Published: May 14 , 2025 09:44 PM IST
1 minute Read
ന്യൂഡൽഹി∙ ഐപിഎൽ മത്സരങ്ങൾ വീണ്ടും തുടങ്ങുമ്പോൾ ഡൽഹി ക്യാപിറ്റൽസിന്റെ ശേഷിക്കുന്ന മത്സരങ്ങൾ കളിക്കാൻ ഇന്ത്യയിലേക്കില്ലെന്ന് ഓസ്ട്രേലിയൻ യുവതാരം ജേക് ഫ്രേസര്‍ മഗ്രുക്. ഓപ്പണിങ് ബാറ്ററായ ജേക് ഫ്രേസറിന്റെ മാനേജരാണ് ഡൽഹി ഫ്രാഞ്ചൈസിയെ ഇക്കാര്യം അറിയിച്ചത്. ഓസ്ട്രേലിയൻ താരത്തിന് പകരക്കാരനായി ബംഗ്ലദേശ് പേസ് ബോളര്‍ മുസ്തഫിസുർ റഹ്മാൻ ഡൽഹി ക്യാപിറ്റൽസിൽ ചേരും.
കഴിഞ്ഞ ആഴ്ച ധരംശാലയിൽ നടന്ന ഡൽഹി ക്യാപിറ്റൽസ്– പഞ്ചാബ് കിങ്സ് പോരാട്ടം പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്റ്റേഡിയത്തിലെ ലൈറ്റുകൾ എല്ലാം അണച്ച ശേഷമാണ് സൂപ്പർ താരങ്ങളെയും ആരാധകരെയും ധരംശാല സ്റ്റേഡിയത്തിൽനിന്നു മാറ്റിയത്. പ്രത്യേക ട്രെയിനിൽ ഡൽഹിയിലേക്ക് എത്തിച്ചാണ് താരങ്ങളെ സ്വന്തം നാടുകളിലേക്കു വിമാനം കയറ്റിവിട്ടത്. ധരംശാലയിലെ സംഭവങ്ങളിൽ ജേക് ഫ്രേസർ വളരെയേറെ ഭയന്നു പോയതായി അദ്ദേഹത്തിന്റെ പരിശീലകനായിരുന്ന ഷാനൻ യങ് പ്രതികരിച്ചു.
‘‘മറ്റു വിദേശതാരങ്ങളെക്കാളും ജേക് ഭയപ്പെട്ടിരുന്നു. അദ്ദേഹം ഐപിഎൽ കളിക്കാത്തതിൽ അദ്ഭുതമൊന്നും തോന്നുന്നില്ല. ഡൽഹി ക്യാംപിലെ പ്രായം കുറഞ്ഞ വിദേശ താരമാണ് ജേക്. ധരംശാലയിൽനിന്ന് ഞങ്ങളെ ഒഴിപ്പിച്ചതും ഡൽഹിയിലെത്തിച്ചതുമെല്ലാം അവനെ ഭയപ്പെടുത്തി.’’– ഷാനൻ യങ് ഒരു വാർത്താ ഏജൻസിയോടു വെളിപ്പെടുത്തി. ധരംശാലയിൽ മേയ് എട്ടിന് കളിക്കുന്നതിൽ ആശങ്കയുണ്ടെന്ന് ഓസ്ട്രേലിയൻ താരങ്ങൾ ഫ്രാഞ്ചൈസികളെ അറിയിച്ചതായും വിവരമുണ്ട്. എന്നാൽ ഇവരെ അനുനയിപ്പിച്ചാണ് ടീമുകള്‍ കളിക്കാനിറക്കിയത്. ജമ്മു, ഉദ്ദംപൂർ, പഠാൻകോട്ട് എന്നിവിടങ്ങളിൽ ‘ബ്ലാക്ക് ഔട്ട്’ നിലവിൽ വന്നതോടെയാണ് ധരംശാലയിലെ ഐപിഎൽ മത്സരം പൂർത്തിയാക്കാതെ ഉപേക്ഷിച്ചത്.
ഓസ്ട്രേലിയൻ പേസർ മിച്ചല്‍ സ്റ്റാര്‍ക്കും ഡൽഹി ക്യാപിറ്റൽസിൽ ഇനിയുള്ള മത്സരങ്ങൾ കളിക്കില്ല. ഡൽഹിയുടെ ഫീൽഡിങ് പരിശീലകനായ ആന്റൻ റൂക്സ് ഇന്ത്യയിലേക്കു വരുമെന്ന് സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു. ദക്ഷിണാഫ്രിക്കൻ താരങ്ങളായ ഫാഫ് ഡുപ്ലേസി, ട്രിസ്റ്റൻ സ്റ്റബ്സ് എന്നിവരും ഡൽഹി ക്യാംപിൽ ചേരുമോയെന്ന കാര്യത്തിൽ ഉറപ്പു പറഞ്ഞിട്ടില്ല.
English Summary:








English (US) ·