ഇന്ത്യക്കെതിരേ തകർത്തടിച്ച് തുടങ്ങി, കയ്യടി നേടി യുഎഇ ടീമിലെ കണ്ണൂരുകാരൻ | INTERVIEW

4 months ago 4

ലോകത്തെ ഏറ്റവും മികച്ച പേസ് ബൗളറായ ജസ്‌പ്രീത് ബുംറ ബൗളിങ്ങിനായി റണ്ണപ്പ് തുടങ്ങുമ്പോൾ ക്രീസിൽ ഒരു സ്വപ്നസാക്ഷാത്കാരത്തിന്റെ അനുഭൂതിയിലാണ് അയാൾ ബാറ്റുമായി നിന്നത്. താൻ ആരാധിക്കുന്ന ബൗളറുടെ ആദ്യ നാലു പന്തുകളെ അയാൾ ബഹുമാനിച്ചു. അഞ്ചാം പന്തിൽ കഥ മാറി. സ്ക്വയറിലേക്ക് മനോഹരമായൊരു ബൗണ്ടറിയായി അയാൾ അഞ്ചാം പന്തിനെ പറഞ്ഞയക്കുമ്പോൾ ദുബായിയിലെ ഇന്റർനാഷണൽ സ്റ്റേഡിയം ആരവങ്ങളാൽ നിറഞ്ഞു. ഇന്ത്യക്കുവേണ്ടി കൈയടിച്ചവർ അയാൾക്കുവേണ്ടിയും കൈയടിച്ചു. കാരണം അയാൾ ഒരു മലയാളിയായിരുന്നു. ഏഷ്യാ കപ്പ് ക്രിക്കറ്റിൽ യുഎഇക്കു വേണ്ടി കളിക്കുന്ന അലിഷാൻ ഷറഫു എന്ന കണ്ണൂരുകാരൻ. അലിഷാൻ ഷറഫു ‘മാതൃഭൂമി’യുമായി സംസാരിക്കുന്നു.

ക്രിക്കറ്റാണ് ജീവിതം

ഞാൻ ഈ ഗെയിമിനെ ആവേശത്തോടെയും സന്തോഷത്തോടെയുമാണ് സമീപിക്കുന്നത്. ക്രിക്കറ്റ് അറിയാമെന്നത് ജീവിതത്തിലെ വലിയ ഭാഗ്യമാണ്. യുഎഇ ടീമിൽ ഇടംപിടിച്ചപ്പോൾ അത് മറ്റൊരു ഭാഗ്യമായി. ലോക ക്രിക്കറ്റിൽ ഞങ്ങൾ ഇപ്പോൾ ചെറിയൊരു ടീമാണെങ്കിലും എതിരാളിയുടെ പേരുനോക്കാതെ അവർ എറിയുന്ന പന്തിനെയാണ് ഞാൻ നേരിടാൻ ഒരുങ്ങുന്നത്. ഇനിയുമേറെ ദൂരം പോകാനുണ്ട്.

ഏഷ്യാ കപ്പ് പ്രധാനം

സമീപകാലത്ത് യുഎഇ ടീം മെച്ചപ്പെട്ടുവരികയാണ്. അഫ്ഗാനിസ്താനും പാകിസ്താനും ഉൾപ്പെട്ട ത്രിരാഷ്ട്ര പരമ്പര കഴിഞ്ഞാണ് ഞങ്ങൾ ഏഷ്യാ കപ്പിന് വരുന്നത്. ടൂർണമെൻറിൽ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടത് ഞങ്ങളുടെ ആവശ്യമാണ്. യുഎഇയിൽ ഇപ്പോൾ കനത്ത ചൂടായതിനാൽ പരിശീലനവും അതനുസരിച്ചായിരുന്നു. ഇന്ത്യയും പാകിസ്താനും അടങ്ങുന്ന ശക്തമായ ഗ്രൂപ്പിലാണ് ഉൾപ്പെട്ടതെങ്കിലും പരമാവധി മികച്ച കളി പുറത്തെടുക്കാൻ ലക്ഷ്യമിടുന്നു.

ഇന്റർനാഷണൽ ലീഗ്

ഐപിഎൽ പോലെ യുഎഇയിലുള്ള ഇന്റർനാഷണൽ ലീഗ് ടി 20 ഈ രാജ്യത്തെ ക്രിക്കറ്റിനെ ഏറെ മാറ്റി. ലോകത്തെ മികച്ച താരങ്ങളുമൊത്തും എതിരായും കളിക്കാനുള്ള അവസരംകിട്ടി. ഞാൻ കളിക്കുന്ന അബുദാബി നൈറ്റ് റൈഡേഴ്‌സിൽ സുനിൽ നരേയ്‌നാണ് ക്യാപ്റ്റൻ. ദുബായ് കാപിറ്റൽസിൽ ഡേവിഡ് വാർണറും എംഐ എമിറേറ്റ്‌സിൽ നിക്കോളാസ് പൂരനുമുണ്ട്. അതിലെ അനുഭവസമ്പത്ത് ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഗുണം ചെയ്യും.

കണ്ണൂരും മലയാളവും

എന്റെ അച്ഛൻ ഷറഫുദ്ദീനും അമ്മ റുഫൈസയും കണ്ണൂരുകാരാണ്. ഞാൻ വളർന്നതൊക്കെ യുഎഇയിലാണെങ്കിലും കണ്ണൂരും കേരളവും ഏറെ പ്രിയപ്പെട്ടതായി എന്നും മനസ്സിലുണ്ട്. നാട്ടിലേക്കുവന്നിട്ട് കുറച്ചുകാലമായെങ്കിലും എപ്പോഴും വരാൻ ഇഷ്ടപ്പെടുന്ന ഇടമാണത്. യുഎഇയിലെ വീട്ടിൽ മലയാളം സംസാരിക്കണമെന്നത് അച്ഛന്റെ നിർബന്ധമാണ്. അതുകൊണ്ടുതന്നെ എനിക്ക് മലയാളം സംസാരിക്കാൻ അറിയാം.

Content Highlights: alishan sharafu kannur autochthonal uae cricketer asia cup

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article