12 April 2025, 06:03 PM IST

ഡേവിഡ് വാർണർ | AFP
കറാച്ചി: പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍(പിഎസ്എല്‍) അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ഓസീസ് താരം ഡേവിഡ് വാര്‍ണര്‍. ലീഗില്‍ കറാച്ചി കിങ്‌സിന്റെ നായകനാണ് വാര്‍ണര്‍. ശനിയാഴ്ച മുഹമ്മദ് റിസ്‌വാൻ നയിക്കുന്ന മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനെതിരേയാണ് മത്സരം. മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ പാക് റിപ്പോര്‍ട്ടറിന് വാര്‍ണര്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
ഇന്ത്യന്‍ ആരാധകര്‍ താരത്തെ ട്രോളുന്നത് സംബന്ധിച്ചായിരുന്നു പാക് റിപ്പോര്‍ട്ടറുടെ ചോദ്യം. ഐപിഎല്‍ ലേലത്തില്‍ ആരും വാങ്ങാതിരുന്നതും പിന്നാലെ പിഎസ്എല്ലില്‍ കളിക്കാന്‍ തീരുമാനിച്ചതും ഇന്ത്യന്‍ ആരാധകര്‍ ട്രോളാക്കുന്നില്ലേ എന്ന് പറഞ്ഞ് റിപ്പോര്‍ട്ടര്‍ വിഷയത്തില്‍ പ്രതികരണം തേടി. അതേസമയം ഇങ്ങനെയൊരു കാര്യം ആദ്യമായാണ് താന്‍ കേള്‍ക്കുന്നതെന്നായിരുന്നു വാര്‍ണറുടെ മറുപടി.
'ഇതാദ്യമായാണ് ഞാന്‍ ഇങ്ങനെ കേള്‍ക്കുന്നത്. എനിക്ക് ക്രിക്കറ്റ് കളിക്കുകയാണ് വേണ്ടത്. ഇപ്പോള്‍ പിഎസ്എല്ലില്‍ കളിക്കാനുള്ള അവസരം വന്നു. അന്താരാഷ്ട്ര മത്സരങ്ങള്‍ മൂലം എനിക്ക് പിഎസ്എല്ലില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ കറാച്ചി കിങ്‌സിന്റെ നായകനായി ടൂര്‍ണമെന്റില്‍ മത്സരിക്കുകയാണ് വേണ്ടത്. കിരീടം നേടാനാകുമെന്ന് പ്രതീക്ഷിക്കുന്നു.'- വാര്‍ണര്‍ പറഞ്ഞു.
ഐപിഎല്ലിലെ മികച്ച വെടിക്കെട്ട് ബാറ്റര്‍മാരില്‍ ഒരാളായിരുന്നു വാര്‍ണര്‍. 2016-ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കിരീടത്തിലേക്ക് നയിക്കുകയും ചെയ്തു. ലീഗില്‍ 184 മത്സരങ്ങളില്‍നിന്നായി 6,565 റണ്‍സാണ് സമ്പാദ്യം. നാല് സെഞ്ചുറികളും 62 അര്‍ധസെഞ്ചുറികളും നേടിയിട്ടുണ്ട്. ഐപിഎല്ലിലെ പ്രകടനം പാകിസ്താന്‍ സൂപ്പര്‍ ലീഗിലും തുടരുമോയെന്ന കാത്തിരിപ്പിലാണ് ആരാധകര്‍.
Content Highlights: david warners effect pak reporters question psl








English (US) ·