ഇന്ത്യയിലേക്കു വരാത്ത വിദേശ താരങ്ങൾ വേണ്ട, പകരക്കാർ കളിക്കട്ടെ, പിന്തുണച്ച് ഐപിഎൽ, പക്ഷേ ഒരു നിബന്ധനയുണ്ട്!

8 months ago 7

ഓൺലൈൻ ഡെസ്ക്

Published: May 14 , 2025 08:29 PM IST Updated: May 14, 2025 11:08 PM IST

1 minute Read

സൺറൈസേഴ്സ് ഹൈദരാബാദ് - ഡൽഹി ക്യാപിറ്റൽസ് മത്സരത്തിൽ നിന്ന്. (Photo by Noah SEELAM / AFP)
സൺറൈസേഴ്സ് ഹൈദരാബാദ് - ഡൽഹി ക്യാപിറ്റൽസ് മത്സരത്തിൽ നിന്ന്. (Photo by Noah SEELAM / AFP)

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ വീണ്ടും മത്സരങ്ങൾ തുടങ്ങുമ്പോൾ ടീമിനൊപ്പം ചേരാൻ സാധിക്കാത്തവർക്കു പകരം പുതിയ താരങ്ങളെ ‘സൈൻ’ ചെയ്യാൻ അനുമതിയായി. ഇന്ത്യ– പാക്കിസ്ഥാൻ സംഘർഷം കാരണം ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം മേയ് 17നാണ് ഐപിഎല്‍ മത്സരങ്ങൾ പുനരാരംഭിക്കുന്നത്. വിദേശ താരങ്ങൾ ഇന്ത്യ വിട്ടുപോയതിനാൽ ആരൊക്കെ മടങ്ങി വരുമെന്ന് ഉറപ്പായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഫ്രാഞ്ചൈസികൾ പുതിയ താരങ്ങളെ തിരയുന്നത്.

എന്നാൽ പകരക്കാരായി വരുന്ന താരങ്ങളെ അടുത്ത സീസണിലേക്കു നിലനിർത്താൻ ഐപിഎൽ ടീമുകൾക്കു സാധിക്കില്ല. ഐപിഎൽ നിയമപ്രകാരം അസുഖങ്ങളോ, പരുക്കോ ബാധിച്ചാൽ മാത്രമാണ് സീസണിലെ 12 മത്സരങ്ങൾക്കു മുൻപു വരെ ഒരു താരത്തിന് പകരക്കാരനെ കൊണ്ടുവരാൻ അനുമതിയുള്ളത്. പക്ഷേ പ്രത്യേക സാഹചര്യമായതിനാൽ ടീമുകൾക്ക് ആവശ്യം പോലെ മാറ്റം വരുത്താനുള്ള സമ്മതം ബിസിസിഐ നൽകിക്കഴിഞ്ഞു.

‘‘വ്യക്തിപരമായ കാരണങ്ങളാലും രാജ്യന്തര മത്സരങ്ങൾ ഉള്ളതിനാലും ഐപിഎൽ കളിക്കാതിരിക്കുന്നവർക്കു പകരം സീസൺ അവസാനിക്കുന്നതുവരെ മാത്രം പുതിയ താരങ്ങൾക്കു കളിക്കാമെന്നാണു നിർദേശം. എന്നാൽ ഇവരെ അടുത്ത സീസണിലേക്കു നിലനിർത്താൻ സാധിക്കില്ല. ഇങ്ങനെയുള്ള താരങ്ങൾക്ക് 2026 ഐപിഎൽ കളിക്കാൻ താരലേലത്തിൽ റജിസ്റ്റർ ചെയ്യേണ്ടിവരും.’’– ഐപിഎൽ സംഘാടകർ പ്രസ്താവനയിൽ അറിയിച്ചു.

സംഘർഷം കാരണം ഐപിഎൽ നിർത്തുന്നതിനു മുൻപ്, സൈൻ ചെയ്ത താരങ്ങളെ അടുത്ത സീസണിലേക്കും പരിഗണിക്കാനാകും. ഇടവേള വരുന്നതിന് 48 മണിക്കൂറിനിടെ നാലു താരങ്ങളെയാണ് ടീമുകൾ റജിസ്റ്റർ ചെയ്തത്. സിദ്ദിക്കുല്ല അടൽ (ഡൽഹി ക്യാപിറ്റൽസ്), മയങ്ക് അഗർവാൾ (റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു), ലുഹാൻ ഡെ പ്രിട്ടോറിയൂസ് (രാജസ്ഥാൻ റോയൽസ്), നാന്ദ്രെ ബര്‍ഗർ (രാജസ്ഥാൻ റോയൽസ്) എന്നിവരാണ് പുതുതായി ടീമുകൾക്കൊപ്പം ചേർന്ന പകരക്കാർ.

English Summary:

BCCI Provides Massive Relief To Franchises With Rule Change For IPL

Read Entire Article