12 March 2025, 07:58 PM IST

സയ്യിദ് ആബിദ് അലി | Photo: Facebook/ NACL/ Mathrubhumi Archives
കാലിഫോര്‍ണിയ: ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ്താരം സയ്യിദ് ആബിദ് അലി അന്തരിച്ചു. കാലിഫോര്‍ണിയയിലെ ട്രസിയിലെ വീട്ടിലായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ ബന്ധുവായ റേസാ ഖാന്‍ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് വിവരം പങ്കുവെച്ചത്. ഓള്‍റൗണ്ടറായ സയ്യിദ് ആബിദ് അലി 1967 ഡിസംബര്‍ മുതല്‍ 1974 ഡിസംബര്‍ വരെ ഇന്ത്യക്കായി 29 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. ഹൈദരാബാദില്‍ ജനിച്ച അദ്ദേഹം മീഡിയം പേസ് ബൗളറും ലോവര്‍-ഓര്‍ഡര്‍ ബാറ്ററുമായിരുന്നു.
1967 ഡിസംബര്‍ 23-ന് ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ടെസ്റ്റില്‍ അരങ്ങേറിയത്. 1974 ഡിസംബര്‍ 15-ന് വെസ്റ്റിന്‍ഡീസിനെതിരെ അവസാന ടെസ്റ്റ് മത്സരവും കളിച്ചു. 29 ടെസ്റ്റുകളില്‍ നിന്ന് 20.36 ശരാശരിയില്‍ 1018 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ ആറ് അര്‍ധസെഞ്ചുറികളും ഉള്‍പ്പെടുന്നു. 81 റണ്‍സാണ് ഏറ്റവുമുയര്‍ന്ന സ്‌കോര്‍. 47 വിക്കറ്റുകളും വീഴ്ത്തി. 55 റണ്‍സ് വഴങ്ങി ആറ് ആറ് വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം.
അഞ്ച് ഏകദിനങ്ങളിലും ഇന്ത്യക്കായി കളിച്ചു. 93 റണ്‍സ് നേടി. ഏകദിനത്തില്‍ 70 റണ്‍സാണ് ഏറ്റവുമുയര്‍ന്ന സ്‌കോര്‍. 26.71 ശരാശരിയില്‍ ഏഴ് വിക്കറ്റുകളും നേടി.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 212 മത്സരങ്ങള്‍ കളിച്ചു. രഞ്ജി ട്രോഫിയില്‍ ഹൈദരാബാദിനായാണ് കൂടുതലും കളിച്ചത്. 13 സെഞ്ചുറികളും 31 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെ 8732 റണ്‍സ് നേടി. പുറത്താകാതെ നേടിയ 173 റണ്‍സാണ് ഫസ്റ്റ് ക്ലാസിലെ ഏറ്റവുമയര്‍ന്ന സ്‌കോര്‍. 212 മത്സരങ്ങളില്‍നിന്ന് 397 വിക്കറ്റും നേടി. 14 തവണ ഒരു ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് പ്രകടനം കാഴ്ച്ചവെച്ചു. ലിസ്റ്റ് എ മത്സരത്തില്‍ നിന്ന് 169 റണ്‍സും 19 വിക്കറ്റുകളും അക്കൗണ്ടിലെത്തിച്ചിട്ടുണ്ട്,.
ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം അമേരിക്കയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. കാലിഫോര്‍ണിയയില്‍ സ്വന്തമായി വീടുണ്ടാക്കുകയും ചെയ്തു. കാലിഫോര്‍ണിയയിലെ ക്രിക്കറ്റ് വളര്‍ച്ചയ്ക്ക് സയ്യിദ് ആബിദ് അലി വലിയ പങ്കുവഹിച്ചിരുന്നുവെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ റേസാ ഖാന്‍ പറയുന്നു. നോര്‍ത്തേണ്‍ കാലിഫോര്‍ണിയ ക്രിക്കറ്റ് അസോസിയേഷന്റെ കീഴില്‍ നോര്‍ത്ത് അമേരിക്ക ക്രിക്കറ്റ് ലീഗ് വളര്‍ത്തിയെടുത്തതില്‍ ആബിദ് അലിയുടെ ഇടപെടലുകള്‍ നിര്‍ണായകമായിരുന്നുവെന്നും റേസാ ഖാന്‍ വ്യക്തമാക്കുന്നു.
Content Highlights: erstwhile india each rounder syed abid ali passes away








English (US) ·