‘ഇന്ത്യയിലെ സ്റ്റേഡിയങ്ങൾ തകർക്കും, സാധിക്കുമെങ്കിൽ രക്ഷിക്ക്’: ചെപ്പോക്ക്, മോദി, ജയ്‌റ്റ്‍ലി, ജയ്പുർ, കൊൽക്കത്ത സ്റ്റേഡിയങ്ങൾക്ക് ഭീഷണി

8 months ago 8

ഓൺലൈൻ ഡെസ്‌ക്

Published: May 09 , 2025 04:54 PM IST

1 minute Read

പഞ്ചാബ് കിങ്സ് – ഡൽഹി ക്യാപിറ്റൽസ് മത്സരത്തിനിടെ ധരംശാലയിലെ സ്റ്റേഡിയത്തിൽനിന്ന് കാണികളെ ഒഴിപ്പിക്കുന്നു (പിടിഐ ചിത്രം)
പഞ്ചാബ് കിങ്സ് – ഡൽഹി ക്യാപിറ്റൽസ് മത്സരത്തിനിടെ ധരംശാലയിലെ സ്റ്റേഡിയത്തിൽനിന്ന് കാണികളെ ഒഴിപ്പിക്കുന്നു (പിടിഐ ചിത്രം)

ന്യൂ‍ഡൽഹി∙ പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്, ഇന്ത്യയിലെ ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ തകർത്ത് തിരിച്ചടി നൽകുമെന്ന് ഭീഷണി. ഡൽഹിയിലെ അരുൺ ജയ്‌റ്റ്‌ലി സ്റ്റേഡിയം, ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയം, ജയ്പുരിലെ സവായ് മാൻസിങ് സ്റ്റേഡിയം, അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം, കൊൽക്കത്ത ഈഡൻ ഗാർഡൻസ് തുടങ്ങിയവ ബോംബ് വച്ചു തകർക്കുമെന്നാണ് ഭീഷണി. അതാത് സ്റ്റേഡിയങ്ങളുമായി ബന്ധപ്പെട്ട ഔദ്യോഗിക ഇമെയിലേക്കാണ് ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്. ഭീഷണി ഉയർന്നിട്ടുള്ള സ്റ്റേഡിയങ്ങളെല്ലാം ഐപിഎൽ വേദികളാണെന്ന പ്രത്യേകതയുമുണ്ട്. അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഐപിഎൽ മത്സരങ്ങൾ ഒരാഴ്ചത്തേക്കു നീട്ടിവയ്ക്കുന്നതായി ബിസിസിഐ അറിയിച്ചിരുന്നു.

ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിന്റെ ഹോം ഗ്രൗണ്ടായ അരുൺ ജയ്‌റ്റ്‌ലി സ്റ്റേഡിയത്തിൽ മേയ് 11ന് ഗുജറാത്ത് ടൈറ്റൻസിനെതിരായ അവരുെട മത്സരം നടക്കാനിരിക്കെയാണ് ഇമെയിൽ ബോംബ് ഭീഷണി ലഭിച്ചത്. സ്റ്റേഡിയത്തിന് ബോംബ് ഭീഷണി ലഭിച്ച കാര്യം ഡിഡിസിഎയിലെ ഉന്നതൻ ദേശീയ മാധ്യമത്തോട് സ്ഥിരീകരിച്ചു. ഇക്കാര്യം ഡൽഹി പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

‘‘സ്റ്റേഡിയം ബോംബ് വച്ചു തകർക്കുമെന്ന് രാവിലെ ഇമെയിലിൽ ഭീഷണി സന്ദേശം ലഭിച്ചിരുന്നു എന്നത് വാസ്തവമാണ്. ഉടൻതന്നെ ഇക്കാര്യം ഡൽഹി പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അവർ ഉടൻതന്നെ സ്റ്റേഡിയത്തിലെത്തി പരിശോധന നടത്തി’ – ഡിഡിസിഎ ഉന്നതൻ പറഞ്ഞു. പാക്കിസ്ഥാനോടു കൂറു പുലർത്തുന്ന സ്ലീപ്പർ സെല്ലുകൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുണ്ടെന്നും, ഓപ്പറേഷൻ സിന്ദൂറിനു തിരിച്ചടി നൽകാൻ അവയെയെല്ലാം സജീവമാക്കുമെന്നും ഭീഷണി സന്ദേശത്തിലുണ്ട്.

കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പർ കിങ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ ഏറ്റുമുട്ടിയ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിനും ഭീഷണിയുണ്ട്. ഔദ്യോഗിക ഇമെയിലിൽ ഭീഷണി സന്ദേശം ലഭിച്ചതായി ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ സ്ഥിരീകരിച്ചു. അജ്ഞാത ഐഡിയിൽ നിന്നാണ് സന്ദേശം ലഭിച്ചത്. ഭീഷണി സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും സാധ്യമായ നടപടികളെല്ലാം സ്വീകരിക്കുമെന്നും അസോസിയേഷൻ പ്രസിഡന്റ് സ്നേഹാശിഷ് ഗാംഗുലി വിശദീകരിച്ചു.

മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന്റെ ഹോം ഗ്രൗണ്ടായ ജയ്പുരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിനെതിരെയും ഭീഷണിയുണ്ട്. രാജസ്ഥാൻ സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ ഔദ്യോഗിക മെയിലിലാണ് ഭീഷണി സന്ദേശം വന്നത്. ഇന്നു രാവിലെ 9.13നാണ് സന്ദേശം ലഭിച്ചത്. ‘ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം ആഘോഷിക്കാൻ ഞങ്ങൾ നിങ്ങളുടെ സ്റ്റേഡിയം ബോംബുവച്ച് തകർക്കും’ എന്നായിരുന്നു ഭീഷണി. കഴിയുമെങ്കിൽ എല്ലാവരെയും രക്ഷിക്കാനുള്ള വെല്ലുവിളിയും മെയിലിലുണ്ട്.

ഗുജറാത്ത് ടൈറ്റൻസിന്റെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിനും ഭീഷണിയുണ്ട്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ ഔദ്യോഗിക ഇ മെയിലിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. അസോസിയേഷൻ പ്രതിനിധികൾ ഇത് ഉടൻ തന്നെ അഹമ്മദാബാദ് പൊലീസിനു കൈമാറി. ‘നിങ്ങളുടെ സ്റ്റേഡിയം തകർക്കും’ എന്ന ഒറ്റവരി സന്ദേശമാണ് ലഭിച്ചത്.

മഹേന്ദ്രസിങ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിന്റെ ഹോം ഗ്രൗണ്ടായ ചെപ്പോക്ക് സ്റ്റേഡിയത്തിനും ബോംബ് ഭീഷണിയുണ്ട്. സ്റ്റേഡിയം ഓഫിസിൽ‌ ലഭിച്ച ഇമെയിൽ സന്ദേശത്തിലാണ് ഭീഷണി. സ്റ്റേഡിയത്തിൽ ഐപിഎൽ മൽസരങ്ങൾ നടത്തിയാൽ, ഓപ്പറേഷൻ‌ സിന്ദൂറിനുള്ള പ്രതികാരമായി ബോംബാക്രമണം നടത്തുമെന്നാണ് ഭീഷണി സന്ദേശമെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബോംബ് സ്ക്വാഡും ഡേഗ്സ്്ക്വാഡും സ്റ്റേഡിയത്തിലെത്തി പരിശോധന നടത്തി. ഭീഷണിയെപ്പറ്റി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

English Summary:

If possible, prevention everyone: Various stadiums successful India get weaponry threat, mention Operation Sindoor

Read Entire Article