Published: May 18 , 2025 10:09 AM IST
1 minute Read
മുംബൈ∙ ഇന്ത്യൻ സൂപ്പര്‍ താരം വിരാട് കോലിയെ കൗണ്ടി ക്രിക്കറ്റിൽ കളിപ്പിക്കാൻ താൽപര്യം അറിയിച്ച് മിഡിൽസെക്സ് കൗണ്ടി ക്രിക്കറ്റ് ക്ലബ്ബ് ഡയറക്ടർ അലൻ കോൾമാൻ. വിരാട് കോലിയെപ്പോലൊരു താരത്തെ ഇംഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റിലേക്കു ലഭിക്കുകയാണെങ്കിൽ അതിൽ എന്താണു തെറ്റെന്നു അലൻ കോൾമാൻ ഒരു രാജ്യാന്തര മാധ്യമത്തോടു പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിൽനിന്നു വിരമിച്ച കോലി കരിയറിൽ ഒരിക്കൽ പോലും ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റിൽ കളിച്ചിട്ടില്ല. ഏകദിന ക്രിക്കറ്റിലും ഐപിഎലിലും മാത്രമാണ് കോലി ഇനി കളിക്കുക.
‘‘അദ്ദേഹത്തിന്റെ തലമുറയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരമാണ് വിരാട് കോലി. തീർച്ചയായും അങ്ങനെയൊരു ചർച്ച നടത്താൻ ഞങ്ങൾക്കു താൽപര്യമുണ്ട്.’’– അലന്‍ കോൾമാൻ വ്യക്തമാക്കി. മുൻപ് 2018 ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടെ സറെ ക്ലബ്ബിനു വേണ്ടി ഇറങ്ങാൻ കോലിക്ക് അവസരം ലഭിച്ചിരുന്നു. എന്നാൽ കഴുത്തിനു പരുക്കേറ്റതിനാൽ കോലി ടീമിൽനിന്നു പുറത്തായി. ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്സ്, ന്യൂസീലൻഡ് താരം കെയ്ൻ വില്യംസൻ എന്നിവരും മുൻപ് വർഷങ്ങളോളം ഇംഗ്ലണ്ട് ആഭ്യന്തര ക്രിക്കറ്റിൽ കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ തന്നെ ടി20 ബ്ലാസ്റ്റിലും ദ് ഹണ്ട്രഡ് ലീഗിലും ഇവർ ഇറങ്ങി. മർലിബോൺ ക്രിക്കറ്റ് ക്ലബ്ബുമായി സഹകരിച്ചാണ് രണ്ടു പേരും ഇംഗ്ലണ്ടിൽ ഇറങ്ങിയത്.
കോലി ഇംഗ്ലണ്ടിൽ കളിക്കാൻ തയാറായാലും എംസിസി വഴിയാകും കരാർ ഉൾപ്പടെയുള്ള കാര്യങ്ങൾ സാധ്യമാകുക. ടെസ്റ്റ് ക്രിക്കറ്റിൽനിന്നു വിരമിച്ച കോലി കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിലേക്കു താമസം മാറുമെന്നു റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിലെ പ്രശസ്തിയിൽനിന്നു മാറി നിൽക്കുന്നതിനും കുഞ്ഞുങ്ങളെ നല്ല രീതിയിൽ വളര്‍ത്തുന്നതിനും ഇംഗ്ലണ്ടാണു മികച്ചതെന്നാണ് കോലിയും ഭാര്യ അനുഷ്ക ശർമയും കരുതുന്നതെന്നും ഇവരുടെ കുടുംബ സുഹൃത്തുക്കൾ വെളിപ്പെടുത്തിയിരുന്നു.
English Summary:








English (US) ·