Published: December 04, 2025 10:24 AM IST
2 minute Read
-
എയ്ഡൻ മാർക്രം (110) പ്ലെയർ ഓഫ് ദ് മാച്ച് ; വിരാട് കോലിയുടെയും ഋതുരാജ് ഗെയ്ക്‌വാദിന്റെയും സെഞ്ചറി വിഫലം
റായ്പുർ ∙ ഏകദിന ക്രിക്കറ്റിലെ 53–ാം സെഞ്ചറിയും കരിയറിലെ 84–ാം സെഞ്ചറിയുമായി വിരാട് കോലിയും (102) ഏകദിന കരിയറിലെ കന്നി സെഞ്ചറിയുമായി ഋതുരാജ് ഗെയ്ക്‌വാദും (105) കളംനിറഞ്ഞിട്ടും ഇന്ത്യൻ കപ്പൽ വിജയതീരത്തടുപ്പിക്കാൻ ബോളർമാർക്ക് സാധിച്ചില്ല. ഇന്ത്യയുടെ ‘ഇരട്ട സെഞ്ചറിക്ക്’ എയ്ഡൻ മാർക്രത്തിന്റെ (110) സെഞ്ചറിക്കരുത്തിലൂടെ മറുപടി നൽകിയ ദക്ഷിണാഫ്രിക്ക, രണ്ടാം ഏകദിനത്തിൽ 4 വിക്കറ്റിന്റെ ആവേശജയം പിടിച്ചെടുത്തു. ജയത്തോടെ 3 മത്സര പരമ്പരയിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയ്ക്ക് ഒപ്പമെത്തി (1–1). സ്കോർ: ഇന്ത്യ 50 ഓവറിൽ 5ന് 358. ദക്ഷിണാഫ്രിക്ക 49.2 ഓവറിൽ 6ന് 362. 6ന് വിശാഖപട്ടണത്താണ് അവസാന മത്സരം.
മാർക്രത്തിന്റെ തിരിച്ചടി359 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണർ ക്വിന്റൻ ഡികോക്കിനെ (8) നഷ്ടമായി. രണ്ടാം വിക്കറ്റിൽ ടെംബ ബവൂമയെ (46) കൂട്ടുപിടിച്ച് എയ്ഡൻ മാർക്രം നടത്തിയ തിരിച്ചടിയാണ് സന്ദർശകരുടെ തിരിച്ചുവരവിന് കളം ഒരുക്കിയത്. രണ്ടാം വിക്കറ്റിൽ 101 റൺസ് കൂട്ടിച്ചേർത്ത സഖ്യം ഭീഷണി ഉയർത്തിയെങ്കിലും ബവൂമയെ വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണ ഇന്ത്യയ്ക്കു പ്രതീക്ഷ നൽകി. അപ്പോഴും ഒരറ്റത്ത് തകർത്തടിച്ച മാർക്രം മൂന്നാം വിക്കറ്റിൽ മാത്യു ബ്രിറ്റ്സ്കിക്കൊപ്പം (68) 75 റൺസ് കൂട്ടിച്ചേർത്ത് ദക്ഷിണാഫ്രിക്കയുടെ റൺനിരക്ക് കുറയാതെ നോക്കി. മാർക്രത്തെ ഹർഷിത് റാണ പുറത്താക്കുമ്പോൾ 30 ഓവറിൽ 3ന് 197 എന്ന നിലയിലായിരുന്നു സന്ദർശകർ.
മാർക്രം വീണെങ്കിലും നാലാം വിക്കറ്റിൽ ഡിയേവാൾഡ് ബ്രെവിസിനൊപ്പം (54)– ബ്രിറ്റ്സ്കി പട നയിച്ചു. 63 പന്തിൽ 92 റൺസാണ് ഇരുവരും ചേർന്നു നേടിയത്. ബ്രെവിസിനെ വീഴ്ത്തിയ കുൽദീപ് യാദവാണ് ഇന്ത്യയ്ക്ക് വീണ്ടും പ്രതീക്ഷ സമ്മാനിച്ചത്. പിന്നാലെ ബ്രിറ്റ്സ്കിയെ പ്രസിദ്ധും പുറത്താക്കി. വൈകാതെ മാർക്കോ യാൻസനെ (2) അർഷ്ദീപ് സിങ് മടക്കിയതോടെ ഇന്ത്യൻ ക്യാംപ് ആവേശത്തിലായി. ഇതിനിടെ ടോണി ഡി സോർസി (17) പരുക്കു മൂലം ഗ്രൗണ്ടിൽ നിന്നു മടങ്ങിയതും സന്ദർശകർക്ക് തിരിച്ചടിയായി. എന്നാൽ ഒരറ്റത്ത് ഉറച്ചുനിന്ന കോർബിൻ ബോഷ് (29 നോട്ടൗട്ട്) മറ്റു പരുക്കുകൾ ഇല്ലാതെ ദക്ഷിണാഫ്രിക്കയെ ജയത്തിൽ എത്തിച്ചു.
കോലി– ഋതുരാജ് ഷോരോഹിത്– കോലി വെടിക്കെട്ട് പ്രതീക്ഷിച്ച് റായ്പുരിൽ എത്തിയ ആരാധകർക്ക് വിരുന്നൊരുക്കിയത് കോലി– ഋതുരാജ് സഖ്യമായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് തുട ക്കത്തിൽ തന്നെ രോഹിത് ശർമയെയും (14) യശസ്വി ജയ്സ്വാളിനെയും (22) നഷ്ടപ്പെട്ടു. 10 ഓവറിൽ 2ന് 62 എന്ന നിലയിലേക്കു വീണ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത് കോലിയും ഋതുരാജും ചേർന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ്. മൂന്നാം വിക്കറ്റിൽ 156 പന്തിൽ 195 റൺസാണ് ഇരുവരും ചേർന്നു നേടിയത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണിത്. 83 പന്തിൽ 2 സിക്സും 12 ഫോറും അടങ്ങുന്നതാണ് ഋതുരാജിന്റെ ഇന്നിങ്സ്. 93 പന്തിൽ 2 സിക്സും 7 ഫോറുമടക്കമാണ് കോലി തന്റെ 53–ാം ഏകദിന സെഞ്ചറി പൂർത്തിയാക്കിയത്. ഇരുവരും മടങ്ങിയതിനു പിന്നാലെ ആക്രമണത്തിന്റെ ചുമതല ഏറ്റെടുത്ത ക്യാപ്റ്റൻ കെ.എൽ.രാഹുൽ അവസാന ഓവറുകളിൽ റൺ നിരക്ക് ഉയർത്തി. 43 പന്തി ൽ 2 സിക്സും 6 ഫോറുമടക്കം പുറത്താകാതെ 66 റൺസ് നേടിയ രാഹുലാണ് ടീം സ്കോർ 358ൽ എത്തിച്ചത്.
English Summary:








English (US) ·