂപ്പര്‍ ഫോറിലെ ആദ്യ മത്സരം പിഴച്ചു. ബംഗ്ലാദേശിനോട് ടീം തോറ്റു. അതേസമയം ഗ്രൂപ്പ് ഘട്ടത്തിന് സമാനമായി സൂപ്പര്‍ ഫോറിലും ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തി.
സൂപ്പര്‍ ഫോര്‍ പട്ടികയില്‍ നിലവില്‍ ഇന്ത്യ ഒന്നാമതും ബംഗ്ലാദേശ് രണ്ടാമതുമാണ്. എന്നാല്‍ ലങ്കയ്ക്കും പാകിസ്താനും ഇനിയും ഫൈനലിലെത്താനുള്ള സാധ്യതകള്‍ ശേഷിക്കുന്നുണ്ട്. നിലവില്‍ ആരും ഫൈനല്‍ ടിക്കറ്റെടുത്തിട്ടില്ലെന്നര്‍ഥം. ഒരു ജയം കൂടി നേടാനായാല്‍ ഇന്ത്യക്കും ബംഗ്ലാദേശിനും ഫൈനല്‍ പ്രവേശനം ഏറെക്കുറെ ഉറപ്പിക്കാനാകും. പാകിസ്താനും ശ്രീലങ്കയ്ക്കും ശേഷിക്കുന്ന മത്സരങ്ങള്‍ ജയിച്ചേ മതിയാകൂ. തോറ്റാല്‍ ടൂര്‍ണമെന്റില്‍ പുറത്തേക്കുള്ള വഴിതെളിയും.
ഫൈനലിലെത്താന്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളിലൊന്ന് ഇന്ത്യ തന്നെയാണ്. ടൂര്‍ണമെന്റില്‍ മിന്നും ഫോമിലാണ് ഇന്ത്യ. അതേസമയം ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകളെ പരാജയപ്പെടുത്തിയാല്‍ പാകിസ്താനും കലാശപ്പോരിന് ടിക്കറ്റെടുക്കാം. അങ്ങനെയെങ്കില്‍ ഇന്ത്യ-പാക് സ്വപ്‌ന ഫൈനലും നടക്കും. അതായത് മൂന്നാം തവണയും ഇന്ത്യ-പാക് പോരാട്ടം നടക്കാനുള്ള സാധ്യതയും വിദൂരമല്ല.
Content Highlights: india pakistan asia cupful last chances








English (US) ·