'ഇന്ത്യക്ക് ബാസ്ബോളിനെ ഒരു പേടിയുമില്ല'; ചരിത്രജയത്തിന് പിന്നാലെ മുൻ ഇം​ഗ്ലണ്ട് താരം

6 months ago 6

07 July 2025, 01:40 PM IST

india-edgbaston-test-60th-win

Photo: ANI

ബര്‍മിങ്ങാം: എഡ്ജ്ബാസ്റ്റണിലെ ചരിത്രജയത്തിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ മൊണ്ടി പനേസര്‍. ഇന്ത്യക്ക് ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ശൈലിയെ ഭയമില്ലെന്നും ഗില്‍ മികച്ച നേതൃപാടവം പുലര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു. എഡ്ജ്ബാസ്റ്റണിൽ ഒരു ടെസ്റ്റ് പോലും ജയിച്ചിട്ടില്ലെന്ന ചരിത്രമാണ് കഴിഞ്ഞ ദിവസം ​ഗില്ലും സംഘവും തിരുത്തിയെഴുതിയത്. ഇം​ഗ്ലണ്ടിനെ തകർത്തെറിഞ്ഞ ഇന്ത്യ 336 റൺസിന്റെ കൂറ്റൻ വിജയമാണ് സ്വന്തമാക്കിയത്. മഴ അൽപ്പനേരം കളി തടസ്സപ്പെടുത്തിയെങ്കിലും അവസാനദിനം ഏഴ് വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യ ജയം സ്വന്തമാക്കുകയായിരുന്നു.

ഇതിൽ നിന്ന് ഇന്ത്യക്ക് വലിയ ആത്മവിശ്വാസം ലഭിക്കും. ഇംഗ്ലണ്ടിന്റെ ബാസ്ബോൾ ശൈലിയെ അവർക്ക് ഒരു ഭയവുമില്ലെന്നാണ് ഇത് കാണിക്കുന്നത്. ഇന്ത്യൻ ടീമിൽ വലിയ ആവേശവും വിശ്വാസവും ഉണ്ട്. - പനേസർ ഐഎഎൻഎസ്സിനോട് പറഞ്ഞു. ശുഭ്മാൻ ​ഗില്ലിന്റെ പ്രകടനത്തെയും പനേസർ പ്രശംസിച്ചു. ശുഭ്മാൻ ഗില്ലിന്റെ നേതൃപാടവം മികച്ചതാണെന്നും അദ്ദേഹം നന്നായി ബാറ്റ് ചെയ്തെന്നും മുൻ ഇം​ഗ്ലണ്ട് താരം കൂട്ടിച്ചേർത്തു.

എഡ്ജ്ബാസ്റ്റണിൽ എട്ടുമത്സരങ്ങൾക്കുശേഷമാണ് ഇന്ത്യൻ ടീം ടെസ്റ്റിൽ ജയം നേടുന്നത്. ഇതുവരെ ഏഴു തോൽവിയും ഒരുസമനിലയുമാണ് അക്കൗണ്ടിലുണ്ടായിരുന്നത്.എഡ്ജ്ബാസ്റ്റണിൽ പത്തുവിക്കറ്റ്‌ നേടുന്ന നാലാമത്തെ താരമായി ആകാശ്‌ ദീപ് മാറി. ഇതാദ്യമായിട്ടാണ് ടെസ്റ്റ് ക്രിക്കറ്റിൽ രണ്ട് ഇന്നിങ്‌സുകളിലുമായി ഇന്ത്യയുടെ മൊത്തം സ്കോർ 1000 കടക്കുന്നത്. ഇതിനുമുമ്പ് 2004-ൽ ഓസ്‌ട്രേലിയക്കെതിരേ രണ്ട് ഇന്നിങ്‌സുകളിലുമായി 916 റൺസ് നേടിയതായിരുന്നു റെക്കോഡ്.

ഒന്നാം ടെസ്റ്റില്‍ 835 റണ്‍സടിച്ചിട്ടും മത്സരം തോറ്റ ഇന്ത്യയ്ക്ക് രണ്ടാം ടെസ്റ്റ് നിര്‍ണായകമായിരുന്നു. പ്രത്യേകിച്ചും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ അവിടെയാണ് ഗില്‍ യഥാര്‍ഥ നായകനായി ഉദിച്ചുയര്‍ന്നത്. രണ്ടാം ടെസ്റ്റില്‍ ഗില്‍ ഒറ്റയ്ക്ക് ഇംഗ്ലണ്ടിന്റെ പക്കല്‍ നിന്നും മത്സരം സ്വന്തമാക്കുകയായിരുന്നു. എജ്ബാസ്റ്റണില്‍ രണ്ട് ഇന്നിങ്‌സിലുമായി 430 റണ്‍സ് നേടി ഒരു ടെസ്റ്റ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡും സ്വന്തമാക്കി. 1971-ല്‍ പോര്‍ട്ട് ഓഫ് സ്പെയിനില്‍ വെസ്റ്റിന്‍ഡീസിനെതിരേ സുനില്‍ ഗാവസ്‌ക്കര്‍ നേടിയ 344 റണ്‍സിന്റെ റെക്കോഡാണ് ഗില്‍ പഴങ്കഥയാക്കിയത്. മാത്രമല്ല ചരിത്രത്തില്‍ ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമെന്ന നേട്ടവും ഗില്ലിന് സ്വന്തമായി. 1990 ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലുമായി 456 റണ്‍സ് നേടിയ ഗ്രഹാം ഗൂച്ചാണ് ഈ പട്ടികയില്‍ മുന്നില്‍.

Content Highlights: India Are Not Afraid Of Bazaball says erstwhile England Star Monty Panesar

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article