Published: January 14, 2026 10:24 AM IST Updated: January 14, 2026 11:24 AM IST
1 minute Read
-
ലോകകപ്പ് വേദി വിഷയത്തിൽ നിലപാടിലുറച്ച് ബംഗ്ലദേശ്; വഴങ്ങാതെ ഐസിസി
ധാക്ക ∙ ട്വന്റി20 ലോകകപ്പിനായി ഇന്ത്യയിലേക്കില്ലെന്ന നിലപാടിലുറച്ച് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി). തീരുമാനം പുനഃപരിശോധിക്കണമെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഔദ്യോഗികമായി ആവശ്യപ്പെട്ടെങ്കിലും ഇന്ത്യയിൽ മത്സരം കളിക്കില്ലെന്ന തീരുമാനത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് വീണ്ടും അറിയിച്ചതായി ബിസിബി വ്യക്തമാക്കി. ഈ വിഷയത്തിൽ ഐസിസിയുമായി ചർച്ച തുടരുമെന്നും ബംഗ്ലദേശ് ബോർഡ് അറിയിച്ചു.
ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽനിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലദേശ് ബോർഡിന്റെ ആവശ്യം കഴിഞ്ഞ ദിവസം ഐസിസി തള്ളിയിരുന്നു. ഇതിനു പിന്നാലെ ഐസിസിയുടെയും ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിന്റെയും പ്രതിനിധികൾ തമ്മിൽ വിഡിയോ കോൺഫറൻസ് വഴി ഇന്നലെ ചർച്ച നടത്തിയിരുന്നു. ഇന്ത്യയിൽ സുരക്ഷാ ഭീഷണിയില്ലെന്ന് തങ്ങൾക്ക് റിപ്പോർട്ട് ലഭിച്ചതായും ലോകകപ്പിന്റെ ഷെഡ്യൂൾ പ്രഖ്യാപിച്ചശേഷം മത്സരവേദി മാറ്റാനാകില്ലെന്നും ഐസിസി ബംഗ്ലദേശിനെ അറിയിച്ചു.
എന്നാൽ താരങ്ങൾക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന വാദം ചർച്ചയിൽ വീണ്ടും ഉന്നയിച്ച ബംഗ്ലദേശ് ബോർഡ്, വേദി മാറ്റ ആവശ്യത്തിൽനിന്ന് പിന്നോട്ടില്ലെന്ന് നിലപാടറിയിച്ചു. ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ലോകകപ്പിൽ ബംഗ്ലദേശിന്റെ 3 ഗ്രൂപ്പ് മത്സരങ്ങൾ കൊൽക്കത്തയിലും ഒന്ന് മുംബൈയിലുമാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്നത്.
English Summary:








English (US) ·