
മുഹമ്മദ് റിസ്വാനും രോഹിത് ശർമയും ടോസിനിടെ | AFP
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരേ കടുത്ത നടപടികളുമായാണ് ഇന്ത്യ മുന്നോട്ടുപോകുന്നത്. പാകിസ്താനില്‍നിന്നുള്ള ഉത്പന്നങ്ങളുടെ നേരിട്ടോ അല്ലാതെയോ ഉള്ള ഇറക്കുമതിയടക്കം തടഞ്ഞിരിക്കുകയാണ് ഇന്ത്യ. അതിനിടെ വരാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇന്ത്യ അതിഥ്യമുരുളുന്ന ടൂര്‍ണമെന്റ് നീട്ടിവെക്കാനുള്ള സാധ്യതയേറുകയാണ്. ഈ വര്‍ഷം സെപ്റ്റംബറിലാണ് ഏഷ്യാ കപ്പ് നടക്കേണ്ടത്.
നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ ക്രിക്കറ്റ് മത്സരം കളിക്കാന്‍ സാധ്യത വിരളമാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബംഗ്ലാദേശ് പരമ്പരയ്ക്ക് ശേഷം ഇന്ത്യ ഏഷ്യാ കപ്പില്‍ പങ്കെടുക്കാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ബംഗ്ലാദേശുമായുള്ള പരമ്പരയും നിലവില്‍ നടക്കുമോ എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്.
സെപ്റ്റംബറില്‍ നടത്താന്‍ തീരുമാനിച്ച ഏഷ്യ കപ്പ് ടൂര്‍ണമെന്റ് ഹൈബ്രിഡ് മോഡലില്‍ നടക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ വന്ന് പാകിസ്താന്‍ ടൂര്‍ണമെന്റിന്റെ ഭാഗമാകില്ല. മറ്റൊരു രാജ്യത്തായിരിക്കും പാകിസ്താന്‍ കളിക്കുക. ശ്രീലങ്ക, യു.എ.ഇ എന്നിവിടങ്ങളില്‍ ഏഷ്യാ കപ്പ് നടത്തുന്നതും അധികൃതരുടെ ആലോചനയിലുണ്ട്. ഇത് സംബന്ധിച്ച് നിലവില്‍ തീരുമാനമായിട്ടില്ല.
ഐസിസി ടൂര്‍ണമെന്റുകളിലും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് കീഴില്‍ നടക്കുന്ന ഏഷ്യാ കപ്പിലും മാത്രമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കാറുള്ളത്. 2008-ലെ മുംബൈ ഭീകരാക്രമണത്തോടെ തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം വഷളായിരുന്നു. ആക്രമണത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധങ്ങള്‍ വഷളായതിനാല്‍, 2008-ല്‍ ഏഷ്യാ കപ്പില്‍ പങ്കെടുത്തതിനുശേഷം ഇന്ത്യ, പാകിസ്താനില്‍ പര്യടനം നടത്തിയിട്ടില്ല.
അടുത്തിടെ പാകിസ്താനില്‍ നടന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായും ഇന്ത്യ, പാകിസ്താനിലേക്ക് യാത്ര ചെയ്തിരുന്നില്ല. പകരം ടൂര്‍ണമെന്റി ഹൈബ്രിഡ് മോഡലിലാക്കി ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായില്‍ നടത്തുകയായിരുന്നു. 2024-2027 കാലത്തില്‍ ഇന്ത്യയിലോ പാകിസ്താനിലോ നടക്കുന്ന എല്ലാ ഐസിസി ടൂര്‍ണമെന്റുകള്‍ക്കും ഹൈബ്രിഡ് മോഡല്‍ ഏര്‍പ്പെടുത്താന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) തീരുമാനിച്ചിരുന്നു.
Content Highlights: india pakistan narration asia cupful to beryllium postponed








English (US) ·