03 July 2025, 09:49 AM IST

Photo: PTI, AP
ബര്‍മിങ്ങാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നല്‍കിയതില്‍ വലിയ വിമര്‍ശനങ്ങളാണ് കോച്ച് ഗൗതം ഗംഭീറും ടീം മാനേജ്‌മെന്റും നേരിടുന്നത്. ഒന്നാം ടെസ്റ്റ് കഴിഞ്ഞ് ഒരാഴ്ചത്തെ വിശ്രമം ലഭിച്ചിട്ടും ജോലിഭാരത്തിന്റെ കാര്യം പറഞ്ഞ് ബുംറയ്ക്ക് വിശ്രമം അനുവദിച്ചതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം. പ്രത്യേകിച്ചും ഒന്നാം ടെസ്റ്റ് തോറ്റ് ഇന്ത്യ പരമ്പരയില്‍ പിന്നിലായ സമയവും
ഇപ്പോഴിതാ ഇക്കാര്യത്തില്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെതിരേ രംഗത്തെത്തിയിരിക്കുന്നത് മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്‌നാണ്. ബുംറയെ കളിപ്പിക്കാത്തത് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുള്ള ഭ്രാന്തന്‍ തീരുമാനമാണെന്ന് സ്റ്റെയ്ന്‍ എക്‌സില്‍ കുറിച്ചു. പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ടീം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ കളിപ്പിക്കാതിരിക്കുന്നതു പോലെയാണ് ഇന്ത്യ ബുംറയെ കളിപ്പിക്കാതിരിക്കുന്നതെന്നും സ്റ്റെയ്ന്‍ നിരീക്ഷിച്ചു.
'ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍ പോര്‍ച്ചുഗലിനുണ്ട്. എന്നിട്ടും അവര്‍ അദ്ദേഹത്തെ കളിപ്പിക്കാതിരുന്നാലോ. അതാണ് ഭ്രാന്ത്. അതുപോലെയാണ് ബുംറയെ പോലൊരു താരമുണ്ടായിട്ടും അദ്ദേഹത്തെ കളിപ്പിക്കാതിരിക്കുന്നത്.' - സ്റ്റെയ്ന്‍ കുറിച്ചു.
ലീഡ്‌സിലെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്കായി ബുംറ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു. ഇത്രയും ദിവസത്തെ ഇടവേള ലഭിച്ചതിനാല്‍ ബുംറ രണ്ടാം ടെസ്റ്റില്‍ കളിക്കുമെന്ന് ആരാധകര്‍ കരുതിയിരുന്നു. ജോലിഭാരം പരിഗണിച്ച്, ബുംറ പരമ്പരയിലെ മൂന്ന് ടെസ്റ്റുകളിലേ കളിക്കൂ എന്ന് നേരത്തേ ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നു.
Content Highlights: Dale Steyn slams India`s determination to remainder Bumrah, comparing it to Portugal benching Ronaldo








English (US) ·