Published: October 04, 2025 11:13 AM IST
1 minute Read
ലഹോർ∙ ഏഷ്യാകപ്പിലെ ട്രോഫി വിവാദങ്ങൾ തുടരുന്നതിനിടെ, ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിൽ തലവനും പാക്കിസ്ഥാൻ മന്ത്രിയുമായ മൊഹ്സിൻ നഖ്‍വിയെ ആദരിക്കാൻ തീരുമാനം. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തലവൻ കൂടിയായ നഖ്‍വിക്ക് ‘ഷഹീദ് സുൽഫിക്കർ അലി ഭൂട്ടോ എക്സലൻസ്’ ഗോൾഡ് മെഡലാണ് സമ്മാനിക്കുക. ഏഷ്യാകപ്പ് ഫൈനലിലെ ട്രോഫി വിവാദത്തിൽ ‘തത്വാധിഷ്ഠിതവും ധീരവുമായ നിലപാട്’ എടുത്തതിന്റെ പേരിലാണ് പുരസ്കാരം നൽകുന്നതെന്നാണ് സംഘാടകരുടെ പ്രതികരണം.
നഖ്‍വിയുടെ നടപടികൾ പാക്കിസ്ഥാന്റെ അഭിമാനം ഉയർത്തിയതായി സിന്ധ്, കറാച്ചി ബാസ്കറ്റ് ബോൾ അസോസിയേഷൻ പ്രസിഡന്റ് ഗുലാം അബ്ബാസ് ജമാൽ ഒരു പാക്കിസ്ഥാനി മാധ്യമത്തോടു പ്രതികരിച്ചു. കറാച്ചിയിൽ നടക്കുന്ന ചടങ്ങിൽ പാക്കിസ്ഥാൻ മുൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരി മുഖ്യാതിഥിയാകുമെന്നാണു വിവരം. ഏഷ്യാകപ്പ് ഫൈനലിൽ പാക്കിസ്ഥാനെ തകർത്തെറിഞ്ഞ് വിജയം നേടിയ ഇന്ത്യയ്ക്ക് ട്രോഫി നൽകാൻ നഖ്‍വി തയാറായിരുന്നില്ല.
ഇന്ത്യ വിജയിച്ചതിനു പിന്നാലെ നഖ്‍വി, ട്രോഫിയുമായി സ്റ്റേഡിയം വിടുകയായിരുന്നു. പാക്കിസ്ഥാൻ മന്ത്രിയിൽനിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന് ഇന്ത്യൻ ടീം നിലപാടെടുത്തതോടെയാണ് നഖ്‍വി നാടകീയ നീക്കം നടത്തിയത്. തുടര്‍ന്ന് ട്രോഫി സ്വീകരിക്കാതെ ഇന്ത്യൻ ടീം യുഎഇയിൽനിന്നു മടങ്ങി. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗത്തിൽ നഖ്‍വിക്കെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്.
ബിസിസിഐയ്ക്കു പുറമേ, മറ്റു രാജ്യങ്ങളുടെ പ്രതിനിധികളും നഖ്‍വിക്കെതിരെ രംഗത്തെത്തി. എന്നാൽ ഇന്ത്യയോടു മാപ്പു പറയാൻ നഖ്‍വി തയാറായില്ല. ഇന്ത്യയ്ക്കു ട്രോഫി വേണമെങ്കിൽ എസിസി ഒഫിസിലെത്തി സ്വീകരിക്കണമെന്നാണ് നഖ്‍വിയുടെ നിലപാട്. ബിസിസിഐ ഇത് അംഗീകരിക്കാൻ സാധ്യതയില്ല. ഇതോടെ ട്രോഫി വിവാദം രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിലും ചർച്ചയാകും.
English Summary:








English (US) ·