Published: August 04 , 2025 10:53 AM IST
1 minute Read
ലഹോർ∙ ലെജൻഡ്സ് ലോക ചാംപ്യൻഷിപ്പിൽ (ഡബ്ല്യുസിഎൽ) നിന്നു പിൻവാങ്ങുന്നതായും അടുത്ത വർഷം മുതൽ ഇത്തരം ടൂർണമെന്റുകളിൽ പങ്കെടുക്കില്ലെന്നും വ്യക്തമാക്കി പാക്ക് ക്രിക്കറ്റ് ബോർഡ് (പിസിബി). ഇത്തവണത്തെ ഡബ്ല്യുസിഎൽ ടൂർണമെന്റിൽ പാക്കിസ്ഥാനെതിരായ ഗ്രൂപ്പ് മത്സരത്തിൽ നിന്നും സെമിഫൈനലിൽ നിന്നും ഇന്ത്യൻ ടീം പിൻമാറിയിരുന്നു. ഇത് ക്രിക്കറ്റിന്റെ മാന്യതയ്ക്കു നിരക്കുന്നതല്ലെന്നും ടൂർണമെന്റ് അധികൃതർ ഇന്ത്യയുടെ പക്ഷം പിടിച്ചെന്നും ആരോപിച്ചാണ് ടൂർണമെന്റിൽ ഇനി പങ്കെടുക്കേണ്ടെന്ന് പാക്കിസ്ഥാൻ തീരുമാനിച്ചത്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ ടീം പിന്മാറിയത്.
വിരമിച്ച ക്രിക്കറ്റ് താരങ്ങൾ പങ്കെടുത്ത ലെജൻഡ്സ് ലോക ചാംപ്യൻഷിപ്പിൽ (ഡബ്ല്യുസിഎൽ) ദക്ഷിണാഫ്രിക്ക വിജയിച്ചതിനു പിന്നാലെയാണ് പാക്ക് ക്രിക്കറ്റ് ബോർഡിന്റെ തീരുമാനം. ഫൈനലിൽ പാക്കിസ്ഥാനെ 9 വിക്കറ്റിനു തകർത്താണ് ദക്ഷിണാഫ്രിക്ക ചാംപ്യൻമാരായത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്ക 16.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
60 പന്തിൽ പുറത്താകാതെ 120 റൺസ് നേടിയ എബി ഡിവില്ലിയേഴ്സിന്റെ ഇന്നിങ്സാണ് ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ ജയമൊരുക്കിയത്. ടൂർണമെന്റിൽ ഡിവില്ലിയേഴ്സിന്റെ മൂന്നാം സെഞ്ചറിയാണിത്. ഡിവില്ലിയേഴ്സ് തന്നെയാണ് ഫൈനലിലെയും ടൂർണമെന്റിലെയും താരം. ഇന്ത്യ പിന്മാറിയതോടെയാണ് പാക്കിസ്ഥാൻ ഫൈനലിനു നേരിട്ടു യോഗ്യത നേടിയത്.
English Summary:








English (US) ·