Published: October 03, 2025 12:23 PM IST
2 minute Read
-
മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 2ന് 121; കെ.എൽ.രാഹുലിന് അർധ സെഞ്ചറി (53*)
അഹമ്മദാബാദ് ∙ പന്ത് പുറത്തേക്കു പോകുമെന്നു കരുതി ബാറ്റുയർത്തി നിൽക്കെ സ്റ്റംപ് തെറിക്കുന്നതു കണ്ട് ഞെട്ടിയ ബ്രണ്ടൻ കിങ്ങിന്റെ നിസ്സഹായതയായിരുന്നു ഇന്നലെ വെസ്റ്റിൻഡീസ് താരങ്ങളുടെയെല്ലാം മുഖത്ത്. ഇന്ത്യൻ പേസർമാരുടെ അതിവേഗ പന്തുകളിൽ വിക്കറ്റ് വീണതുപോലും പലരും അറിഞ്ഞില്ല ! നരേന്ദ്രമോദി സ്റ്റേഡിയത്തിലെ പച്ച പുതച്ച പിച്ചിൽ ഇന്ത്യൻ പേസാക്രമണത്തിന് മുൻപിൽ വെസ്റ്റിൻഡീസ് തകർന്നു വീണു. ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സന്ദർശകർ വെറും 44 ഓവറിനുള്ളിൽ 162ന് ഓൾഔട്ട്. മുഹമ്മദ് സിറാജ് 4 വിക്കറ്റും ജസ്പ്രീത് ബുമ്ര 3 വിക്കറ്റും നേടി. മറുപടി ബാറ്റിങ്ങിൽ 2 വിക്കറ്റ് നഷ്ടത്തിൽ 121 റൺസ് നേടിയ ഇന്ത്യ മത്സരത്തിൽ മേധാവിത്തമുറപ്പിച്ചാണ് ആദ്യദിനം അവസാനിപ്പിച്ചത്. അർധ സെഞ്ചറി പിന്നിട്ട കെ.എൽ.രാഹുലിനൊപ്പം (53 നോട്ടൗട്ട്), ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും (18 നോട്ടൗട്ട്) ക്രീസിലുണ്ട്.
ആളൊഴിഞ്ഞ പൂരപ്പറമ്പുപോലെയായിരുന്നു ഇന്നലെ അഹമ്മദാബാദ് സ്റ്റേഡിയം. 44,000 പേരെ ഉൾക്കൊള്ളാവുന്ന സ്റ്റേഡിയത്തിൽ എത്തിയത് അഞ്ഞൂറിൽ താഴെ കാണികൾ. ആരവങ്ങളില്ലാതെ പോയ ഗാലറിക്കു പക്ഷേ ഇന്ത്യൻ പേസർമാരുടെ ആക്രമണവീര്യത്തെ തണുപ്പിക്കാനായില്ല. മുഹമ്മദ് സിറാജും ജസ്പ്രീത് ബുമ്രയും ഇരട്ടക്കുഴൽ തോക്കിന്റെ സംഹാരശേഷിയോടെ ആഞ്ഞടിച്ചപ്പോൾ വിൻഡീസ് ബാറ്റർ വന്നതുപോലെ തിരിച്ചുപോയി. 2 മാസം മുൻപ് ലണ്ടനിൽ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ചരിത്രം വിജയം സമ്മാനിച്ച മുഹമ്മദ് സിറാജാണ് അതിനുശേഷമുള്ള ആദ്യ ടെസ്റ്റിലും ഇന്ത്യൻ ബോളിങ്ങിനെ നയിച്ചത്. നാലാം ഓവറിൽ ഓപ്പണർ ടി.ചന്ദർപോളിനെ (0) സിറാജ് പുറത്താക്കിയതോടെ വിൻഡീസിന്റെ വീഴ്ച തുടങ്ങി. ആദ്യ 12 ഓവറിൽ വെറും 42 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ അവരുടെ 4 ബാറ്റർമാർ ഡ്രസിങ് റൂമിൽ തിരിച്ചെത്തി. അതിൽ 3 പേരെയും മടക്കിയത് സിറാജാണ്.
വിക്കറ്റ് കീപ്പർ ഷായ് ഹോപ്പും (26) ക്യാപ്റ്റൻ റോസ്റ്റൻ ചേസും (24) ചേർന്ന് അഞ്ചാം വിക്കറ്റിൽ ചെറുത്തുനിൽപ്പിന് ശ്രമിച്ചെങ്കിലും ഹോപ്പിനെ ബോൾഡാക്കിയ കുൽദീപ് യാദവ് ആ കൂട്ടുകെട്ട് പൊളിച്ചു. ടോപ് സ്കോറർ ജസ്റ്റിൻ ഗ്രീവ്സ് (32) ബുമ്രയ്ക്കു മുൻപിലും വീണതോടെ സന്ദർശകരുടെ പ്രതീക്ഷകളെല്ലാം അസ്തമിച്ചു. വെറും 2 സെഷന്റെ മാത്രം ദൈർഘ്യമുണ്ടായിരുന്ന വെസ്റ്റിൻഡീസിന്റെ ഇന്നിങ്സ് 44.1 ഓവറിൽ ഇന്ത്യ ‘ക്ലോസ്’ ചെയ്തു. കുൽദീപ് യാദവ് 2 വിക്കറ്റും വാഷിങ്ടൻ സുന്ദർ ഒരു വിക്കറ്റും നേടി.
കരുതലോടെ ഇന്ത്യ
ബാറ്റിങ്ങിൽ കൂട്ടത്തകർച്ച നേരിട്ട വിൻഡീസിന്റെ മുറിവിൽ മുളക് പുരട്ടുന്നതായിരുന്നു ഇന്ത്യയുടെ മറുപടി ബാറ്റിങ്. പതിവ് ആക്രമണ ശൈലി ഉപേക്ഷിച്ച് കരുതലോടെ ബാറ്റു ചെയ്ത യശസ്വി ജയ്സ്വാൾ, കെ.എൽ.രാഹുലിനൊപ്പം ചേർന്ന് വിൻഡീസ് പേസർമാർക്കു മുൻപിൽ പ്രതിരോധം തീർത്തു. ആദ്യ 36 പന്തിൽ 4 റൺസുമായി തുടങ്ങിയ ജയ്സ്വാൾ തുടർന്ന് ആക്രമണത്തിലേക്ക് തിരിഞ്ഞു. അടുത്ത 18 പന്തിൽ 32 റൺസ് നേടിയ താരം, ജെയ്ഡൻ സെയിൽസിന്റെ പന്തിൽ വിക്കറ്റ് കീപ്പർക്കു ക്യാച്ച് നൽകി പുറത്തായി (36). വൺഡൗണായി എത്തിയ സായ് സുദർശന് (7) നിലയുറപ്പിക്കാനായില്ല. എന്നാൽ മൂന്നാം വിക്കറ്റിൽ 31 റൺസ് നേടിയ രാഹുൽ– ഗിൽ കൂട്ടുകെട്ട് മറ്റു പരുക്കുകളില്ലാതെ ഒന്നാംദിനം അവസാനിപ്പിച്ചു. ടെസ്റ്റിൽ 20–ാം അർധ സെഞ്ചറിയാണ് രാഹുൽ ഇന്നലെ നേടിയത്.
English Summary:








English (US) ·