ഇന്ത്യന്‍ ഫുട്‌ബോളിലെ രക്ഷിക്കാന്‍ സ്ഥാനമൊഴിയൂ; കല്ല്യാണ്‍ ചൗബെയോട് ബൂട്ടിയ

7 months ago 7

Baichung-Bhutia-demands-kalyan-chaubey-resignation

Photo: mathrubhumi archives

ന്യൂഡല്‍ഹി: എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഹോങ് കോങ്ങിനോട് തോറ്റതിനു പിന്നാലെ അഖിലേന്ത്യാ ഫുട്‌ബോള്‍ അസോസിയേഷനെ (എഐഎഫ്എഫ്) വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബൈച്ചുങ് ബൂട്ടിയ. മത്സരം ജയിച്ചിരുന്നെങ്കില്‍ കളിക്കാര്‍ക്ക് എഐഎഫ്എഫ് 50,000 ഡോളര്‍ (42 ലക്ഷത്തോളം രൂപ) ബോണസ് വാഗ്ദാനം ചെയ്തിരുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ഫെഡറേഷനെ ബൂട്ടിയ അതിശക്തമായ ഭാഷയില്‍ വിമര്‍ശിച്ചത്.

ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരേ ഗോള്‍രഹിത സമനില വഴങ്ങിയ ഇന്ത്യയ്ക്ക് ഹോങ് കോങ്ങിനെതിരേ വിജയം അനിവാര്യമായിരുന്നു. എന്നാല്‍ ഇന്‍ജുറി ടൈമില്‍ വഴങ്ങിയ പെനാല്‍റ്റിയില്‍ ഇന്ത്യ എതിരില്ലാത്ത ഒരു ഗോളിന് തോറ്റു.

ഈ തോല്‍വിക്കു പിന്നാലെ ബൂട്ടിയ എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബെയോട് ഇന്ത്യന്‍ ഫുട്‌ബോളിനെ രക്ഷിക്കാന്‍ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ''കളിക്കാര്‍ക്ക് ദിവസ അലവന്‍സായ 2,500 രൂപ പോലും ലഭിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ കണ്ടു. ഇന്ത്യന്‍ ഫുട്‌ബോള്‍ കളിക്കാര്‍ക്ക് ക്രിക്കറ്റ് കളിക്കാരെപ്പോലെ സെന്‍ട്രല്‍ കരാറുകളില്ല. അവര്‍ ലക്ഷങ്ങളോ കോടികളോ സമ്പാദിക്കുന്നില്ല. അവരുടെ പ്രതിഫലം പ്രധാനമായും ദിവസ അലവന്‍സിലൂടെയാണ്. അപ്പോഴാണ് പെട്ടെന്ന് കളി ജയിച്ചിരുന്നെങ്കില്‍ 50,000 ഡോളര്‍ സമ്മാനമെന്ന പ്രഖ്യാപനം വന്നത്. എവിടെ നിന്ന് അത് വന്നു. ഇനി അവര്‍ ജയിച്ചിരുന്നെങ്കില്‍ അടുത്ത നാല് മത്സരങ്ങള്‍ക്കും അതേ ബോണസ് നല്‍കുമായിരുന്നോ? ഇവിടെ കൃത്യമായ ഒരു സംവിധാനമോ തന്ത്രങ്ങളോ ഇല്ല. ഉള്ളതാകട്ടെ വ്യക്തതയില്ലാത്ത ക്രമരഹിതമായ തീരുമാനങ്ങള്‍ മാത്രവും.'' - ഐഎഎന്‍എസിന് അനുവദിച്ച അഭിമുഖത്തില്‍ ബൂട്ടിയ പറഞ്ഞു.

''കല്ല്യാണ്‍ ചൗബെയുടെ നേതൃത്വത്തിലുള്ള രണ്ടര മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള കാലം ഇന്ത്യന്‍ ഫുട്‌ബോളിനെ സംബന്ധിച്ച് ഭീകരമായിരുന്നു. കളിക്കളത്തിലെ പ്രകടനങ്ങള്‍ തീര്‍ത്തും മോശമായിരുന്നു. കളത്തിന് പുറത്തുള്ള കാര്യങ്ങളും കുത്തഴിഞ്ഞ രീതിയിലായിരുന്നു. ഇന്ത്യന്‍ ഫുട്ബോളിനുവേണ്ടി അദ്ദേഹം സ്ഥാനമൊഴിയേണ്ട സമയമാണിത്.'' - ബൂട്ടിയ കൂട്ടിച്ചേര്‍ത്തു.

2023 ജൂലായില്‍ ഇന്ത്യ ഫിഫ റാങ്കിങ്ങില്‍ 99-ാം സ്ഥാനത്തെത്തിയിരുന്നു. ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ്, ത്രിരാഷ്ട്ര ടൂര്‍ണമെന്റ്, സാഫ് ചാമ്പ്യന്‍ഷിപ്പ് എന്നിവ നേടി മികച്ച ഒരു വര്‍ഷമായിരുന്നു ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് അത്. എന്നാല്‍ പിന്നീട് ഒന്നിനുപുറകെ ഒന്നായി ദുരന്തങ്ങളായിരുന്നു ടീമിന്. പരിശീലകനായിരുന്ന ഇഗോര്‍ സ്റ്റാമാച്ചിന്റെ പുറത്താകലും 2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ നിന്ന് ടീം പുറത്തായതുമെല്ലാം ഇക്കാലത്തായിരുന്നു. 2024-ല്‍ ഒരു ജയം പോലും ഇന്ത്യന്‍ ടീം നേടിയില്ല. വിരമിക്കല്‍ തീരുമാനം മാറ്റിവെച്ച് സുനില്‍ ഛേത്രി മടങ്ങിയെത്തിയ മത്സരത്തില്‍ മാലദ്വീപിനെതിരേ 3-0ന് വിജയിച്ചതാണ് സമീപകാലത്തെ ഇന്ത്യന്‍ ടീമിന്റെ ഏക വിജയം. 489 ദിവസങ്ങള്‍ക്കിടെ ഇന്ത്യ നേടിയ ഏക ജയമായിരുന്നു അത്.

Content Highlights: Former Indian shot skipper Baichung Bhutia criticizes AIFF president Kalyan Chaubey

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article