ഇന്ത്യയുടെ ഗോൾഡൻ ഗേൾസ്! വനിതാ റിലേയില്‍ ആശ്വാസമായി ഒരു സ്വർണം

1 month ago 5

വിനോദ് ഗോപി

വിനോദ് ഗോപി

Published: September 30, 2026 02:51 PM IST

1 minute Read

വനിതകളുടെ 4x400 മീറ്റർ റിലേയിൽ സ്വർണം നേടിയ കിരൺ പഹൽ, പ്രാചി ചൗധരി, എം.ആർ. പൂവമ്മ, വിദ്യ രാംരാജ് എന്നിവർ. ചിത്രം∙ അബു ഹാഷിം/മനോരമ.
വനിതകളുടെ 4x400 മീറ്റർ റിലേയിൽ സ്വർണം നേടിയ കിരൺ പഹൽ, പ്രാചി ചൗധരി, എം.ആർ. പൂവമ്മ, വിദ്യ രാംരാജ് എന്നിവർ. ചിത്രം∙ അബു ഹാഷിം/മനോരമ.

ഇന്ത്യൻ ആരാധകരുടെ പ്രാർഥന ഫലിച്ചു; ഏഷ്യൻ ഗെയിംസ് അത്‌‌ലറ്റിക്സിൽ ഇന്ത്യയ്ക്ക് ആശ്വാസ സ്വർണം. വനിതകളുടെ 4x400 മീറ്റർ റിലേയിൽ കിരൺ പഹൽ, എം.ആർ.പൂവമ്മ, പ്രാചി ചൗധരി, വിദ്യ രാംരാജ് എന്നിവരുൾപ്പെട്ട ടീമാണു സ്വർണം നേടിയത് (3:26.69 മിനിറ്റ്). അത്‌ലറ്റിക്സിൽ സ്വർണമില്ലാതെ മടങ്ങേണ്ടി വരുമായിരുന്ന നാണക്കേടിൽനിന്നുകൂടിയാണ് ഇന്ത്യ രക്ഷപ്പെട്ടത്.

ഇതുൾപ്പെടെ 8 മെഡലുകളാണ് (2 സ്വർണം, ഒരു വെള്ളി, 5 വെങ്കലം) ഇന്നലെ ഇന്ത്യയുടെ നേട്ടം. ഷൂട്ടിങ്ങിൽ വനിതകളുടെ വ്യക്തിഗത ട്രാപ് ഇനത്തിൽ ഇന്ത്യൻ താരം നീരു ദണ്ഡ ഏഷ്യൻ റെക്കോർഡോടെ സ്വർണം നേടി (28 പോയിന്റ്). ട്രാപ് ഇനത്തിൽ ഇന്ത്യൻ വനിതയുടെ ആദ്യ സ്വർണനേട്ടം. വനിതകളുടെ ട്രാപ് ടീമിനത്തിൽ നീരുവും ആഷിമ അഹ്‌ലാവത്ത്, മനിഷ കീർ എന്നിവരും ഉൾപ്പെട്ട ടീം വെള്ളിയും (328 പോയിന്റ്) നേടി.

പുരുഷ 5000 മീറ്ററിൽ ഗുൽവീർ സിങ് (13:32.75 മിനിറ്റ്), വനിതാ ഹൈജംപിൽ പൂജ സിങ് (1.84 മീറ്റർ), പുരുഷ ബോക്സിങ്ങിൽ നരേന്ദ്ര ബേർവാൽ (90+ വിഭാഗം) എന്നിവർ വെങ്കലം നേടി. 4x400 മീറ്റർ പുരുഷ റിലേ ടീമും വെങ്കലത്തിലെത്തി (3:01.61 മിനിറ്റ്). മലയാളി താരം ടി.എസ്.മനു, ധരംവീർ ചൗധരി, ജയ് കുമാർ, ടി.കെ.വിശാൽ എന്നിവർ ബാറ്റൺ പിടിച്ചു. ഗുരീന്ദർവീർ സിങ്, എസ്.എസ്.സ്നേഹ, അനിമേഷ് കുജൂർ, ഹരിത ഭദ്ര എന്നിവരുൾപെട്ട 4x100 മീറ്റർ മിക്‌സ്‌ഡ് റിലേ ടീമും (41.06 സെക്കൻഡ്) വെങ്കലം നേടി.

മനുവിന്റെ മെഡൽ നേട്ടം ‌ ആഘോഷിച്ച് വീടും നാടും

ഏഷ്യൻ ഗെയിംസിൽ ടി.എസ്.മനുവിന്റെ രണ്ടാം മെഡൽ നേട്ടം ആഘോഷിച്ച് വീട്ടുകാരും നാട്ടുകാരും. ഇന്നലെ നടന്ന 4x400 മീറ്റർ പുരുഷ റിലേയിൽ മനു അടങ്ങിയ ഇന്ത്യൻ ടീം വെങ്കലം നേടിയതോടെ വീട്ടിലും നാട്ടിലും സന്തോഷത്തിന്റെ പൂത്തിരിവിരിഞ്ഞു. ദിവസങ്ങൾക്ക് മുൻപ് മിക്‌സ്‍ഡ് റിലേയിൽ മനു വെള്ളി നേടിയിരുന്നു. ഇന്നലെയും കാക്കവയൽ തെനേരിയിലെ തെക്കിനാലിലെ വീട്ടിൽ അച്ഛനും അമ്മയുമടക്കമുള്ള കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്നാണ് മത്സരം കണ്ടത്. സ്വർണം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. നേട്ടം വെങ്കലത്തിൽ ഒതുങ്ങിയെങ്കിലും വീട്ടുകാർ ആഘോഷം കുറച്ചില്ല. പ്രദേശവാസികളും ജനപ്രതിനിധികളും വീട്ടിലെത്തി ആശംസകൾ അറിയിച്ചു. അച്ഛൻ ടി.പി.സജിയും അമ്മ ഷീജ സജിയും സഹോദരൻ ടി.എസ്.ജിനുവും മുത്തശ്ശി അച്ചാമ്മയുമാണ് മനുവിന്റെ വീട്ടിലുണ്ടായിരുന്നു.

ആവേശ റിലേ; സ്റ്റാറായി വിദ്യ

വനിതാ 4x400 മീറ്റർ റിലേയിൽ ഒന്നാം ലാപ്പോടിയതു കിരൺ പഹൽ. ഒന്നാമത് ഓടിയെത്തി രണ്ടാം ലാപ്പിൽ ബാറ്റൺ, ചാലക്കുടിക്കാരൻ ജിതിൻ പോളിന്റെ ഭാര്യയായ പൂവമ്മയ്ക്ക്. ബാറ്റൺ വാങ്ങിയ പൂവമ്മ രണ്ടാമത് ഓടിയെത്തി, മൂന്നാം ലാപ്പിലേക്കു പ്രാചിക്കു ബാറ്റൺ കൈമാറി. ലീഡ് നിലനിർത്തിയ പ്രാചി രണ്ടാമതായിത്തന്നെ, അവസാന ലാപ്പോടുന്ന വിദ്യ രാംരാജിനു ബാറ്റൺ കൈമാറി. അപ്പോൾ മുന്നിലോടിയിരുന്നത്, 3 ദിവസം മുൻപ് 400 മീറ്ററിൽ ഏഷ്യൻ ഗെയിംസ് റെക്കോർഡ് തകർത്ത ബഹ്റൈന്റെ സൂപ്പർ സ്റ്റാർ സൽവ നാസർ. ബുള്ളറ്റ് ട്രെയിൻപോലെ വിദ്യ കുതിക്കുന്നതാണു പിന്നെ കണ്ടത്. സൽവയെ മറികടന്നു വിദ്യ കുതിക്കുമ്പോൾ ഗാലറിയിൽ ആവേശത്തിരയിളക്കം. 3:26.69 മിനിറ്റിൽ വിദ്യ ഫിനിഷ് ലൈൻ തൊടുമ്പോൾ സഹതാരങ്ങൾക്ക് ആനന്ദക്കണ്ണീർ. ബഹ്റൈന് വെള്ളി. ചൈനയ്ക്കു വെങ്കലം.

English Summary:

Asian Games 2023 saw a triumphant infinitesimal for India arsenic the women's 4x400m relay squad clinched a golden medal, averting a medal-less instrumentality from athletics. Neeraj Dhanda besides secured a golden successful trap shooting with an Asian record, marking a important accomplishment for Indian women successful the sport.

Read Entire Article