Published: January 07, 2026 09:46 AM IST
1 minute Read
ദുബായ്∙ ട്വന്റി20 ലോകകപ്പ് മത്സരങ്ങൾ ശ്രീലങ്കയിൽ നടത്തണമെന്ന ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം തള്ളി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ. ഇന്ത്യയിൽ സുരക്ഷാ പ്രശ്നങ്ങളില്ലെന്നും അതുകൊണ്ടുതന്നെ കളി മാറ്റേണ്ടതില്ലെന്നുമാണ് ഐസിസിയുടെ നിലപാട്. ചൊവ്വാഴ്ച ഐസിസി ഭാരവാഹികളും ബിസിബി അംഗങ്ങളും ഓൺലൈനായി ചേർന്ന യോഗത്തിൽ തന്നെ ഐസിസി വിഷയത്തിൽ നിലപാട് അറിയിച്ചിരുന്നു. ഇന്ത്യയിൽനിന്ന് ബംഗ്ലദേശിന്റെ മത്സരങ്ങൾ മാറ്റേണ്ടതില്ലെന്നാണ് ഐസിസിയുടെ കണ്ടെത്തൽ.
ഇന്ത്യയിൽ ബംഗ്ലദേശ് താരങ്ങൾക്കു ഭീഷണിയുണ്ടെന്ന വാദത്തിൽ കഴമ്പില്ലെന്നും ഐസിസി ചർച്ചയിൽ നിലപാടെടുത്തു. ഈ സാഹചര്യത്തിൽ ബംഗ്ലദേശിന്റെ മത്സരങ്ങൾ കൊൽക്കത്തയിലും മുംബൈയിലുമായി തന്നെ നടത്താമെന്ന നിർദേശവും ഐസിസി മുന്നോട്ടുവച്ചു. ഇന്ത്യയിലെ ബംഗ്ലദേശിന്റെ മത്സരങ്ങൾ ശ്രീലങ്കയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിസിബി ഐസിസിക്ക് കത്തയച്ചിരുന്നു. തുടർന്നാണ് ഇരു വിഭാഗങ്ങളും ഓൺലൈനായി യോഗം ചേർന്നത്.
ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാന്റെ മത്സരങ്ങൾ ശ്രീലങ്കയിലാണു നടക്കുന്നത്. പാക്ക് താരങ്ങളെ ഇന്ത്യയിലേക്ക് അയക്കാൻ സാധിക്കില്ലെന്ന് പാക്ക് ബോർഡ് തീരുമാനിച്ചതോടെയാണ് പാക്കിസ്ഥാന്റെ കളികൾ ശ്രീലങ്കയിൽ നടത്താൻ ധാരണയായത്. ഇതേ രീതിയാണ് ബംഗ്ലദേശും ആവശ്യപ്പെട്ടതെങ്കിലും ഐസിസി തള്ളിക്കളയുകയായിരുന്നു.
ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ നാല് മത്സരങ്ങളാണ് ബംഗ്ലദേശിന് ഇന്ത്യയിൽ കളിക്കാനുള്ളത്. അതിൽ മൂന്നും കൊൽക്കത്തയിലാണ്. ഫെബ്രുവരി ഏഴിന് കൊൽക്കത്തയിൽ വെസ്റ്റിൻഡീസിനെതിരായാണ് ആദ്യ പോരാട്ടം. ഇംഗ്ലണ്ട്, ഇറ്റലി, നേപ്പാൾ ടീമുകൾക്കെതിരെയാണ് ബംഗ്ലദേശിന്റെ മറ്റു മത്സരങ്ങൾ. മത്സരങ്ങൾ ഇന്ത്യയ്ക്കു പുറത്തേക്കു മാറ്റുമ്പോള്‍ ഭാരിച്ച ചെലവാണ് സംഘാടകർക്കു വഹിക്കേണ്ടിവരുക.
English Summary:








English (US) ·