Published: January 07, 2026 09:09 AM IST Updated: January 07, 2026 09:15 AM IST
1 minute Read
ധാക്ക∙ ഇന്ത്യൻ പ്രീമിയർ ലീഗിൽനിന്നു പുറത്താക്കിയ ബംഗ്ലദേശ് പേസർ മുസ്തഫിസുർ റഹ്മാൻ പാക്കിസ്ഥാൻ സൂപ്പർ ലീഗിലേക്ക്. താരം അടുത്ത സീസണിൽ കളിക്കുമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് എക്സ് പ്ലാറ്റ്ഫോമിലൂടെ പ്രഖ്യാപിച്ചു. ലേല നടപടികളുടെ ഭാഗമാക്കി മുസ്തഫിസുറിനെ ഏതെങ്കിലും ടീമിൽ ഉൾപ്പെടുത്താനാണ് പിഎസ്എൽ സംഘാടകരുടെ ശ്രമം. 9.2 കോടി രൂപയ്ക്ക് ഐപിഎൽ മിനിലേലത്തിൽ വിറ്റുപോയ മുസ്തഫിസുറിനെ, ഇന്ത്യ– ബംഗ്ലദേശ് നയതന്ത്ര ബന്ധം വഷളായതിനെ തുടർന്നാണ് പുറത്താക്കിയത്.
ബിസിസിഐയുടെ നിർദേശ പ്രകാരം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരത്തെ ടീമിൽനിന്ന് ഒഴിവാക്കുകയായിരുന്നു. പിന്നാലെ ട്വന്റി20 ലോകകപ്പിനായി ഇന്ത്യയിലേക്ക് ബംഗ്ലദേശ് ടീമിനെ അയക്കില്ലെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചിരുന്നു. ബംഗ്ലദേശിന്റെ മത്സരങ്ങൾ ശ്രീലങ്കയിൽ നടത്തണമെന്നാണു ടീമിന്റെ ആവശ്യം. ഐപിഎലിൽ പതിവായി കളിക്കുന്നതിനാൽ താരം പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ അധികം ഇറങ്ങിയിട്ടില്ല. എട്ടു വർഷം മുൻപാണ് മുസ്തഫിസുർ പിഎസ്എലിൽ ഒടുവില്‍ കളിച്ചത്.
2018ൽ ലഹോർ ക്വാലാൻഡേഴ്സിന്റെ താരമായിരുന്ന മുസ്തഫിസുർ അഞ്ച് മത്സരങ്ങളിൽ കളിക്കാനിറങ്ങിയിരുന്നു. പിന്നീട് ഇന്ത്യൻ പ്രീമിയര്‍ ലീഗിന്റെ ഭാഗമായി വിവിധ ഫ്രാഞ്ചൈസികളിലും കളിച്ചു. ഐപിഎലിൽ ഇടമില്ലെന്നു വ്യക്തമായതോടെയാണ് താരത്തിന്റെ പാക്കിസ്ഥാനിലേക്കുള്ള മടങ്ങിപ്പോക്ക്. മുസ്തഫിസുറിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള പിഎസ്എലിന്റെ എക്സിലെ പോസ്റ്റ് പാക്ക് ആരാധകർ ആഘോഷിക്കുകയാണ്.
ഐപിഎൽ താരലേലത്തിൽ വിറ്റുപോയ ഏക ബംഗ്ലദേശി താരമായിരുന്നു മുസ്തഫിസുർ. മുസ്തഫിസുർ കളിക്കാത്ത സാഹചര്യത്തിൽ ഐപിഎൽ മത്സരങ്ങൾ ബ്രോഡ്കാസ്റ്റ് ചെയ്യരുതെന്ന് ബംഗ്ലദേശി ചാനലുകൾക്കു നിർദേശമുണ്ട്. ബംഗ്ലദേശ് സർക്കാർ ഇടപെട്ടാണ് ഐപിഎലിന് അനിശ്ചിത കാലത്തേക്കു വിലക്കു കൊണ്ടുവന്നത്.
English Summary:








English (US) ·