ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചാൽ ബംഗ്ലദേശ് തിരിച്ചടിക്കണമെന്ന് മുൻ ആർമി ഓഫിസർ: ബംഗ്ലദേശ് പര്യടനം ഒഴിവാക്കാൻ ബിസിസിഐ

8 months ago 10

ഓൺലൈൻ ഡെസ്‌ക്

Published: May 02 , 2025 09:05 PM IST

1 minute Read

ബംഗ്ലദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഷാന്റോയും ഇന്ത്യൻ നായകൻ രോഹിത് ശർമയും (ഫയൽ ചിത്രം)
ബംഗ്ലദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഷാന്റോയും ഇന്ത്യൻ നായകൻ രോഹിത് ശർമയും (ഫയൽ ചിത്രം)

മുംബൈ∙ പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ–പാക്കിസ്ഥാൻ ബന്ധം ഉലഞ്ഞിരിക്കെ, ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചാൽ ബംഗ്ലദേശ് തിരിച്ചടിക്കണമെന്ന മുൻ സൈനിക ഉദ്യോഗസ്ഥന്റെ നിർദ്ദേശം ഇന്ത്യ–ബംഗ്ലദേശ് ക്രിക്കറ്റ് ബന്ധത്തെയും ബാധിച്ചേക്കും. ഈ വർഷം ഓഗസ്റ്റിൽ നിശ്ചയിച്ചിരിക്കുന്ന ഇന്ത്യയുടെ ബംഗ്ലദേശ് പര്യടനം, ഇപ്പോഴത്തെ സാഹചര്യത്തിൽ ഉപേക്ഷിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൂന്നു വീതം ഏകദിനങ്ങളും ട്വന്റി20 മത്സരങ്ങളും ഉൾപ്പെടുന്ന പരമ്പരയാണ് ഇന്ത്യയുടെ ബംഗ്ലദേശ് പര്യടനത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ഇന്ത്യ–പാക്കിസ്ഥാൻ ക്രിക്കറ്റ് ബന്ധം കൂടുതൽ വഷളായതിനു പിന്നാലെയാണ്, ബംഗ്ലദേശുമായുള്ള ബന്ധത്തിലും വിള്ളൽ വീഴുന്നുവെന്ന സൂചന.

‘‘ഇന്ത്യയുടെ ക്രിക്കറ്റ് കലണ്ടറിന്റെ ഭാഗമാണ് ഈ പരമ്പര. പക്ഷേ, ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇനിയും ആയിട്ടില്ല. ഏകദിന, ട്വന്റി20 പരമ്പരകൾക്കായി ഇന്ത്യ ബംഗ്ലദേശിലേക്കു പോകാനുള്ള സാധ്യത കുറഞ്ഞുവരികയാണ്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ തന്നെയാണ് ഇതിനു കാരണം’ – ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.

ഇപ്പോഴത്തെ ഇടക്കാല ഭരണകൂടവുമായി അടുത്ത ബന്ധം പുലർത്തുന്ന ഒരു റിട്ടയേഡ് സൈനിക ഉദ്യോഗസ്ഥനാണ്, പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്ക് അനുകൂല പ്രസ്താവനയുമായി രംഗത്തെത്തിയത്. ഇന്ത്യ പാക്കിസ്ഥാനെ ആക്രമക്കുന്ന സാഹചര്യം വന്നാൽ, ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ബംഗ്ലദേശ് പിടിച്ചെടുക്കാൻ ശ്രമിക്കണമെന്നായിരുന്നു മേജർ ജനറൽ ഫസ്‌ലുർ റഹ്മാന്റെ സമൂഹമാധ്യമത്തിലെ പോസ്റ്റ്.

‘‘ഇന്ത്യ പാക്കിസ്ഥാനെ ആക്രമിക്കുന്ന സാഹചര്യം വന്നാൽ, ഇന്ത്യയുടെ ഏഴ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ബംഗ്ലദേശ് പിടിച്ചെടുക്കണം. ഇതിനായി ചൈനയുമായി സഹകരിച്ച് ഒരു സംയുക്ത സൈനിക സംവിധാനം രൂപപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് ഞാൻ കരുതുന്നു’ – ഇതായിരുന്നു കുറിപ്പ്.

ബംഗ്ലദേശ് മുൻ സൈനിക ഉദ്യോഗസ്ഥന്റെ ഈ നിർദ്ദേശം ഇന്ത്യയിൽ കടുത്ത പ്രതിഷേധങ്ങൾക്കു കാരണമായതോടെയാണ്, അത് ക്രിക്കറ്റ് ബന്ധത്തെയും ബാധിച്ചേക്കുമെന്ന സൂചന. പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷം നടക്കേണ്ട ഏഷ്യാ കപ്പും അനിശ്ചിതത്വത്തിലാണെന്നാണ് റിപ്പോർട്ട്. ബംഗ്ലദേശ് പര്യടനത്തിനു ശേഷം സെപ്റ്റംബറിലാണ് ഏഷ്യാകപ്പ് തീരുമാനിച്ചിരിക്കുന്നത്.

English Summary:

India Unlikely To Travel Bangladesh For White-Ball Series In August, Says Report

Read Entire Article