
കാഫ ഫുട്‌ബോളിനുളള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുന്ന ചടങ്ങിൽ അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ വൈസ് പ്രസിഡന്റ് എൻ.എ.ഹാരീസ്, പരിശീലകൻ ഖാലിദ് ജമീൽ, പ്രസിഡന്റ് കല്യാൺ ചൗബേ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ എം.സത്യനാരായണൻ എന്നിവർ | Photo: PTI
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്ബോളിനുമുകളില്‍ വീണ്ടും വിലക്കുഭീഷണി. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) ഭരണഘടന പരിഷ്‌കരിച്ച് നടപ്പില്‍വരുത്തുന്നതിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ആഗോള ഫുട്ബോള്‍ സംഘടനയായ ഫിഫയും ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനും (എഎഫ്സി) വിലക്കുഭീഷണിയുയര്‍ത്തിയിട്ടുള്ളത്.
പരിഷ്‌കരിച്ച ഭരണഘടന ഒക്ടോബര്‍ 30-നകം നടപ്പാക്കിയില്ലെങ്കില്‍ ഫെഡറേഷന്‍ സസ്പെന്‍ഷന്‍ അടക്കമുള്ള അച്ചടക്കനടപടികള്‍ നേരിടേണ്ടിവരുമെന്ന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് ഫിഫയും എഎഫ്സിയും സംയുക്തമായി അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടന നടപ്പാക്കാത്തതില്‍ കടുത്ത ആശങ്കയും രേഖപ്പെടുത്തിയിട്ടുണ്ട്.
2022-ല്‍ ഫെഡറേഷനെ ഫിഫ സസ്പെന്‍ഡു ചെയ്തിരുന്നു. ഒന്നാം ഡിവിഷന്‍ ലീഗ് (ഐഎസ്എല്‍) നടത്തിപ്പ് പ്രതിസന്ധിയിലായിരിക്കെ ഫുട്ബോള്‍ ഫെഡറേഷന് കനത്ത അടിയായി ഫിഫയുടെ ഭീഷണി. ഫെഡറേഷന്‍ ഭരണഘടന പരിഷ്‌കരണം നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കോടതി ഉത്തരവുപ്രകാരമേ പുതുക്കിയ ഭരണഘടന ഫെഡറേഷന് നടപ്പാക്കാന്‍ കഴിയൂ.
പരിഷ്‌കരിച്ച ഭരണഘടന നടപ്പാക്കുന്നതില്‍ കാലാവധി നിശ്ചയിച്ചകാര്യം കോടതിയെയും കേന്ദ്ര കായികമന്ത്രാലയത്തെയും അറിയിക്കാന്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫിഫയുടെ ചീഫ് മെമ്പര്‍ അസോസിയേഷന്‍ ഓഫീസര്‍ എല്‍ഖാന്‍ മമ്മദോവും എഎഫ്സി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി വാഹിദ് കാര്‍ഡാനിയും സംയുക്തമായാണ് എഐഎഫ്എഫിന് കത്തിയച്ചത്. വിലക്ക് നേരിട്ടാല്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് ഫുട്ബോള്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയില്ല. ദേശീയടീമിനും ക്ലബ്ബുകള്‍ക്കും അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയില്ല. ഒളിമ്പിക്സ് ആതിഥ്യത്തിനായുള്ള ശ്രമങ്ങള്‍ക്കും തിരിച്ചടിയാകും. ഭരണഘടന പരിഷ്‌കരണവിഷയത്തിലെ കേസില്‍ സുപ്രീംകോടതി വ്യാഴാഴ്ച വാദംകേള്‍ക്കുന്നുണ്ട്.
ഭരണഘടന വിഷയം
2017-ലാണ് ഫെഡറേഷന്‍ ഭരണഘടന പരിഷ്‌കരിക്കാന്‍ ആരംഭിച്ചത്. 2022 ജൂലായില്‍ ഇത് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. കോടതി റിട്ട. ജസ്റ്റിസ് എല്‍. നാഗേശ്വരറാവുവിനെ അന്തിമരൂപം നല്‍കാന്‍ നിയോഗിക്കുകയും ചെയ്തു. നിലവില്‍ ഭരണഘടന തയ്യാറായെങ്കിലും പുതിയ ദേശീയകായികനയത്തിന്റെ അടിസ്ഥാനത്തിലെ മാറ്റങ്ങള്‍കൂടി വരുത്തേണ്ടിവരും. കായികനയം പാര്‍ലമെന്റ് പാസാക്കിയെങ്കിലും അസോസിയേഷനുകളില്‍നിന്നുള്ള നിര്‍ദേശങ്ങള്‍കൂടി ചേര്‍ത്ത് പ്രാബല്യത്തില്‍വരാന്‍ ഇനിയും താമസമെടുക്കും. പുതിയ ഭരണഘടന ലഭിച്ചാല്‍ അത് ഐഐഎഫ്എഫിന്റെ ജനറല്‍ ബോഡിയില്‍ അംഗീകാരംനേടി ഒക്ടോബര്‍ 30-നകം സമര്‍പ്പിക്കാനാണ് ഫിഫ ആവശ്യപ്പെട്ടിരിക്കുന്നത്.
ഫുട്ബോള്‍ ഫെഡറേഷന്റെ ഭരണത്തില്‍ കോടതി ഇടപെടല്‍ ഉണ്ടായതിനെതിനെത്തുടര്‍ന്നാണ് 2022-ല്‍ ഫിഫ വിലക്കുവന്നത്. എഐഎഫ്എഫ് പ്രസിഡന്റ്സ്ഥാനത്തുനിന്ന് പ്രഫുല്‍ പട്ടേലിനെ നീക്കിയ കോടതി ദൈനംദിനഭരണത്തിനായി കമ്മിറ്റിയെ നിയോഗിച്ചു. ഫെഡറേഷന്‍ പ്രവര്‍ത്തനത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് ഫിഫ നടപടിയെടുത്തത്. രണ്ടാഴ്ചയ്ക്കുശേഷമാണ് വിലക്ക് പിന്‍വലിച്ചത്. കല്യാണ്‍ ചൗബേയുടെ നേതൃത്വത്തിലുള്ള നിലവിലെ ഭരണസമിതി നിലവില്‍വന്നതോടെയാണിത്.
ഫിഫയും എഎഫ്സിയും അയച്ച കത്തില്‍ മൂന്ന് പ്രധാനആവശ്യമാണ് ഉന്നയിച്ചിട്ടുള്ളത്.
പുതുക്കിയ ഭരണഘടന അംഗീകരിച്ചുകൊണ്ട് സുപ്രീംകോടതിയില്‍ അന്തിമ ഉത്തരവ് നേടുക
ഫിഫയുടെയും എഎഫ്സിയുടെയും ചട്ടങ്ങളും വ്യവസ്ഥകളും പുതിയ ഭരണഘടനയിലുണ്ടെന്ന് ഉറപ്പാക്കുക
അടുത്ത എഐഎഫ്എഫ് ജനറല്‍ ബോഡിയില്‍ ഭരണഘടനയ്ക്ക് അംഗീകാരം നേടുക
Content Highlights: FIFA and AFC endanger to prohibition AIFF if revised constitution isn`t implemented by October 30th








English (US) ·