ഇസ്ലാമാബാദ്: ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ സൂപ്പര്‍ ലീഗിലെ (പിഎസ്എല്‍) ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയിലേക്ക് മാറ്റി. വിവിധ ഫ്രാഞ്ചൈസികളുടെ ഭാഗമായുള്ള വിദേശ താരങ്ങളുടെ ആശങ്ക കണക്കിലെടുത്താണ് തീരുമാനമെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) അറിയിച്ചു.
റാവല്‍പിണ്ടിയിലെ ക്രിക്കറ്റ് സ്റ്റേഡിയം ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിഎസ്എലിലെ പെഷവാര്‍ സല്‍മി കറാച്ചി കിങ്‌സ് മത്സരം ആരംഭിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പായിരുന്നു സംഭവം. ആക്രമണത്തില്‍ സ്റ്റേഡിയം തകര്‍ന്നതായി പിസിബി ചെയര്‍മാന്‍ മുഹ്‌സിന്‍ നഖ്‌വി പറഞ്ഞിരുന്നു. ഇതും മത്സരങ്ങള്‍ മാറ്റുന്നതിന് കാരണമായി. യുഎഇയിലെ മത്സരങ്ങളുടെ സമയക്രമവും മറ്റ് വിവരങ്ങളും വൈകാതെ അറിയിക്കുമെന്നും പിസിബി വ്യക്തമാക്കി.
ഇന്ത്യയുടെ ആക്രമണം ശക്തമായ സാഹചര്യത്തില്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന വിദേശ താരങ്ങള്‍ അസ്വസ്ഥരാകുകയും നാട്ടിലേക്ക് മടങ്ങണമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. രാജ്യം വിടണമെന്ന ആവശ്യവുമായി വിദേശ താരങ്ങള്‍ രംഗത്തെത്തിയതോടെ പിസിബി സമ്മര്‍ദത്തിലായിരുന്നു.
ജെയിംസ് വിന്‍സ്, ടോം കറന്‍, സാം ബില്ലിങ്‌സ്, ക്രിസ് ജോര്‍ദാന്‍, ഡേവിഡ് വില്ലി, ലൂക്ക് വുഡ്, ടോം കോഹ്ലര്‍-കാഡ്‌മോര്‍ എന്നീ ഇംഗ്ലീഷ് താരങ്ങളും ഡേവിഡ് വാര്‍ണര്‍, ജേസണ്‍ ഹോള്‍ഡര്‍, റാസ്സി വാന്‍ഡെര്‍ ദസ്സന്‍ എന്നിവരും ഇംഗ്ലണ്ട് പരിശീലകരായ രവി ബൊപ്പാരയും അലക്‌സാണ്‍ഡ്ര ഹാര്‍ട്ട്‌ലിയും ഇത്തവണ പിഎസ്എല്ലിന്റെ ഭാഗമായി പാകിസ്താനിലുണ്ട്.
ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ ഭീകരര്‍ നടത്തിയ തീവ്രവാദി ആക്രമണത്തില്‍ 25 ഇന്ത്യക്കാര്‍ക്കും ഒരു നേപ്പാള്‍ സ്വദേശിക്കും ജീവന്‍ നഷ്ടമായിരുന്നു. ഇതിനു തിരിച്ചടിയായി ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരവാദ കേന്ദ്രങ്ങള്‍ ഇന്ത്യൻ സൈന്യം ആക്രമിച്ച് തകര്‍ത്തിരുന്നു. പിന്നീട് പാകിസ്താന്‍ പ്രത്യാക്രമണം നടത്തുകയും ഇന്ത്യ അത് പ്രതിരോധിക്കുകയും ചെയ്തതോടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്.
Content Highlights: Pakistan Super League (PSL) matches shifted to UAE amid escalating India-Pakistan tensions. Foreign








English (US) ·