ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമില്‍ ഇടംനേടാനാവില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനമെടുത്തതെന്ന് ഗുജറാത്ത് താരം പ്രിയങ്ക് പഞ്ചാല്‍. ക്രിക്കറ്റ് കരിയര്‍ ആരംഭിച്ചതുമുതല്‍ ഇന്ത്യക്കായി കളിക്കാനായി ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ അത് ഒരിക്കലും നടക്കില്ലെന്ന് മനസിലായെന്നും പ്രിയങ്ക് പഞ്ചാല്‍ പറഞ്ഞു.
'ദീര്‍ഘനാളായി വിരമിക്കണമെന്ന കാര്യം മനസിലുണ്ട്. ക്രിക്കറ്റ് കരിയര്‍ ആരംഭിച്ചതുമുതല്‍ എന്നെ മുന്നോട്ടുനയിച്ചത് ഇന്ത്യക്കായി കളിക്കുക എന്നതാണ്. എന്നാല്‍ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അത് പ്രായോഗികമല്ലെന്ന് തോന്നി. ഞാന്‍ പരമാവധി ശ്രമിച്ചു. ഇന്ത്യ എയ്ക്കുവേണ്ടിയും രഞ്ജി ട്രോഫിയിലും കളിച്ചു. എന്നാല്‍ ഇന്ത്യക്കുവേണ്ടി കളിക്കുകയെന്നത് ഒരിക്കലും നടക്കില്ലെന്ന് തിരിച്ചറിഞ്ഞു.'- പ്രിയങ്ക് പഞ്ചാല്‍ ഹിന്ദുസ്ഥാന്‍ ടൈംസ് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
'ഇന്ത്യക്കായി കളിക്കാനാവാത്തതില്‍ പശ്ചാത്താപമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിക്കറ്റില്‍ ഒന്നുമുതല്‍ പത്ത് വരെ കണക്കാമ്പോള്‍ ഞാന്‍ ഒമ്പതില്‍ നില്‍ക്കുകയാണ്. അതിനാല്‍ എനിക്ക് കളിക്കാനാവില്ല. അതില്‍ പശ്ചാത്താപമുണ്ട്. എന്നാല്‍ വിരാട് കോലി, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരുമായി ഡ്രസ്സിങ് റൂം പങ്കുവെക്കാനായത് വലിയ കാര്യമാണ്. വളരെ പ്രൊഫഷണലായ അന്തരീക്ഷമായിരുന്നു അത്. കടുത്ത മത്സരവും. ഞാന്‍ കുറേ കാര്യങ്ങള്‍ അവിടെ നിന്ന് പഠിച്ചു.'
'സ്ഥിരത എന്നത് വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ശരിയായ സമയത്ത് മികച്ച പ്രകടനം കാഴ്ചവെക്കേണ്ടതുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. തുടര്‍ച്ചയായി സെഞ്ചുറികള്‍ നേടിയിട്ടും ടീം ജയിക്കുന്നില്ലെങ്കില്‍ അത് ശരിയായ സമയത്തല്ല. എന്നാല്‍ മുപ്പത് റണ്‍സ് നേടിയിട്ടും ടീം ജയിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ പങ്ക് വളരെ വലുതാണ്. അതാണ് അന്താരാഷ്ട്ര ക്രിക്കറ്റിന് ആവശ്യം.'- പ്രിയങ്ക് കൂട്ടിച്ചേര്‍ത്തു.
2016-17 സീസണിൽ ഗുജറാത്ത് പ്രഥമ രഞ്ജി ട്രോഫി കിരീടത്തിൽ മുത്തമിടുന്നത് പ്രിയങ്ക് പഞ്ചാലിന്റെ നായകത്വത്തിലായിരുന്നു.ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ 29 സെഞ്ചുറികളും 34 അര്‍ധസെഞ്ചുറികളുമുള്‍പ്പെടെ 8,856 റണ്‍സ് നേടിയിട്ടുണ്ട്. 2015-16ല്‍ വിജയ് ഹസാരെ ട്രോഫി, 2021-13ലെയും 2013-14ലെയും സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം നേടിയ ഗുജറാത്ത് ടീമിലും പാഞ്ചല്‍ അംഗമായിരുന്നു. രഞ്ജിയിൽ പ്രഥമ കിരീടം നേടിയ വര്‍ഷം 1,310 റണ്‍സുമായി ടീമിന്റെ ടോപ് സ്‌കോററായി.
Content Highlights: priyank panchal says not imaginable to play for india retirement








English (US) ·