Published: January 01, 2026 01:03 PM IST
1 minute Read
സിഡ്നി ∙ ട്വന്റി20 ലോകകപ്പിനുള്ള ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മിച്ചൽ മാർഷ് നായകനായി 15 അംഗ ടീമിനെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ബോർഡ് പ്രഖ്യാപിച്ചത്. പരുക്കിനെ തുടർന്നു ടീമിൽനിന്നു പുറത്തായിരുന്ന ടെസ്റ്റ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, പേസർ ജോഷ് ഹെയ്സൽവുഡ് എന്നിവരും ലോകകപ്പ് ടീമിലുണ്ട്. ആഷസ് പരമ്പരയിലെ ഒരു മത്സരം മാത്രമാണ് പാറ്റ് കമ്മിൻസ് കളിച്ചത്. ജനുവരി അവസാനം നടത്തുന്ന അന്തിമ പരിശോധനകൾക്കു ശേഷമാകും കമ്മിൻസ് ലോകകപ്പിൽ കളിക്കുന്ന കാര്യത്തിൽ വ്യക്തത വരുക. ആഷസ് പരമ്പര പൂർണമായും നഷ്ടപ്പെട്ട ജോഷ് ഹെയ്‍സൽവുഡിനെയും ഫിറ്റ്നസ് ടെസ്റ്റുകൾക്ക് വിധേയനാക്കും.
‘‘പാറ്റ് കമ്മിൻസ്, ജോഷ് ഹെയ്സൽവുഡ്, ടിം ഡേവിഡ് എന്നിവർ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്, ലോകകപ്പിന് അവർ ഉണ്ടാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.’’ ചീഫ് സെലക്ടർ ജോർജ് ബെയ്‌ലി പറഞ്ഞു. ഇതു പ്രാഥമിക ടീം മാത്രമാണെന്നും മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെങ്കിൽ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ലോകകപ്പിലേക്ക് സ്പിന്നർമാർക്കു കൂടുതൽ പ്രാധാന്യം നൽകിയാണ് ഓസീസ് ടീമിനെ പ്രഖ്യാപിച്ചത്.
ഇടംകൈ സ്പിന്നർമാരായ മാറ്റ് കുഹ്നെമാൻ, കൂപ്പർ കോനൊളി എന്നിവരെ 15 അംഗ ടീമിലേക്ക് ഉൾപ്പെടുത്തി. ആദം സാംപ, പാർട്ട് ടൈമർ ഗ്ലെൻ മാക്സ്‌വെൽ എന്നിവരും ടീമിലുണ്ട്. ഓസ്ട്രേലിയയുടെ ഗ്രൂപ്പ് ഘട്ട മത്സങ്ങൾ മുഴുവൻ ശ്രീലങ്കയിലാണ് നടക്കുന്നത്. ട്വന്റി20യിൽനിന്നു വിരമിച്ച ഇടംകൈയ്യൻ പേസർ മിച്ചൽ സ്റ്റാർക്കിനു പകരമായി ടീമിൽ ആരുമില്ല. കമ്മിൻസിനും ഹെയ്‌സൽവുഡിനും പുറമേ നഥാൻ എല്ലിസ്, സേവ്യർ ബാർട്‌ലെറ്റ്, ഓൾറൗണ്ടർമാരായ കാമറൂൺ ഗ്രീൻ, മാർക്കസ് സ്റ്റോയിനിസ് എന്നിവരാണ് ടീമിലെ പേസർമാർ. എല്ലാവരും വലംകൈയ്യൻമാരാണ്.
അതേസമയം, 2026ലെ ഐപിഎലിന് മുന്നോടിയായി പഞ്ചാബ് കിങ്സ് നിലനിർത്തിയ ഓൾറൗണ്ടർ മിച്ചൽ ഓവന്, ഓസീസ് ടീമിൽ സ്ഥാനമില്ല. ഫെബ്രുവരി 11ന് കൊളംബോയിൽ അയർലൻഡിനെതിരെയാണ് ഓസ്ട്രേലിയയുടെ ആദ്യ ലോകകപ്പ് മത്സരം. ടൂർണമെന്റിനു മുന്നോടിയായി പാക്കിസ്ഥാനെതിരെ നടക്കുന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിനെ പിന്നീടു പ്രഖ്യാപിക്കും.
English Summary:








English (US) ·