12 March 2025, 04:30 PM IST

Photo | AFP
ന്യൂഡല്‍ഹി: 2025 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ജൂണ്‍ 11 മുതല്‍ 15 വരെ ലണ്ടനിലെ ലോഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുകയാണ്. ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് മത്സരം. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയയോട് 1-3ന് പരാജയപ്പെട്ടതോടെ, തുടര്‍ച്ചയായി മൂന്നാംതവണയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താനുള്ള അവസരമാണ് ഇന്ത്യ കളഞ്ഞുകുളിച്ചത്.
ഇന്ത്യ ഫൈനലിലെത്താതെ വന്നതോടെ ലോഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ട് അധികൃതരായ മാര്‍ലിബന്‍ ക്രിക്കറ്റ് ക്ലബ്ബിന് (എം.സി.സി.) വരുമാന നഷ്ടം നാലു മില്യണ്‍ പൗണ്ടാണ്. എന്നുവെച്ചാല്‍ ഏതാണ്ട് 45.08 കോടി രൂപ. ഇന്ത്യ ഫൈനലിലെത്തുമെന്ന് കണക്കുകൂട്ടിയ എം.സി.സി., മത്സര ടിക്കറ്റുകള്‍ക്ക് പ്രീമിയം വില നിശ്ചയിച്ചിരുന്നു. വലിയ വില ഈടാക്കിയാലും ഇന്ത്യന്‍ ആരാധകര്‍ കളി കാണാനെത്തുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. പക്ഷേ, ദക്ഷിണാഫ്രിക്ക ഫൈനലില്‍ വന്നതോടെ ടിക്കറ്റ് വില കുറയ്ക്കാന്‍ നിര്‍ബന്ധിതരായി.
നിലവില്‍ ഒരു ടിക്കറ്റിന് 50 പൗണ്ട്‌സ് അഥവാ 5,633 രൂപ എന്ന നിരക്കിലാണ് ഈടാക്കുന്നത്. ലോഡ്‌സില്‍ പരമാവധി ആളുകളെ എത്തിക്കുക എന്ന ലക്ഷ്യമിട്ടാണ് നീക്കം. ഇന്ത്യ ഫൈനലിലെത്തിയാല്‍ സ്റ്റേഡിയത്തില്‍ ആളും ആരവവും കൂടുമെന്നായിരുന്നു എം.സി.സി.യുടെ വിലയിരുത്തല്‍. എന്നാല്‍ അത് സംഭവിക്കാതെ പോയതോടെ, ഇനി സ്‌റ്റേഡിയത്തില്‍ നിശ്ചിത ആളുകളെയെങ്കിലും നിറയ്ക്കുക എന്നതാണ് അവരെ ടിക്കറ്റ് വില കുറയ്ക്കാന്‍ പ്രേരിപ്പിച്ചത്. ലോഡ്‌സില്‍ ഈ വര്‍ഷം ജൂലായില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ടെസ്റ്റ് മത്സരമുണ്ട്. മത്സരത്തിന്റെ ആദ്യനാലുദിവസത്തെ ടിക്കറ്റുകള്‍ ഇതിനകം വിറ്റുപോയി.
Content Highlights: lords endure crores nonaccomplishment successful gross india origin successful behind








English (US) ·