Published: January 04, 2026 08:20 PM IST Updated: January 04, 2026 08:40 PM IST
1 minute Read
ധാക്ക∙ ട്വന്റി20 ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്കില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ബംഗ്ലദേശ്. താരങ്ങളുടെ സുരക്ഷ പരിഗണിച്ച് നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിലേക്കു യാത്ര ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ബിസിസിഐ നിര്‍ദേശത്തെ തുടര്‍ന്ന് ബംഗ്ലദേശ് താരം മുസ്തഫിസുർ റഹ്മാനെ ഇന്ത്യൻ പ്രീമിയർ ലീഗിൽനിന്ന് ഒഴിവാക്കിയിരുന്നു. അതിനു പിന്നാലെയാണ് ബംഗ്ലദേശിന്റെ നീക്കം.
ഞായറാഴ്ച ഉച്ചയ്ക്കു ശേഷം ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് യോഗം ചേർന്ന ശേഷമാണ് ഇന്ത്യയിലേക്കില്ലെന്നു പ്രഖ്യാപിച്ചത്. ബംഗ്ലദേശ് സർക്കാരിന്റെ കൂടി നിർദേശം പരിഗണിച്ചാണു തീരുമാനമെന്നും ക്രിക്കറ്റ് ബോർഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ‘‘ഇന്ത്യയിൽ ബംഗ്ലദേശ് താരങ്ങളുടെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ ടീമിനെ അങ്ങോട്ട് അയക്കേണ്ടെന്നാണു തീരുമാനം. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ മത്സരങ്ങൾ ഇന്ത്യയ്ക്കു പുറത്തേക്കു മാറ്റണമെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനോട് ആവശ്യപ്പെടുകയാണ്.’’– ബിസിബി പ്രതികരിച്ചു.
‘‘താരങ്ങളുടെയും ബോർഡ് അംഗങ്ങളുടെയും ഒഫിഷ്യൽസിന്റേയും സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണിതെന്നാണ് ബോർഡ് വിശ്വസിക്കുന്നത്. ഐസിസി സാഹചര്യം മനസ്സിലാക്കി എത്രയും പെട്ടെന്നു തീരുമാനമെടുക്കുമെന്നു കരുതുന്നു.’’–ബംഗ്ലദേശ് ബോർഡ് വ്യക്തമാക്കി. അതേസമയം ബംഗ്ലദേശിന്റെ ആവശ്യത്തോട് ഐസിസിയോ, ബിസിസിഐയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ലോകകപ്പിലെ ബംഗ്ലദേശിന്റെ മത്സരങ്ങൾ ശ്രീലങ്കയിലേക്കു മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിനോട് (ബിസിബി) കായിക മന്ത്രാലയം നിർദേശിച്ചിരുന്നു. താരങ്ങളുടെ സുരക്ഷ സംബന്ധിച്ച് ആശങ്കയുള്ളതിനാലാണ് വേദിമാറ്റം നിർദേശിച്ചത്. ഇക്കാര്യം അറിയിച്ച് ഐസിസിക്ക് കത്തയയ്ക്കാൻ ബിസിബിയോടു നിർദേശിച്ചതായി സർക്കാർ ഉപദേഷ്ടാവ് ആസിഫ് നസ്രുൾ പറഞ്ഞു.
നിലവിലെ ഷെഡ്യൂൾ പ്രകാരം ട്വന്റി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ബംഗ്ലദേശിന്റെ നാലു മത്സരങ്ങളാണ് ഇന്ത്യയിൽ നടക്കുന്നത്. ഇതിൽ മൂന്നെണ്ണം കൊൽക്കത്ത ഈഡൻ ഗാർഡൻസിലും ഒരെണ്ണം മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലുമാണ്. വെസ്റ്റിൻഡീസ് (ഫെബ്രുവരി 7), ഇറ്റലി (ഫെബ്രുവരി 9), ഇംഗ്ലണ്ട് (ഫെബ്രുവരി 14) എന്നിവർക്കെതിരെയാണ് കൊൽക്കത്തയിലെ മത്സരങ്ങൾ. ഫെബ്രുവരി 17നു നേപ്പാളിനെതിരെയാണ് മുംബൈയിലെ മത്സരം. മുസ്തഫിസുറിനെ പുറത്താക്കിയ സാഹചര്യത്തിൽ ബംഗ്ലദേശിൽ ഐപിഎൽ ബ്രോഡ്കാസ്റ്റിങ്ങിനു വിലക്കു വരുമെന്നും ഭീഷണിയുണ്ട്.
English Summary:








English (US) ·