24 July 2025, 04:54 PM IST

മത്സരത്തിനിടെ പരിക്കേറ്റ പന്ത് |ഫോട്ടോ:PTI
മാഞ്ചെസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് ക്രിക്കറ്റിനിടെ കാല്‍പാദത്തിന് പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റു ചെയ്യും. ടീമിന്റെ ആവശ്യാനുസരണമാണ് തീരുമാനം. ഋഷഭ് ബാറ്റിങ്ങിന് ഉണ്ടാകുമെന്ന് ബിസിസിഐ വ്യാഴാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു. അതേസമയം, ധ്രുവ് ജുറേല്‍ ആയിരിക്കും ടെസ്റ്റില്‍ വിക്കറ്റ് കീപ്പിങ് റോളിലുണ്ടാവുക. അഞ്ചാം ടെസ്റ്റിൽ പന്തിന് പകരം ഇഷാന്‍ കിഷന്റെ സേവനം ഉപയോഗപ്പെടുത്താന്‍ ഒരുങ്ങുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മാഞ്ചെസ്റ്റര്‍ ടെസ്റ്റിലെ ഒന്നാംദിനം ക്രിസ് വോക്‌സിന്റെ ബൗളിങ്ങില്‍ റിവേഴ്‌സ് സ്വീപ്പ് കളിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പന്തിന്റെ വലതു കാല്‍പ്പാദത്തിന് സാരമായി പരിക്കേറ്റത്. കാലില്‍നിന്ന് രക്തം വരികയും നീരുവയ്ക്കുകയും ചെയ്തു. താരത്തെ ആംബുലന്‍സ് കാര്‍ട്ടിലാണ് ഗ്രൗണ്ടില്‍നിന്ന് പുറത്തേക്ക് കൊണ്ടുപോയത്. 48 പന്തില്‍ 37 റണ്‍സെടുത്തുനില്‍ക്കേ റിട്ടയേഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു പന്ത്.
അതിനിടെ, ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ 300 കടന്നു. രവീന്ദ്ര ജഡേജയുടെ (20) വിക്കറ്റാണ് ഇന്ന് (വ്യാഴാഴ്ച) നഷ്ടമായത്. 99 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സെന്ന നിലയിലാണ് സന്ദര്‍ശകര്‍. ഷാര്‍ദുല്‍ ഠാക്കൂറും (39) വാഷിങ്ടണ്‍ സുന്ദറും (17) ആണ് ക്രീസില്‍.
Content Highlights: Rishabh Pant Cleared to Bat Despite Foot Injury successful Fifth Test vs. England








English (US) ·