Published: August 03 , 2025 11:39 AM IST
1 minute Read
ലണ്ടൻ∙ പഹൽഗാം ഭീകരാക്രമണം ഉൾപ്പെടെ ചൂണ്ടിക്കാട്ടി ഇന്ത്യ സെമിഫൈനൽ ബഹിഷ്കരിച്ചതോടെ നേരിട്ട് ഫൈനലിലെത്തിയ പാക്കിസ്ഥാൻ ചാംപ്യൻസിനെ, കലാശപ്പോരാട്ടത്തിൽ അടിച്ചുതകർത്ത് ദക്ഷിണാഫ്രിക്ക ചാംപ്യൻസിന് കിരീടം. തീർത്തും ഏകപക്ഷീയമായ മത്സരത്തിൽ ഒൻപതു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയുടെ വിജയം. പാക്കിസ്ഥാൻ ഉയർത്തിയ 196 റൺസ് വിജയലക്ഷ്യമാണ്, വെറും ഒരു വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക മറികടന്നത്. താരതമ്യേന ഉയർന്ന വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക കീഴടക്കുമ്പോൾ, 19 പന്തുകൾ ബാക്കിയായിരുന്നു.
ടൂർണമെന്റിലെ മൂന്നാം സെഞ്ചറിയുമായി തകർത്തടിച്ച സൂപ്പർതാം എ.ബി. ഡിവില്ലിയേഴ്സിന്റെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് വിജയം സമ്മാനിച്ചത്. തുടക്കം മുതലേ തകർത്തടിച്ച ഡിവില്ലിയേഴ്സ് 60 പന്തിൽ 120 റൺസുമായി പുറത്താകാതെ നിന്നു. 12 ഫോറും ഏഴു പടുകൂറ്റൻ സിക്സറുകളും ഉൾപ്പെടുന്നതാണ് ഡിവില്ലിയേഴ്സിന്റെ ഇന്നിങ്സ്. ജെ.പി. ഡുമിനി 28 പന്തിൽ 50 റൺസുമായി പുറത്താകാതെ നിന്നു. നാലു ഫോറും രണ്ടു സിക്സും ഉൾപ്പെടുന്നതാണ് ഡുമിനിയുടെ ഇന്നിങ്സ്. ഓപ്പണർ ഹാഷിം അംലയാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ പുറത്തായത്. 14 പന്തിൽ രണ്ടു ഫോറുകൾ സഹിതം അംല നേടിയത് 18 റൺസ്.
ഓപ്പണിങ് വിക്കറ്റിൽ അംല – ഡിവില്ലിയേഴ്സ് സഖ്യം 36 പന്തിൽ 72 റൺസടിച്ച് വിജയത്തിന് അടിത്തറയിട്ടു. അംലയെ സയീദ് അജ്മലിന്റെ പന്തിൽ റുമ്മാൻ റയീസ് ക്യാച്ചെടുത്ത് പുറത്താക്കിയെങ്കിലും, പിരിയാത്ത രണ്ടാം വിക്കറ്റിൽ 65 പന്തിൽ 125 റൺസടിച്ച് ഡിവില്ലിയേഴ്സ് – ഡുമിനി സഖ്യം ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചു.
നേരത്തെ, ഓപ്പണർ ഷർജീൻ ഖാന്റെ അർധസെഞ്ചറിയുടെ കരുത്തിലാണ് പാക്കിസ്ഥാൻ ദക്ഷിണാഫ്രിക്കയ്‌ക്കു മുന്നിൽ മികച്ച സ്കോർ ഉയർത്തിയത്. ഷർജീൻ ഖാൻ 44 പന്തിൽ ഒൻപതു ഫോറും നാലു സിക്സും സഹിതം 76 റൺസെടുത്തു. ഉമർ അമീൻ (19 പന്തിൽ 36*), ആസിഫ് അലി (15 പന്തിൽ 28), ശുഐബ് മാലിക്ക് (25 പന്തിൽ 20), ക്യാപ്റ്റൻ മുഹമ്മദ് ഹഫീസ് (10 പന്തിൽ 17) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ദക്ഷിണാഫ്രിക്കയ്‍ക്കായി വിൽജോയൻ, വെയ്ൻ പാർണൽ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
English Summary:








English (US) ·